കൊച്ചി: മലയാള സിനിമയിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഇടപെട്ട് സർക്കാർ. സിനിമ സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും വിലക്കിയ ഫെഫ്ക തീരുമാനത്തെ പിന്തുണയ്ച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിനിമ മേഖലയിലെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുയർന്ന പരാതികൾ സ്ഥിരീകരിച്ചുകൊണ്ടായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

സിനിമ മേഖല ഒരു വ്യവസായമാണ്, അവിടെ നിലനിൽക്കുന്ന വിവിധ സാഹചര്യങ്ങൾ പരിശോധിച്ചാണ് സംഘടനകൾ അത്തരം ഒരു നടപടി സ്വീകരിച്ചത്. രണ്ട് പേരെ വിലക്കിയ നടപടിയിൽ സംഘടനകൾക്ക് ഒപ്പം നിൽക്കുന്നു. വിലക്ക് നേരിട്ട താരങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാകണം. ജോലിയിൽ മാന്യത പുലർത്തിയാൽ മാത്രമേ വ്യവസായത്തിന് നിലനിൽപ്പുണ്ടാകു എന്ന് തിരിച്ചറിഞ്ഞാണ് സംഘടനകൾ നടപടികൾക്ക് മുതിർന്നത്. യുവതാരങ്ങൾക്കിടയിൽ പലരും മോശപ്പെട്ട പ്രവണതകൾ കുടുന്നതായി ആക്ഷേപമുണ്ട്. മയക്ക് മരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രേഖാമൂലം പരാതി ലഭിക്കുന്ന നിലയുണ്ടായാൽ സർക്കാർ കാര്യക്ഷമായി ഇടപെടുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

സിനിമ മേഖല സ്ത്രീകൾ ഉൾപ്പെടെ വലിയതോതിൽ തൊഴിലെടുക്കുന്ന വലിയൊരു വ്യവസായ രംഗമാണ്. അവിടെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച അംഗീകരിക്കാൻ സർക്കാരിനാവില്ല. തെറ്റായ രീതികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം ഉൾപ്പെടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന വിവിധ സംഘടനകളുടെ യോഗം പരിഗണിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ നടപടി. സിനിമ മേഖലയിലെ വിവിധ സംഘനകളെ സംയോജിപ്പിച്ച് കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ട്, ഇതിനായി സർക്കാർ മുൻ കയ്യെടുത്ത് കോൺക്ലേവ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ലഹരിക്ക് എതിരെ സർക്കാർ തലത്തിൽ വലിയ ബോധവത്കരണ നടപടികൾ നടക്കുന്ന സമയമാണ്. യുവനടന്മാരുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ തെറ്റ് തിരുത്തി അവർ തന്നെ മുന്നോട്ട് വരണം. അത്തരം നടപടികൾ ഉണ്ടായാൽ അതിന്റെ ഗുണം താരങ്ങൾക്ക് തന്നെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താരസംഘടനയായ അമ്മയുടെ പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിൽ ആയിരുന്നു സെറ്റിൽ പ്രശ്നമുണ്ടാക്കുന്ന താരങ്ങളെ ഇനിയും സഹിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഫെഫ്ക രണ്ട് യുവതാരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുമായി സഹരിക്കേണ്ടെന്നും യോഗത്തിൽ ധാരണയായി. നഷ്ടപരിഹാരം ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളിൽ നിന്ന് ഈടാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി . നിർമ്മാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചിരുന്നു.

ഷെയ്ൻ നിഗം പുതിയ സിനിമയുടെ ഷൂട്ടിങ് പകുതിയിലെത്തിയപ്പോൾ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും തനിക്ക് കൂടുതൽ പ്രാധാന്യം വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകൾ ഉൾപ്പെടെ പരാതിലഭിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസി ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നൽകുകയാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാർ തന്നെ കുരുക്കാനാണെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീനാഥ് ഭാസി സമയത്തിന് ഷൂട്ടിങ് സെറ്റിലെത്തില്ല, വിളിച്ചാൽ ഫോണെടുക്കുകയില്ല. ശ്രീനാഥ് ഏതെല്ലാം സിനിമകൾക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

സെറ്റിൽ വൈകിവരുന്നതുൾപ്പെടെയുള്ള സമീപനംമൂലം നിർമ്മാതാവിനുണ്ടാകുന്ന നഷ്ടം അഭിനേതാക്കളിൽനിന്ന് ഈടാക്കാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ മറ്റുസംഘടനകളും പിന്തുണയ്ക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകൾ സർക്കാരിന് നൽകും. താരങ്ങൾക്കെതിരേ ലഭിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

'വെയിൽ' സിനിമയുടെ ചിത്രീകരണസമയത്തുണ്ടായ വിവാദങ്ങൾക്കുശേഷമാണ് ഷെയ്ൻ നിഗം അമ്മയിൽ അംഗമായത്. ശ്രീനാഥ് ഭാസി ഇപ്പോഴും അംഗമല്ല. അംഗമല്ലാത്തവരുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് സംഘടനയിലുള്ള മുഴുവൻ പേരും പഴികേൾക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'അമ്മ'യിൽ അംഗമല്ലാത്തവരെവെച്ച് സിനിമചെയ്യുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങൾക്ക് അതിന്റെ നിർമ്മാതാവ് മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.