തൃശൂര്‍: കലാമണ്ഡലത്തില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കലാമണ്ഡലം ചാന്‍സിലര്‍ മല്ലിക സാരാഭായിയുടെ പ്രസ്താവന തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അങ്ങേയറ്റം അടിസ്ഥാനരഹിതമായ കാര്യമാണ് മല്ലിക സാരാഭായിയുടേത് എന്നായിരുന്നു സജി ചെറിയാന്റെ മറുപടി. കലാമണ്ഡലത്തില്‍ ഡാന്‍സും പാട്ടും ആണ് നടക്കുന്നതെന്നും, അവിടെ എന്തിനാണ് ഇ-മെയിലെന്നും സജി ചെറിയാന്‍ ചോദിച്ചു.

കലാമണ്ഡലത്തില്‍ പഠിച്ച ആളുകളെ തന്നെയാണ് താത്ക്കാലിക അധ്യാപകരായി നിയമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒരു രാഷ്ട്രീയ നിയമനങ്ങളും കലാമണ്ഡലത്തില്‍ നടത്തിയിട്ടില്ല മന്ത്രി എന്നുള്ള നിലയില്‍ അത് തനിക്ക് പറയാനാകും. എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് എന്നറിയില്ല, അവര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ ആകില്ല. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അത് പരിശോധിച്ചു നടപടി സ്വീകരിക്കുകയാണ് ചാന്‍സിലര്‍ എന്ന നിലയില്‍ അവര്‍ ചെയ്യേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു.

'കലാമണ്ഡലത്തിന്റെ വികസനത്തില്‍ ഈ ഗവണ്‍മെന്റ് ഒരുപാട് കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് നടപടി സ്വീകരിക്കാം. പൂര്‍ണ അധികാരം ചാന്‍സിലര്‍ എന്ന നിലയില്‍ അവര്‍ക്കുണ്ട്. അവിടെ സര്‍വേകളുടേയും യൂണിവേഴ്‌സിറ്റി ആക്കി മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മാന്യവും മാതൃകാപരവുമായ ഇടപെടലുകളാണ് കലാമണ്ഡലത്തില്‍ നടക്കുന്നത്,' സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും അത് മൂലം കലാമാണ്ഡലം പ്രതിസന്ധിയിലാണെന്നുമായിരുന്നു മല്ലികാ സാരാഭായിയുടെ പ്രസ്താവന. പാര്‍ട്ടി നിയമനം കലാമണ്ഡലത്തിന്റെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇ-മെയില്‍ അയക്കാന്‍ പോലും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവരാണ് ജീവനക്കാര്‍ എന്നും മല്ലികാ സാരാഭായി കുറ്റപ്പെടുത്തി.

പരിശീലനം നല്‍കിയ പുതിയ ആളുകളെ കൊണ്ടുവരുന്നതിന് പകരം പരിശീലനം നല്‍കാത്തവരെയാണ് കലാമണ്ഡലത്തില്‍ ഉദ്യോഗാര്‍ഥികളായി നിയമിക്കുന്നത്. അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതാണ് അവരെ കൊണ്ട് ചെയ്യാന്‍ സാധിക്കാത്തതാണ് ചെയ്യിക്കുന്നത്. ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്.

ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനവും കമ്പ്യൂട്ടര്‍ വൈദഗ്ദ്യവും അക്കൗണ്ടിങ് സ്‌കില്ലുമുള്ള ഉദ്യോഗാര്‍ഥികളെയാണ് ആവശ്യം. ഇതാണ് പ്രധാനമായും പ്രതിസന്ധിയാകുന്നതെന്നും മല്ലികാ സാരാഭായി പറഞ്ഞു. ഒട്ടും മാറാന്‍ തയ്യാറാകാത്ത അധ്യാപകരും കലാമണ്ഡലത്തെ പിന്നോട്ട് വലിക്കുന്നതിന് കാരണമാകുന്നുവെന്ന് മല്ലികാ സാരാഭായ് പറഞ്ഞു. ലോകം മാറുമ്പോഴും അവര്‍ മാറാന്‍ തയ്യാറല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മല്ലികയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണനും രംഗത്തെത്തിയിരുന്നു. കലാമണ്ഡലം ലോകത്തിലെ തന്നെ ഏറ്റവും നല്ല കലാസ്ഥാപനമാണ്. കലാമണ്ഡലത്തിലെ നിയമനങ്ങള്‍ നടന്നത് സുതാര്യമായി. നിയമനങ്ങളില്‍ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ല എന്ന് തന്റെ രണ്ടുവര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് പറയാന്‍ കഴിയും. ഏറ്റവും മികച്ച രീതിയില്‍ കല കൈകാര്യം ചെയ്യുന്നവരാണ് കലാമണ്ഡലത്തിലെ അധ്യാപകരെന്നും വൈസ് ചാന്‍സലര്‍ വിശദീകരിച്ചിരുന്നു.