- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: പൊലീസിന്റെ റഫറൽ റിപ്പോർട്ടിന്മേൽ കോടതി നടപടി തുടങ്ങി; പരാതിക്കാരന് നോട്ടീസ് അയച്ചു; ഇനി ബൈജു നോയലിന് പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റ് നൽകാം; അവശേഷിക്കുന്നത് കോടതി നടപടി ക്രമങ്ങൾ മാത്രം
തിരുവല്ല: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ പൊലീസിന്റെ റഫറൽ റിപ്പോർട്ടിന്മേൽ കോടതി തുടർ നടപടി ആരംഭിച്ചു. പരാതിക്കാരനായ ബൈജു നോയലിന് ഇത് സംബന്ധിച്ച് കഴിഞ്ഞ നാലിന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി അഭിഭാഷകനായ ബൈജു 156(3) പ്രകാരം നൽകിയ പെറ്റിഷനിലാണ് കേസ് എടുത്ത് അന്വേഷിക്കാൻ കോടതി കീഴ്‌വായ്പൂർ പൊലീസിന് നിർദ്ദേശം നൽകിയത്.
ഇതിൻ പ്രകാരം 600/22 നമ്പരായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തറാണ് കേസ് അന്വേഷിച്ചത്. ഡിസംബർ എട്ടിനാണ് കേസ് നിലനിൽക്കില്ലെന്ന് കാട്ടി ഡിവൈ.എസ്‌പി കോടതിയിൽ റഫറൽ റിപ്പോർട്ട് നൽകിയത് 39 സാക്ഷികളെ കണ്ട് മൊഴിയെടുത്തുവെന്നും സജി ചെറിയാൻ ഭരണ ഘടനയെ അവഹേളിച്ചില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റഫറൽ റിപ്പോർട്ട് അംഗീകരിക്കുന്നതിന്റെ ഭാഗമായി കോടതി പരാതിക്കാരന് നോട്ടീസ് അയച്ചത്. പരാതിക്കാരന് റഫറൽ റിപ്പോർട്ടിന്മേൽ പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റ് നൽകാമെന്നതാണ് അടുത്ത നടപടി ക്രമം. അതിന് ശേഷം കോടതിയിൽ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കാം. സാക്ഷികളേയും ഹാജരാക്കാം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതി വിധി പറയുന്നതോടെയാണ് കേസ് അവസാനിക്കുക.
ഡിവൈ.എസ്‌പി എടുത്തത് സജി ചെറിയാൻ അനുകൂല മൊഴികൾ: പല പരാതികളിലും തുടർ നടപടിയില്ല
ഭരണഘടനാ വിരുദ്ധ കേസിൽ സജി ചെറിയാനെ സംരക്ഷിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് വഴിവിട്ട നീക്കം നടന്നുവെന്ന് വ്യക്തമാകുന്നതാണ് റഫറൽ റിപ്പോർട്ട്. 39 പേരെ നേരിൽ കണ്ട് അന്വേഷണം നടത്തിയതിൽ നിന്ന് സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയട്ടില്ലെന്ന് വ്യക്തമായെന്നാണ് ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തറുടെ റിപ്പോർട്ട്. ഈ 39 പേരും സജി ചെറിയാൻ അനുകൂലികളോ സിപിഎം പ്രവർത്തകരോ ആണെന്നാണ് ആക്ഷേപം. സജിക്കെതിരേ തെളിവ് സഹിതം ശക്തമായ പരാതി നൽകിയ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.
മല്ലപ്പള്ളിയിൽ നിന്നുള്ള അഭിഭാഷകൻ സജി ചെറിയാൻ, സിപിഎം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ് എന്നിവരെ പ്രതികളാക്കി കീഴ്‌വായ്പൂർ എസ്എച്ച്ഓയ്ക്ക് ജുലൈ ഏഴിന് പരാതി നൽകിയിരുന്നു. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം നടന്ന യോഗത്തിൽ അധ്യക്ഷനായിരുന്നു ബിനു വർഗീസ്. സജി നടത്തിയത് ഭരണ ഘടനയെ അപമാനിക്കുന്ന പ്രസംഗമാണെന്ന് വ്യക്തമായിട്ടും അധ്യക്ഷൻ എന്ന നിലയിലുള്ള അധികാരമുപയോഗിച്ചില്ലെന്നായിരുന്നു പരാതി. യോഗത്തിന്റെ സംഘാടകർ ആരും തന്നെ ഇത് യോഗത്തിന്റെ നിലപാടല്ലെന്ന് പറയാൻ തയാറായില്ലെന്നും പരാതിയിലുണ്ടായിരുന്നു.
ഈ അഭിഭാഷകന്റെ പരാതിയിൽ മൊഴിയെടുക്കാൻ പൊലീസ് തയാറായില്ല. ഇതേ പോലെ നിരവധി പരാതിക്കാരുണ്ട്. പൊലീസിന് നേരിട്ട് തെളിവു സമർപ്പിക്കാൻ തയാറായവരെയും പരിഗണിച്ചിട്ടില്ല. പൊലീസിനെ ഉപയോഗിച്ച് ഏകപക്ഷീയമായ രീതിയിൽ കേസ് അട്ടിമറിക്കുകയായിരുന്നു. സ്ഥലം മാറ്റത്തിന് തയ്യാറെടുത്തിരുന്ന തിരുവല്ല ഡിവൈ.എസ്‌പിയെ അവിടെ തന്നെ നിലനിർത്തിക്കൊണ്ടാണ് അട്ടിമറി നടത്തിയത്. സ്ഥലം മാറ്റം മരവിപ്പിച്ചതിനുള്ള പ്രത്യുപകാരമായിട്ടായിരുന്നു നിലനിർത്തൽ എന്നും പരാതിക്കാർ ആരോപിക്കുന്നു.