കൊച്ചി: സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ നടത്തുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുന്നത് വിശദ നിയമ പരിശോധനയ്ക്ക് ശേഷം. സജി ചെറിയാൻ അദ്ദേഹം നടത്തിയ ഒരു പ്രസംഗം വിവാദമായതിന്റെ പേരിൽ രാജി വെച്ച മന്ത്രിയാണ്. അദ്ദേഹത്തെ ആ പ്രസംഗത്തിന്റെ പേരിൽ നിയമസഭാംഗമായി തുടരുന്നതിന് അയോഗ്യത കൽപ്പിക്കണമെന്ന ഹർജി കോടതി തള്ളി. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. മുഖ്യമന്ത്രിയോട് ഇക്കാര്യത്തിൽ തന്റെ വിയോജിപ്പ് ഗവർണ്ണർ അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 164 അനുച്ഛേദപ്രകാരം മുഖ്യമന്ത്രിയുടെ ശുപാർശയിൽ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട ഉത്തരവാദിത്വം ഗവർണ്ണർക്കാണ്. നിയമസഭാ അംഗത്തിന് അയോഗ്യത കൽപ്പിച്ച് കൊണ്ട് ഒരു അധികാര സ്ഥാപനങ്ങളും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അനുച്ഛേദം 164 (1ബി) യിൽ പറയും പ്രകാരമുള്ള ഒരു അയോഗ്യതയും സജി ചെറിയാന് ഇല്ല . അത്തരം സാഹചര്യത്തിൽ സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഗവർണർക്ക് ഭരണഘടനാ ഉത്തരവാദിത്വം ഉണ്ട് . നിയമസഭാ അംഗം അല്ലാത്ത ഒരാളെയും മന്ത്രിയായി മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്യാം. മന്ത്രിയായി 6 മാസത്തിനകം നിയമസഭാംഗമായില്ലെങ്കിൽ അയോഗ്യനാവും എന്നാണ് അനുച്ഛേദം 164 (4) അനുശാസിക്കുന്നത്. ഭരണഘടനാ വ്യവസ്ഥകൾ മന്ത്രിസ്ഥാനത്തിൽ വ്യക്തതയുള്ളതാണ്. അതുകൊണ്ട് തന്നെ വിവാദ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെ മാറ്റി നിർത്താൻ കഴിയില്ലെന്നതായിരുന്നു വസ്തുത.

ഭൂരിപക്ഷമുള്ള കക്ഷി നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാനോ , മുഖ്യമന്ത്രിയുടെ ശുപാർശക്കനുസരിച്ച് മന്ത്രിമാരെ നിയമിക്കാനോ ഗവർണ്ണർക്ക് യാതൊരു വിധ വിവേചന അധികാരവും ഭരണഘടന നൽകുന്നില്ല. സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകണം. പല സംസ്ഥാനങ്ങളിലും ക്രിമിനൽ കേസ് പ്രതികൾ പോലും മന്ത്രിയാണ്. അതുകൊണ്ട് തന്നെ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് തടസ്സം നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചാലും സജി ചെറിയാനെ ന്യായീകരിക്കുന്നത് മാത്രമേ മറുപടിയായി കിട്ടൂ. ഈ സാഹചര്യത്തിലാണ് സർക്കാർ ആഗ്രഹിച്ചതു പോലെ സത്യപ്രതിജ്ഞാ വേദി ഗവർണ്ണർ ഒരുക്കുന്നത്.

മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് നടക്കും. സർക്കാറിന്റെ നിർദ്ദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താൻ രാജ്ഭവൻ അനുവാദം നൽകുകയായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാൻ തിരിച്ചെത്തുന്നതിൽ വിശദാംശങ്ങൾ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയാൽ മതിയെന്ന് നേരത്തെ ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. വിശദീകരണം ചോദിച്ച് സമയം കളയേണ്ടതില്ലെന്ന നിലപാടിലേക്ക് ഗവർണ്ണർ എത്തുകയും ചെയ്തു.

രാജ്ഭവനിലെ ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ. മന്ത്രിയുടെ പ്രസ്താവനയുടെ പേരിൽ അയോഗ്യനാക്കണമെന്ന പരാതിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിച്ചു, മറ്റ് കേസുകൾ രൂക്ഷമായിട്ടുള്ളതല്ല എന്നതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയിട്ടുള്ളത്. അറ്റോർണി ജനറൽ അടക്കമുള്ളവരുടെ നിയമോപദേശം ഗവർണർ തേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകുകയല്ലാതെ ഗവർണർക്ക് ഭരണഘടനാപരമായി മറ്റൊന്നും ചെയ്യാനില്ലെന്ന് ഉപദേശം ലഭിച്ചു.

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ കോടതി ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരികെയെത്തിക്കാൻ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ജൂലായ് മൂന്നിന് സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്ന ഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.

പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎ‍ൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോൾ വിമർശനാത്മകമായി ഭരണഘടനയെ പരാമർശിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്.