ഇടുക്കി: പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നു റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതര്‍ ഉറപ്പാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നടപ്പക്കാന്‍ പ്രത്യേക സംവിധാനം. പോലീസ് നിരീക്ഷണവും കര്‍ശനമക്കി. ഈ മേഖലയിലെ ചലനമെല്ലാം പരിശോധിക്കുന്നത് ഇനി ആരും അനധികൃത നിര്‍മ്മാണം നടത്താതിരിക്കാനാണ്. പരുന്തുംപാറയില്‍ വ്യാപകമായ രീതിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഇടുക്കി കലക്ടറുടെ നിരോധനാജ്ഞ മറികടന്ന് പരുന്തുംപാറയില്‍ ബഹുനില മന്ദിരത്തിനു മുന്നില്‍ കുരിശു പണിത ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിനെതിരെ(സജിത് ബ്രദര്‍) വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു. കുരിശ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് പൊളിച്ചുനീക്കിയിരുന്നു. 3.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മഞ്ചുമല വില്ലേജിലെ സര്‍വേ നമ്പര്‍ 441ല്‍ സജിത്ത് കൈവശപ്പെടുത്തിയെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കൈയ്യേറ്റം വാര്‍ത്തകളില്‍ വന്ന ശേഷമാണ് നിലപാട് ഹൈക്കോടതി കടുപ്പിച്ചത്. പരുന്തുംപാറയില്‍ ഇനി അനധികൃത നിര്‍മ്മാണം ഉണ്ടാകില്ല.

റവന്യു വകുപ്പിന്റെ എന്‍ഒസിയും തദ്ദേശഭരണ സ്ഥാപനത്തിന്റെ അനുമതിയും കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നാണു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.പരുന്തുംപാറയിലേക്കു നിര്‍മാണ സാമഗ്രികളുമായി ഭാരവാഹനങ്ങള്‍ വരുന്നത് ജില്ലാ ഭരണകൂടവും പൊലീസും തടയണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിര്‍ദ്ദേശം ലംഘിച്ചാല്‍ പോലീസിനെതിരെ കോടതി നടപടി എടുക്കും. റവന്യൂ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടി വരും.

പീരുമേട്, മഞ്ഞുമല വില്ലേജുകളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മൂന്നാര്‍ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്‌നവും പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് അനുമതി നല്‍കി. കേസില്‍ പീരുമേട്,വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ കക്ഷി ചേര്‍ത്തു.പരുന്തുംപാറയിലെ കയ്യേറ്റക്കാരുടെ പട്ടിക ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കയ്യേറ്റക്കാരെയും കേസില്‍ കക്ഷി ചേര്‍ക്കും.

യേശുവിനെയും ജനങ്ങളെയും പറ്റിച്ച് കോടികളാണ് സജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. അതിന് ശേഷമാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃത കെട്ടിം നിര്‍മ്മിക്കാന്‍ സജിത്ത് എത്തിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്റെ നടപടിയായി പരുന്തുംപാറയിലുള്ള സജിത് ബ്രദര്‍ നിര്‍മ്മിക്കുന്ന കെട്ടിടവും ഉള്‍പ്പെട്ടു. സര്‍ക്കാര്‍ ഭൂമിയലാണ് സജിത്ത് കെട്ടിടം പണിയുന്നത്. റിസോര്‍ട്ടിന് വേണ്ടിയാണ് കെട്ടിടം കെട്ടിപ്പൊക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ധ്യാനകേന്ദ്രമാണ് പണിയുന്നത് എന്നാണ് സജിത് പറയുന്നത്. സര്‍ക്കാര്‍ ഭൂമി കൈയ്യറിവരെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തി നടന്ന് വരികയാണ്. കുടിയൊഴിപ്പക്കലിന്റെ ഭാഗമായി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇതിനിടെയാണ് കുരിശ് സ്ഥാപിച്ച് കെട്ടിടം പൊളിക്കാതിരിക്കാനുള്ള കുതന്ത്രവുമായി സജിത് എത്തി. മറുനാടന്‍ ആദ്യം വാര്‍ത്ത നല്‍കി. അതിന് ശേഷം മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. ഇതിനൊപ്പം വിഷയം നിയമസഭയിലുമെത്തി. ഇടുക്കിയിലെ സിപിഐ നേതൃത്വവും സജിത് ബ്രദറിനെതിരായ നിലപാടിലാണ്. പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

പരുന്തുംപാറയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിശദമായ അന്വേഷണത്തിനായി 15 പേരടങ്ങുന്ന റവന്യൂ സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമായ ടേംസ് ഓഫ് റഫറന്‍സും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകനം നടത്തും. മഞ്ചുമല, പീരുമേട് വില്ലേജുകളിലെ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള കേസുകളുടെ സ്ഥിതിവിവരം നാളെ വൈകീട്ടോടെ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ സര്‍വേ നടന്ന മഞ്ചുമല വില്ലേജിലെ റിസര്‍വേ രേഖകള്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും.

സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് ഏഴ് പേര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് പൊലീസ് പിക്കറ്റ് ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പരുന്തുംപാറയിലെ ഭൂമിയുമായി ബന്ധപ്പെട്ട വെരിഫിക്കേഷന്‍ ഒരാഴ്ചക്കകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. ഇടുക്കി ജില്ലയിലെ സമാനമായ എല്ലാ കേസുകളിലും ഈ നടപടി വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

ഇതുവരെ പരുന്തുംപാറ മേഖലകളിലെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. മൂന്നാറിലെ മൂന്ന് താലൂക്കുകളില്‍ മാത്രമാണ് നിയന്ത്രണമുണ്ടായിരുന്നത്. എന്നാല്‍ റവന്യൂ എന്‍ഒസി ഇല്ലാതെ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും പരുന്തുംപാറയില്‍ നടത്തരുതെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പരുന്തുംപാറയില്‍ എങ്ങനെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുവെന്നും കോടതി ചോദിച്ചു. റവന്യൂ വകുപ്പ് നിര്‍മാണപ്രവര്‍ത്തികള്‍ എന്തുകൊണ്ട് തടഞ്ഞില്ല, റോഡ് നിര്‍മാണവും ടാറിങ്ങും കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നോ എന്നും കോടതി ചോദിച്ചു. സജിത്ത് ജോസഫിനെതിരേ നിരോധനാജ്ഞ ലംഘിച്ചതിന് മാത്രം കേസെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ് ചൂണ്ടിക്കാട്ടിയ കോടതി സജിത്ത് ജോസഫിനെതിരേ മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കണമെന്നും വ്യക്തമാക്കി.

കയ്യേറ്റക്കാരുടെ മുഴുവന്‍ പട്ടികയും മറ്റന്നാളോടെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിന് ശേഷം ഭൂമി കയ്യേറിയവരെ കേസില്‍ കക്ഷി ചേര്‍ക്കാനാണ് കോടതി തീരുമാനം. വണ്ടിപ്പെരിയാര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകളെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.