പത്തനംതിട്ട: അനധികൃത മത്സ്യവിൽപ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്ത നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സിഐടിയു ജില്ലാ നേതാവ് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതി. നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഇതു വരെ ആയിട്ടില്ല.

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐ.ടി.യു) ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും സിപിഎം കുമ്പഴ ലോക്കൽ കമ്മറ്റിയംഗവുമായ സക്കീർ അലങ്കാരത്ത് ആണ് നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോട്ടയം സ്വദേശി ദീപുവിനെ ഓഫീസിൽ കയറി ഭിഷണി മുഴക്കിയതും മർദിക്കാൻ തുനിഞ്ഞതും. സീറ്റിൽ നിന്ന് ദീപു എണീറ്റ് മാറിയതിനാൽ അടി കൊള്ളാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് നഗരത്തിലെ തിരക്കേറിയ റോഡിൽ പെട്ടിവണ്ടിയിൽ പല ഭാഗത്തായി മത്സ്യകച്ചവടം നടത്തിയിരുന്നു. മുൻപ് പല തവണ ഇത്തരം മത്സ്യവിൽപ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വിൽക്കരുതെന്ന് താക്കീതുകൊടുക്കുകയും ചെയ്തിരുന്നു.

അതെല്ലാം ലംഘിച്ച് വീണ്ടും വിൽപ്പന നടത്തിയ വാഹനങ്ങൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ പിടികൂടി റിപ്പോർട്ടെഴുതി പൊലീസിന് കൈമാറി. ദീപു അനധികൃതമായി വാഹനം പിടിച്ചെടുത്തുവെന്ന് ആരോപിച്ച് മീൻ വിൽപ്പനക്കാരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സക്കീർ അലങ്കാരത്ത് നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. അസഭ്യം വിളിച്ചു കൊണ്ട് പാഞ്ഞടുത്ത് ഭീഷണി മുഴക്കുകയാണ് ആദ്യം ചെയ്തത്. ഡാ, മൊട്ടേ നിന്റെ തല അടിച്ചു പൊട്ടിക്കും, കൈവെട്ടിക്കളയും എന്ന് പറഞ്ഞായിരുന്നു തുടക്കം. സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു സഖാവ് പറഞ്ഞത് നിന്നെ കൈകാര്യം ചെയ്യാനാണ്. അതിനാണ് വന്നത് എന്ന പറഞ്ഞു കൊണ്ട് ദീപുവിനെ അടിക്കാൻ ശ്രമിച്ചു. സീറ്റിൽ നിന്ന് ദീപു എണീറ്റ് മാറിയതിനാൽ അടി കിട്ടാതെ രക്ഷപ്പെട്ടു. മറ്റുള്ളവർ ചേർന്ന് സക്കീറിനെ പിടിച്ചു മാറ്റുകയായിരുന്നു.

ഇതു സംബന്ധിച്ച് അപ്പോൾ തന്നെ ദീപു നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. സെക്രട്ടറി ഉടൻ തന്നെ അത് പൊലീസിന് കൈമാറി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും പത്തനംതിട്ട ഇൻസ്പെക്ടർ പറഞ്ഞു. നഗരസഭയ്ക്കുള്ളിലെ അനധികൃത മൽസ്യ കച്ചവടം തടയണമെന്ന് ചെയർമാൻ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. സെൻട്രൽ ജങ്ഷനിൽ മുസ്ലിം പള്ളിക്കും ഗാന്ധിപ്രതിമക്കും മധ്യേ റോഡിന്റെ വശങ്ങളിൽ വാഹനം നിർത്തിയിട്ടാണ് കച്ചവടം. ഏറെ തിരക്കേറിയ റോഡിലെ കച്ചവടം യാത്രക്കാർക്കും പള്ളിയിൽ പോകുന്നവർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കച്ചവടക്കാർ തമ്മിൽ അസഭ്യം വിളിയും ഉണ്ടാകുന്നുണ്ട്. പരാതി ഏറിയപ്പോഴാണ് ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കാൻ ചെയർമാൻ നിർദ്ദേശം നൽകിയത്.

നഗരസഭാ മാർക്കറ്റിൽ മത്സ്യസ്റ്റാൾ വൻ തുക മുടക്കി ലേലത്തിനെടുത്തവർക്ക് തിരിച്ചടിയാണ് വഴിയോരങ്ങളിലെ മത്സ്യകച്ചവടം. റോഡിലിട്ട് മീൻവിൽക്കുന്നത് പല തവണ പൊലീസും തടഞ്ഞിരുന്നു. മത്സ്യമാർക്കറ്റിൽ കൊണ്ടു പോയി വിൽപ്പന നടത്താൻ ഇവരോട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാതെയാണ് അനധികൃത കച്ചവടം കൊഴുക്കുന്നത്. നഗരസഭാ കൗൺസിലർമാരുടെ ഒത്താശയോടെയാണ് കച്ചവടം നടക്കുന്നത്. മിക്കപ്പോഴും സിപിഎമ്മിന്റെ നേതാക്കളുടെയും കൗൺസിലർമാരുടെയും ബിനാമികളാണ് കച്ചവടക്കാർ. ഇതാണ് സക്കീർ അലങ്കാരത്ത് പ്രകോപിതനാകാൻ കാരണമായത്.

ക്ഷേമനിധി ബോർഡ് അംഗം എന്ന നിലയിൽ നിയമവിരുദ്ധമായി ഇയാൾ കാറിൽ ബോർഡ് വയ്ക്കുന്നുവെന്ന് പരാതിയുണ്ട്. അതു പോലെ തന്നെ നഗരസഭയിലെ കരാർ ജോലികൾ ബിനാമികളെ ഉപയോഗിച്ച് ചെയ്യുന്നുവെന്നും ആക്ഷേപം ഉയരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയാണ് ഹെൽത്ത് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതെന്നാണ് സക്കീറിന്റെ വാക്കുകളിൽ നിന്ന് പുറത്തു വരുന്നത്. അതു കൊണ്ടു തന്നെ പൊലീസിൽ നിന്ന് നടപടി ഉണ്ടാകാനും സാധ്യത കുറവാണ്.