- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷരതാ മിഷന് പണം സംഭരിച്ചു കൊടുക്കുന്ന പ്രേരക്മാർക്ക് കൃത്യമായ വേതനമില്ല; ബജറ്റിൽ വഴി തെളിയുമെന്ന് പ്രതീക്ഷിച്ച ബിജുമോന് കിട്ടിയത് സമ്പൂർണ്ണ നിരാശ; ഇത് സാക്ഷരതാ പ്രവർത്തകർക്ക് വേണ്ടിയുള്ള ജീവത്യാഗം; നാഥനില്ലാതാകുന്നത് അമ്മയ്ക്കും സഹോദരിക്കും; ഇനിയെങ്കിലും സർക്കാർ കണ്ണുതുറക്കുമോ?
കൊല്ലം: സാക്ഷരതാ മിഷന് പണം സംഭരിച്ചു കൊടുക്കുന്ന പ്രേരക്മാർക്ക് കൃത്യമായ വേതനമില്ല. എന്നാൽ സാക്ഷരതാമിഷന്റെ ജില്ലാ ഓഫീസ് വരെയുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായി ശമ്പളം കിട്ടുന്നുമുണ്ട്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരക് ഇ.എസ്.ബിജുമോന്റെ ആത്മഹത്യ ചർച്ചയാക്കുന്നത് ഈ ഇരട്ട നീതിയാണ്. ജോലി കൃത്യമായി ചെയ്യുന്ന മികച്ച പ്രേരക് ആയിരുന്നു ബിജുമോൻ. മികച്ച സാക്ഷരതാ പ്രവർത്തകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരവും കിട്ടി. പക്ഷേ ശമ്പളം മാത്രം കിട്ടിയില്ല.
കുടിശ്ശിക തീർക്കണമെന്നും പ്രേരക്മാരെ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കണമെന്നും ആവശ്യമുന്നയിച്ച് പ്രേരക് അസോസിയേഷൻ 82 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിലാണ്. സാക്ഷരതാമിഷനിൽ നിന്നു ഗ്രാമപ്പഞ്ചായത്തുകളിലേക്ക് പുനർവിന്യസിച്ച് സേവനവേതന വ്യവസ്ഥകൾ പഞ്ചായത്ത് തീരുമാനിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കണം. ഇതിന് വേണ്ടിയാണ് സമരം. പക്ഷേ ബജറ്റിൽ പോലും ഇതിനുള്ള ഇടപെടലുണ്ടായില്ല. ഇതോടെയാണ് ബിജു മോൻ ആത്മഹത്യാ വഴിയിലേക്ക് നീങ്ങിയത്.
ബജറ്റിൽ പ്രേരക്മാരുടെ വിഷയം പരാമർശിക്കാത്തതിൽ അതീവ ദുഃഖിതനായിരുന്നു ബിജു മോൻ. തസ്തിക പുനർവിന്യാസം നടപ്പാക്കുകയും കുടിശ്ശിക വിതരണം ചെയ്യാതിരിക്കുകയും ചെയ്താൽ സാക്ഷരതാ പ്രവർത്തകർക്കുവേണ്ടി താൻ രക്തസാക്ഷിയാകുമെന്ന് ബിജുമോൻ പലതവണ പറഞ്ഞിരുന്നു. ഇതാണ് ആത്മഹത്യയിലൂടെ സംഭവിച്ചതും. സാക്ഷരതാമിഷന് പണം സംഭരിച്ചുകൊടുക്കുന്ന പ്രേരക്മാർക്ക് കൃത്യമായ വേതനമില്ലമെന്നതാണ് വസ്തുത. ബിജുമോന്റെ അവസ്ഥ ഒറ്റപ്പെട്ട കാര്യമല്ലെന്നും ഒട്ടേറെ പ്രേരക്മാർ ആത്മഹത്യയുടെ വക്കിലാണെന്നും കേരള സാക്ഷരതാമിഷൻ പ്രേരക് അസോസിയേഷൻ ദക്ഷിണമേഖലാ സെക്രട്ടറി ഡി.സരോജൻ പറഞ്ഞു.
രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് പ്രേരകിന് വേതനം നിശ്ചയിക്കുന്നത്. പഠിതാക്കളിൽനിന്നു തുക പിരിച്ചെടുത്ത് അവർ അടയ്ക്കണം. നോഡൽ പ്രേരകിന് 15,000 രൂപയും പ്രേരകിന് 12,000 രൂപയും അസിസ്റ്റന്റ് പ്രേരകിന് 10,500 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ 2017-ലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള ഈ തുക ഭൂരിഭാഗം പേർക്കും കിട്ടുന്നില്ല. സാക്ഷരതാ തുടർവിദ്യാഭ്യാസ രജിസ്ട്രേഷൻ ഓരോവർഷവും കുറഞ്ഞുവരുന്നതിനാൽ നിശ്ചിത എണ്ണം പൂർത്തിയാക്കാൻ കഴിയാത്തതാണ് കാരണം.
'ഇരുപത്താറുവർഷം കഷ്ടപ്പെട്ടിട്ട് എനിക്ക് ശമ്പളമില്ല. കിട്ടിയാൽ അമ്മ പറഞ്ഞതെല്ലാം വാങ്ങിത്തരാം'. ആറുമാസമായി വേതനം മുടങ്ങിയതിനെ തുടർന്ന് അമ്മയോടുള്ള ബിജു മോന്റെ പ്രതികരണമായിരുന്നു ഇത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ ബിജു മോനെ കണ്ടത്. ''പച്ചക്കറിപോലും വാങ്ങാൻ നിവൃത്തിയില്ല. അമ്മയെ ചികിത്സിക്കാൻ പണമില്ലെന്നുപറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഞാൻ എങ്ങനെ ഈ കുടുംബം മുന്നോട്ടുകൊണ്ടുപോകും എന്ന് എപ്പോഴും പറയുമായിരുന്നു. ജോലിക്കുപോകാൻ വണ്ടിക്കൂലിപോലും മറ്റുള്ളവരിൽനിന്നു വാങ്ങേണ്ട ഗതികേടിലായിരുന്നു അവൻ''-വിജയമ്മ പറഞ്ഞു.
കാർപെന്ററായിരുന്ന അച്ഛൻ കഴിഞ്ഞവർഷം മരിച്ചതോടെ അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ചുമലിലേറ്റേണ്ട സ്ഥിതിയിലായിരുന്നു മാധ്യമപ്രവർത്തകൻകൂടിയായ ബിജുമോൻ. ഒന്നും താങ്ങാതെ വന്നപ്പോൾ ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു ബിജു മോൻ.
മറുനാടന് മലയാളി ബ്യൂറോ