കൊല്ലം: ശമ്പളം തുടർച്ചയായി മുടങ്ങിയതിനെ തുടർന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി. പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്. ബിജുമോനാണ് ആത്മഹത്യ ചെയ്തത്. ആറുമാസമായി വേതനമില്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു.

പത്തനാപുരം ബ്ലോക് നോഡൽ പ്രേരകായിരുന്ന ബിജുമോന് കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച വ്യക്തി കൂടിയായിരുന്നു ബിജുമോൻ. ഇരുപത് വർഷമായി സാക്ഷരതാ പ്രേരക് ആയി പ്രവർത്തിച്ചുവരികയായിരുന്നു.

ശമ്പളത്തിനായി സംഘടനയുടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 80 ദിവസം പിന്നിടുന്ന വേളയിലാണ് ബിജുമോന്റെ ആത്മഹത്യ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31-ന് ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് നടപ്പാക്കാത്തതാണ് ശമ്പളം തടസപ്പെട്ടാൻ കാരണം. ഇതുമൂലം സംസ്ഥാനത്തെ 1714 പ്രേരകുമാർ പ്രതിസന്ധിയിലാണെന്നും അസോസിയേഷൻ പറയുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദേശവകുപ്പിന് കീഴിലാക്കിയയെങ്കിലും ഇത് നടപ്പാകാതെ വന്നതാണ് ശമ്പളം തടസപ്പെടാൻ കാരണമെന്ന ആരോപണം ഉയർന്നിരുന്നു. വേതനത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷൻ സമരം തുടരുമ്പോഴും അധികൃതരുടെ അനാസ്ഥയാണ് ആത്മഹത്യയ്ക്ക് വഴിവച്ചത്.