തിരുവനന്തപുരം: ഗണപതി മിത്ത് തന്നയാണെന്ന് സ്പീക്കർ ഷംസീറും സിപിഎമ്മും വാദിക്കുമ്പോൾ വിവാദം കൊഴുക്കുകയാണ്. ഇതിനിടെ സർക്കാറിനെ പരിഹസിച്ചു കൊണ്ട് നടനും സംവിധായകനുമായ സലിംകുമാർ രംഗത്തെത്തി. ഹൈന്ദവ സങ്കൽപ്പങ്ങളിലെ ദൈവങ്ങളെ മിത്തെന്ന് വാദിക്കുമ്പോൾ ദേവസ്വം വകുപ്പും മന്ത്രിയും ആവശ്യമുണ്ടോ എന്ന ചോദ്യം ഉയർത്തും വിധമുള്ള ഫേസ്‌ബുക്ക് പോസ്റ്റുമായാണ് സലിംകുമാർ രംഗത്തു വന്നിരിക്കുന്നത്.

വിഷയത്തിൽ മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാ കേന്ദ്രത്തിൽ നിന്നു തന്നെയാണെന്നാണ് സലിം കുമാർ വ്യക്തമാക്കുന്നത്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത് - എന്നാണ് സലിം കുമാറിന്റെ പരിഹാസം.

നിരവധി ഈ പരിഹാസത്തിൽ കമന്റുകളുമായി രംഗത്തുവന്നു. ഗണപതി മിത്താണെന്ന പ്രസ്താവനയിൽ സ്പീക്കർ എ.എൻ.ഷംസീർ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഗണപതിയെ പറ്റി ഷംസീർ പറഞ്ഞതിൽ തെറ്റു കാണുന്നില്ല, അതിനാൽ അതു തിരുത്തി പറയേണ്ടതില്ലെന്നും ഗോവിന്ദൻ. ഗണപതി മിത്താണെന്നതിൽ എന്താണ് പുതിയ കാര്യം. ഗണപതി മിത്ത് അല്ലാതെ ശാസ്ത്രമാണോ എന്നും ഗോവിന്ദൻ ചോദിച്ചത്.

സിപിഎം മതവിശ്വാസത്തിന് എതിരല്ല. എന്നാൽ, ശാസ്ത്രത്തേയും വിശ്വാസത്തേയും രണ്ടായി കാണാനാണ് പാർട്ടി ശ്രമിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേൽ കുതിര കയറാൻ അനുവദിക്കില്ല. സ്പീക്കർക്ക് ശാസ്ത്രത്തെ പറ്റി സംസാരിക്കാം. ഗണപതി രൂപം പ്ലാസ്റ്റിക് സർജറി ചെയ്തതാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അന്നൊന്നും മിണ്ടാത്തവർ ഇപ്പോൾ ഷംസീറിനെതിരേ പറയുന്നതിന് പിന്നിൽ വർഗീയതയാണ്.

പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്നും ആ കേരളം ബ്രാഹ്മണർക്ക് നൽകിയെന്നുമാണ് ഐതിഹ്യം. എന്നാൽ, ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല, വെറും വിശ്വാസവും മിത്തും ആണെന്നും ഗോവിന്ദൻ. കൗരവപ്പട, പുഷ്പകവിമാനം, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി എന്നിവയെല്ലാം മിത്തുകളാണ്. എന്നാൽ, അള്ളാഹു മിത്താണെന്ന് ഷംസീറിന് പറയാൻ സാധിക്കുമോ എന്ന ചോദ്യത്തിൽ വിശ്വാസങ്ങളെല്ലാം മിത്തുകൾ അല്ലെന്നും പലരും പല ദൈവങ്ങളെ അവതാരങ്ങളായി കാണക്കാക്കുന്നുണ്ടെന്നും അതിനൊന്നും സിപിഎം എതിരല്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

അള്ളാഹു ഇസ്ലാമിന്റെ ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. ഹിന്ദുമതത്തിൽ ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്, അതിൽ ഒരോന്നും എടുത്ത് മിത്തുകളാണോ എന്ന് ചോദിച്ചാൽ മറുപടി പറയാൻ സാധിക്കില്ലെന്നുമായിരുന്നു ഗോവിന്ദന്റെ വാദം. അതേസമയം മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ നാമജപ യാത്ര നടത്തിയിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയിൽ പങ്കെടുത്തത്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയിൽ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടർപരിപാടികൾ ജനറൽ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞു.

ഏറെ നാളായി സിപിഎമ്മും സർക്കാരുമായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവിലാണ് തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് എൻഎസ്എസ് നീങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള വിഷയങ്ങളിൽ എൻഎസ്എസിന്റെ നിലപാടുകളെ ശക്തമായി തള്ളിപ്പറഞ്ഞിട്ടില്ല സിപിഎമ്മും സർക്കാരും. എന്നാൽ മിത്ത് പരാമർശത്തിൽ മാപ്പ് പറയാനില്ലെന്ന് അസന്നിഗ്ധമായി സിപിഎം നിലപാടെടുത്തോടെ, പിന്നോട്ടില്ലെന്ന സന്ദേശം എൻഎസ്എസും നൽകുകയാണ്.

പ്രശ്‌നപരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നാണ് സുകുമാരൻ നായരുടെ ഒടുവിലത്തെ വാർത്താക്കുറിപ്പ്. എ എൻ ഷംസീർ മാപ്പ് പറയണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എന്നാൽ എൻഎസ്എസ് ആവശ്യം സിപിഎം തള്ളി.