- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നഗരസഭ നല്‍കിയ മൂന്നു സെന്റ് സ്ഥലത്തെ വീട്ടില്‍ താമസം; മൂന്നുമാസം മുമ്പ് തട്ടുകട തുടങ്ങി;. ടെക്നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് മകന്‍ സഹായിയായി; ലോണ്‍ നല്കാന് ആ നേതാവ് ചോദിച്ചത് 'ശരീരം'! ശല്യം സഹിക്കവയ്യാതെ ആത്മഹത്യ; ആദ്യം ആദരാഞ്ജലി അര്‍പ്പിച്ച കോണ്ഗ്രസുകാരന് ആത്മഹത്യാ കുറിപ്പില്‍ ഒളിവില്‍ പോയി; അധര്‍മ്മ രാഷ്ട്രീയത്തിന്റെ ഇരയായ നെയ്യാറ്റിന്‍കരയിലെ സലിത; ജോസ് ഫ്രാങ്കളിന്‍ അകത്താകും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്ത്രീ ആത്മഹത്യചെയ്തത് കോണ്‍ഗ്രസ് നേതാവിന്റെ നിരന്തര പീഡനത്തെത്തുടര്‍ന്നാണെന്ന് ആരോപിച്ച് ആത്മഹത്യാക്കുറിപ്പ്. പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് സ്വദേശി സലിതകുമാരി(52)യാണ് കഴിഞ്ഞ ദിവസം തീപ്പൊള്ളലേറ്റ് മരിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്ഥിരംസമിതി അധ്യക്ഷനുമായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യാകുറിപ്പ്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജോസിനെ പോലീസ് അറസ്റ്റു ചെയ്യും. ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ ആരോപണം കോണ്‍ഗ്രസിനും തലവേദനയാകും. ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടിയും വരും.
ബുധന്‍ രാവിലെയാണ് സലിതയ്ക്ക് പൊള്ളലേറ്റത്. ചായയുണ്ടാക്കുന്‌പോള്‍ തീ പടര്‍ന്നെന്നാണ് കരുതിയത്. നിലവിളി കേട്ട് ഓടിയെത്തിയ മകന്‍ രാഹുലും സമീപവാസികളും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സലിതകുമാരിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോസ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. പിന്നീടാണ് ആത്മഹത്യാ കുറിപ്പ് എത്തിയത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. മുട്ടയ്ക്കാട് ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റുകൂടിയാണ് ജോസ് ഫ്രാങ്ക്ളിന്‍. വായ്പ്പയുടെ പേരില്‍ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി മകന്‍ രാഹുല്‍ മൊഴിനല്‍കി. ഗത്യന്തരമില്ലാതെയാണ് ജീവനൊടുക്കിയത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഫോറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുറിപ്പുകള്‍ കണ്ടെടുത്തത്. മകനും മകള്‍ക്കുമായി രണ്ട് കുറിപ്പുകളാണ് ഉണ്ടായിരുന്നത്. സഹകരണ ബാങ്കില്‍ വീട്ടമ്മയ്ക്ക് ചിട്ടിയുണ്ട്. ഒരു വായ്പയും നിലവിലുണ്ട്. മറ്റൊരു വായ്പയ്ക്ക് വീട്ടമ്മ അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് ഫ്രാങ്ക്‌ളിന്‍ ചൂഷണം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മകള്‍ മേഘയ്ക്ക് പുലര്‍ച്ചെ രണ്ടരയ്ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ രണ്ടുമണിയോടെ ഉണര്‍ന്ന് സലിത പ്രഭാതഭക്ഷണം ഉണ്ടാക്കിയിരുന്നു. മകളെ വിട്ടശേഷം അവര്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. ശേഷം അഞ്ചുമണിയോടെ എഴുന്നേറ്റ് ചായയുണ്ടാക്കാന്‍ അടുപ്പ് കത്തിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
തീപ്പൊള്ളലേറ്റുള്ള സലിതകുമാരിയുടെ നിലവിളികേട്ട് അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ രാഹുല്‍ അടുക്കളയില്‍ എത്തുമ്പോഴേക്കും ശരീരത്തിലും വസ്ത്രത്തിലും തീപടര്‍ന്ന് പിടിച്ചിരുന്നു. ഉടന്‍തന്നെ ആയല്‍ക്കാരെ വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകള്‍ക്ക് ഭക്ഷണം ഉണ്ടാക്കിയ ശേഷം ഗ്യാസ് അണയ്ക്കാന്‍ മറന്നിട്ടുണ്ടാവുമെന്നും പിന്നീട് എണീറ്റ് വീണ്ടും ചായ ഇടാന്‍ ശ്രമിച്ചപ്പോള്‍ ഗ്യാസില്‍ നിന്ന് തീ പടര്‍ന്നാവാം അപകടം നടന്നത് എന്നുമായിരുന്നു ആദ്യം കരുതിയത്. എന്നാല്‍, പോലീസ് നടത്തിയ പരിശോധനയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
രണ്ടു മക്കളും സലിതയും മാത്രമായിരുന്നു വീട്ടില്‍ താമസം. പരേതനായ കെന്നത്ത് ആണ് ഭര്‍ത്താവ്. നഗരസഭ നല്‍കിയ മൂന്നുസെന്റ് സ്ഥലത്തെ വീട്ടിലായിരുന്നു ഇവരുടെ താമസം. മൂന്നുമാസം മുമ്പ് വീടിനു സമീപത്തായി സലിത ഒരു തട്ടുകട നടത്തിവരികയായിരുന്നു. ടെക്നോപാര്‍ക്കില്‍ ജോലിയുണ്ടായിരുന്ന മകന്‍ രാഹുല്‍ ജോലി ഉപേക്ഷിച്ച് കടയില്‍ അമ്മയെ സഹായിച്ച് വരികയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരുന്നതായി നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി.