- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വയോജനങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താം; യുവാക്കളുമായുള്ള ബന്ധം ദൃഢപ്പെടുത്താം; മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാന്‍ സാമൂഹികനീതി വകുപ്പിന്റെ 'സല്ലാപം' പദ്ധതി; ഫോണ്‍ സുഹൃത്തിനെ വേണ്ട മുതിര്‍ന്ന പൗരന്മാര്ക്ക് 14567 എന്ന എല്‍ഡര്‍ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാം; സാമൂഹിക നീതി വിപ്ലവത്തിന് കേരളം
തൃശൂര്‍: മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാന്‍ സാമൂഹികനീതി വകുപ്പിന്റെ 'സല്ലാപം' പദ്ധതി. മുതിര്‍ന്ന പൗരന്മാരും പുറം ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ധക്യത്തിലെ ഏകാന്തത ഇല്ലാതാക്കാന്‍ സല്ലാപം പദ്ധതിയിലൂടെ ഫോണ്സുഹൃത്തിനെ വയോധികര്‍ക്ക് ലഭ്യമാകും. ഇവരോട് ആശയവിനിമയം നടത്തി ഏകാന്തതയില്‍ നിന്ന് മോചനം നല്‍കുകയാണ് ലക്ഷ്യം. ഓഗസ്റ്റില്‍ സല്ലാപം പദ്ധതി തുടങ്ങാനാണ് തീരുമാനം. സാമൂഹിക നീതിയില്‍ പുതിയ വിപ്ലവത്തിനാണ് കേരളം ഒരുങ്ങുന്നത്.
പരിശീലനം ലഭിച്ച എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളാണ് ഫോണ്‍ സുഹൃത്തുക്കളാകുക. എല്‍ഡര്‍ലൈന്‍ പദ്ധതിയുമായി ചേര്‍ന്നാണിത് നടപ്പാക്കുന്നത്. ഫോണ്‍ സുഹൃത്തിനെ ആവശ്യമായ മുതിര്‍ന്ന പൗരന്മാര് 14567 എന്ന എല്‍ഡര്‍ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. അടുത്ത മാസത്തോടെ രജിസ്ട്രേഷന് പൂര്‍ത്തിയാകും. ഇതിനുശേഷം എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ മുതിര്‍ന്ന പൗരന്മാരുടെ ഫോണ്‍ സുഹൃത്താകണമെന്നത് സംബന്ധിച്ച് പരിശീലനം നല്‍കും. എല്‍ഡര്‍ ലൈന്‍ ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശീലനം. മാനസിക- സാമൂഹിക പിന്തുണ ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ വിദ്യാര്‍ഥി വളണ്ടിയര്‍മാര്‍ക്ക് നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അവര്‍ മുതിര്‍ന്ന പൗരന്മാരോട് ഫോണിലൂടെ സംസാരിക്കും. ഒറ്റപ്പെടല്‍ ലഘൂകരിക്കാന്‍ ഈ സംസാരത്തിലൂടെ വയോധികര്ക്കാകും.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സേവനം ലഭ്യമാകുന്ന എല്‍ഡര്‍ ലൈനിലേക്ക് മാസം മൂവായിരത്തിലധികം കോളുകള്‍ വരുന്നുണ്ട്. സാമൂഹിക പെന്ഷന്, വയോജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്‍ഡര്‍ ലൈനിലൂടെ ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് എല്‍ഡര്‍ ലൈന്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ഒറ്റപ്പെടല്‍ മാറ്റാനും നിരവധി വയോധികര്‍ എല്‍ഡര്‍ ലൈനിലേക്ക് വിളിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സല്ലാപം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന പൗരന്മാര്ക്ക് പിന്തുണ ആവശ്യമാണെങ്കില്‍ ടെലി കൗണ്‍സിലര്‍മാരുടെ സേവനവും ലഭിക്കും.
വയോജനങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക, യുവാക്കളുമായുള്ള ബന്ധം ദൃഢപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഫോണ്‍ എ ഫ്രണ്ട് മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സംസ്കാരമാണ് സമൂഹത്തിലുള്ളത്. അധ്വാനശേഷി കുറയുമ്പോള്‍ മനുഷ്യരെയും വലിച്ചെറിയുന്ന സംസ്കാരത്തിലേക്ക് അധഃപതിച്ചു. വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാത്ത മക്കള്‍ക്കും പേരക്കുട്ടികള്ക്കുമെതിരെ നിയമപരമായി നീങ്ങാനുള്ള സഹായവും സമൂഹ്യനീതി വകുപ്പിന്റെ നേതൃ-ത്വത്തില്‍ നല്‍കുന്നുണ്ട്.
വയോജനങ്ങളുടെ പരാതി തീര്‍പ്പാക്കല്‍ വേഗത്തിലാക്കുന്നതിനൊപ്പം അവ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് പുതിയ പദ്ധതി. ലോകത്ത് തന്നെ ആദ്യമായാണ് സല്ലാപം പോലൊരു പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.