മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയി സമുദായത്തോട് മാപ്പുപറയണമെന്ന് ബിജെപി നേതാവിന്റെ ഉപദേശം. ബിജെപിയുടെ രാജ്യസഭാ എം പി ഹര്‍നാഥ് സിങ് യാദവാണ് 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് സല്‍മാന്‍ മാപ്പുപറയണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

' പ്രിയ സല്‍മാന്‍ ഖാന്‍, ബിഷ്‌ണോയി സമുദായം കൃഷ്ണമൃഗത്തെ ദേവതയെ പോലെ ആരാധിക്കുന്നവരാണ്. നിങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി, പാകം ചെയ്തു, ഭക്ഷിച്ചു. ബിഷ്‌ണോയി സമുദായം ഇക്കാരണം കൊണ്ട് ദീര്‍ഘനാളായി രോഷാകുലരാണ്. എന്റെ നല്ല ഉപദേശം, അദ്ദേഹം മാപ്പുപറഞ്ഞ് പരിഹാരം തേടട്ടെ എന്നാണ്', എക്‌സിലെ പോസ്റ്റില്‍ ഹര്‍നാഥ് സിങ് യാദവ് പറഞ്ഞു.

' ഏകദേശം 23-24 വര്‍ഷം മുമ്പ് സല്‍മാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായിപോയി. വേട്ടയ്ക്ക് പോയി ഒരു കൃഷ്ണമൃഗത്തെ കൊന്നു. കൃഷ്്ണമൃഗത്തെ ആരാധിക്കുന്നവരാണ് ബിഷ്‌ണോയി സമുദായം. ഈ കൊലയാണ് സമുദായത്തെ രോഷാകുലരാക്കിയത്', യാദവ് ഐ എ എന്‍ എസിനോട് പറഞ്ഞു.


'കീഴ്‌ക്കോടതി സല്‍മാനെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നതാണ്. മനുഷ്യര്‍ക്ക് തെറ്റുകള്‍ പറ്റും. സല്‍മാന്‍ വളരെയധികം ഫോളോവേഴ്‌സ് ഉള്ള പ്രശസ്തനായ വ്യക്തിയാണ്. ഈ വിവാദത്തിന് അവസാനം കാണണമെങ്കില്‍, എന്റെ നിര്‍ദ്ദേശം ഇതാണ്: മാപ്പുപറയുക. മാപ്പുപറയുന്നത് കൊണ്ട് ഒരാളുടെ പദവിക്ക് കുറച്ചിലൊന്നും വരില്ല. അത് വര്‍ദ്ധിപ്പിക്കുകയേ ഉള്ളു', ഹര്‍നാഥ് സിങ് യാദവ് പറഞ്ഞു.

അതേസമയം, അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം ലക്ഷ്യമിട്ടത് എന്‍സിപി നേതാവ് ബാബ സിദ്ദിഖിയെയും മകന്‍ സീഷാന്‍ സിദ്ദിഖിയേയും ഒരുമിച്ച് കൊലപ്പെടുത്താനെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകുന്നേരം ബാബ സിദ്ദിഖിയും മകനും ഒരേ സ്ഥലത്തുണ്ടാകുമെന്ന വിവരം കൊലപാതകികള്‍ക്ക് ലഭിച്ചിരുന്നു. രണ്ട് പേരേയും ഒരുമിച്ച് കൊലപ്പെടുത്താനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ ആദ്യം കാണുന്നയാളെ കൊലപ്പെടുത്താനാണ് നിര്‍ദേശം ലഭിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.

ബാബ സിദ്ദിഖിയേയും മകന്‍ സീഷാന്‍ സിദ്ദിഖിയേയും കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ ലഭിച്ചതെന്നും ബാന്ദ്ര ഈസ്റ്റിലെ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസില്‍ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു ബാബ സിദ്ദിഖിക്ക് വെടിയേറ്റതെന്നും പോലീസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ നെഞ്ചില്‍ മൂന്ന് വെടിയേറ്റു, ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുരക്ഷാജീവനക്കാരന് മേല്‍ മുളകുപൊടിയെറിഞ്ഞാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

വൈ കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയ നേതാവിനെ റോഡിനടുത്ത് വച്ച് മൂന്ന് അക്രമികള്‍ ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താനായി പ്രതികള്‍ ദീര്‍ഘമായ മുന്നൊരുക്കമാണ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന് നേരെ പെപ്പര്‍ സ്പ്രേ അടിച്ചാണ് പ്രതികള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ദുര്‍ഗാ പൂജയ്ക്കിടയിലുണ്ടായ ജനക്കൂട്ടവും റോഡില്‍ പടക്കം പൊട്ടിച്ചതിന് പിന്നാലെയുണ്ടായ പുകയും മറയാക്കിയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

പ്രതികളായ ധര്‍മരാജ് കശ്യപ്, ശിവകുമാര്‍ ഗൗതം, ഗുര്‍മൈല്‍ സിങ് എന്നിവര്‍ ബാബാ സിദ്ദിഖിയെ മാസങ്ങളോളം കൃത്യമായി നിരീക്ഷിച്ചു. മുംബൈയില്‍ താമസിച്ച് മൂവരും സിദ്ദിഖിയുടെ വീടും പരിസരവും ഓഫിസുമെല്ലാം രണ്ട് മാസത്തോളമാണ് നിരീക്ഷിച്ചത്. പ്രതികള്‍ക്ക് ലോറന്‍സ് ബിഷ്ണോയ് 50,000 രൂപ മുന്‍കൂറായി നല്‍കി. ബാക്കി 2 ലക്ഷം കൊലപാതകത്തിന് ശേഷം നല്‍കുമെന്ന് അറിയിച്ചു. പ്രതികള്‍ സെപ്റ്റംബറില്‍ കുര്‍ളയില്‍ എത്തി. പ്രതിമാസം 14,000 രൂപയ്ക്ക് മുറി വാടകയ്‌ക്കെടുത്തു. മൂന്നുപേര്‍ക്കും സിദ്ദിഖിയുടെ ചിത്രങ്ങള്‍ കൈമാറിയിരുന്നു. സെപ്റ്റംബര്‍ ആദ്യം തന്നെ കൊലപാതകത്തിനുള്ള എല്ലാ ആസൂത്രണവും നടന്നെന്നാണ് പൊലീസ് പറയുന്നത്.

ബാബാ സിദ്ദിഖിയെ മകന്റെ ഓഫിസിന് മുന്നില്‍ വച്ച് വെടിവച്ചു വീഴ്ത്തിയ ശേഷം പൊലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് ദുര്‍ഗാപൂജാ ഘോഷയാത്രയ്ക്കിടയിലൂടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ദുര്‍ഗാ പൂജ ദിവസമായതുകൊണ്ട് തന്നെ റോഡില്‍ പലയിടത്തും ആള്‍ക്കൂട്ടമുള്ളതും പടക്കത്തിന്റെ പുകയുള്ളതും പ്രതികള്‍ മുതലാക്കി. സമീപത്തെ പാര്‍ക്കിലേക്കാണ് ഇവര്‍ ആദ്യം ഓടിയത്. പെട്ടെന്ന് തന്നെ പൊലീസ് പാര്‍ക്ക് വളഞ്ഞു. അവിടെ വച്ച് രണ്ടുപ്രതികളെ പിടികൂടുകയും ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു.

''സാധാരണഗതിയില്‍ മൂന്നു പേരാണ് ബാബാ സിദ്ദിഖിക്കൊപ്പം സുരക്ഷയ്ക്കായുണ്ടാവുക. ചില സമയങ്ങളില്‍ രണ്ടുപേരായിരിക്കും. രാത്രികളില്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാണ് സുരക്ഷയ്ക്ക് ഉണ്ടാകാറുള്ളത്. എന്നാല്‍ അദ്ദേഹത്തിന് നേരത്തേ ഭീഷണി സന്ദേശങ്ങളോ ഫോണുകളോ ലഭിച്ചതിനെ പറ്റിയൊന്നും തങ്ങളെ അറിയിച്ചിരുന്നില്ല'' നിര്‍മ്മല്‍ നഗറിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളില്‍നിന്ന് രണ്ടു ഗ്ലോക്ക് ഓട്ടോമാറ്റിക് പിസ്റ്റളുകളാണ് പൊലീസ് പിടിച്ചെടുത്തത്. 28 ബുള്ളറ്റുകള്‍ ലോഡ് ചെയ്ത 4 മാഗസിനുകള്‍, 4 മൊബൈല്‍ ഫോണുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ അവരുടെ കൈവശമുണ്ടായിരുന്നു.

ഇതില്‍ രണ്ട് പേരെ പിടികൂടി. ഒരു ഷൂട്ടര്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഗുര്‍മാലി ബാല്‍ജിത്ത് സിങ്, ധര്‍മരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്. ഷൂട്ടര്‍ ശിവകുമാര്‍ ഗൗതമിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. പ്രതികളെ പിടികൂടാന്‍ ഹരിയാണയിലും, യു.പിയിലും, ഡല്‍ഹിയിലും പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുകയാണ്. ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സീഷാന്‍ സിദ്ദിഖി. നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചെന്ന പരാതിയെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സീഷാന്‍ സിദ്ദിഖിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബാബാ സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ ലോറന്‍ ബിഷ്ണോയി സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായും സല്‍മാന്‍ ഖാനുമായും അടുപ്പമുള്ളതുകൊണ്ടാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് സംഘം വെളിപ്പെടുത്തിയത്. കേസില്‍ ആറുപേരാണ് നിലവില്‍ പ്രതികള്‍. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഒരാളെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.