കവന്‍ട്രി: യുകെ മലയാളികള്‍ ഏറ്റവും ഇഷ്ടത്തോടെ കഴിക്കുന്ന മത്സ്യമായ സാല്‍മണ്‍ യഥാര്‍ത്ഥത്തില്‍ വിഷമീനാണോ? തീ വില നല്‍കി അടുക്കളയില്‍ എത്തിക്കുന്ന വിഷമാണോ പാകം ചെയ്തു പ്രിയ മക്കള്‍ക്കും കുടുംബത്തിനും നല്‍കുന്നത്? വിപണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ആരോ പടച്ചു വിട്ട കിംവദന്തിയോ ഹിറ്റ് ലഭിക്കാന്‍ ഏതെങ്കിലും വ്ലോഗര്‍മാര്‍ അടിച്ചുവിട്ട അലമ്പ് കണ്ടന്റോ അല്ല സാല്‍മണ്‍ വിഷവാഹിയായ ഭക്ഷണം തന്നെയെന്ന് ഉറപ്പിച്ചു പറയുന്നത്. കഴിഞ്ഞ ആഴ്ച ബിഗ് റീഡ് എന്ന കോളത്തില്‍ ദിനംപ്രതി ഏഴര ലക്ഷം വായനക്കാരുള്ള ''ഐ'' ദിനപത്രമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വിട്ടത്.

വാര്‍ത്ത പുറത്തു വന്നതോടെ ഓണ്‍ലൈന്‍ ലോകവും ഫുഡ് ബ്ലോഗ് വെബ്‌സൈറ്റുകളും ഒക്കെ സാല്‍മണ്‍ എന്ന പേരില്‍ കടകളില്‍ വില്‍പനയ്ക്ക് എത്തുന്നത് വിഷഹാരിയായ മത്സ്യം തന്നെയാണ് എന്ന സ്ഥിരീകരണമാണ് നടത്തുന്നത്. കേരളത്തില്‍ പെരിയാറിലെ വേമ്പനാട്ട് കായലിലും കഴിഞ്ഞ ദിവസങ്ങളില്‍ പോലും കോടിക്കണക്കിനു രൂപയുടെ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയപ്പോള്‍ മൂക്കത്തു വിരല്‍ വച്ച യുകെ മലയാളികള്‍ അതിനേക്കാള്‍ അമ്പരപ്പോടെ യുകെയിലെ സാല്‍മണില്‍ വിഷമുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടണം.

ഇത് യുകെയല്ലേ, ഇവിടെ ഭക്ഷണത്തില്‍ മായം കലരുമോ?

കാരണം ഇതു യുകെയല്ലേ, ഇവിടെ ഭക്ഷണത്തില്‍ മായം കലര്‍ത്താന്‍ സര്‍ക്കാര്‍ അനുവദിക്കുമോ എന്നൊക്കെ ചോദിക്കുന്ന മലയാളികള്‍ യുകെ സര്‍ക്കാരിന്റെ മുന്നിലും എത്തിയ വാര്‍ത്ത റിപ്പോര്‍ട്ടിനെ കുറിച്ചാണ് ഇന്ന് മറുനാടന്‍ മലയാളി പ്രത്യേക ഫീച്ചറിലൂടെ കൂടുതല്‍ വിവരങ്ങള്‍ പങ്കിടുന്നത്. പ്രത്യേകിച്ചും യുകെ മലയാളികള്‍ക്ക് ഒഴിച്ച് കൂടാനാകാത്ത ഡിന്നര്‍ വിഭവം എന്ന് വിശേഷിപ്പിക്കാവുന്ന സാല്‍മണ്‍ മല്‍സ്യം കുട്ടികള്‍ക്കും പ്രിയപ്പെട്ടതാകുമ്പോള്‍ വില നോക്കാതെ ഈ മത്സ്യം വാങ്ങിക്കുന്നവരാണ് ബഹുഭൂരിഭാഗം മലയാളികളും.


കറി വയ്ക്കാനും ഗ്രില്‍ ചെയ്യാനും വറുക്കാനും വേണമെങ്കില്‍ അച്ചാര്‍ ഇടാനും വരെ സാല്‍മണ്‍ അനുയോജ്യമാകുമ്പോള്‍ ആവശ്യക്കാരുടെ എണ്ണവും ഏറും. ഇതിനാലാകണം കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷമായി സാല്‍മണ്‍ മത്സ്യത്തിന്റെ പോപ്പുലാരിറ്റിയും റോക്കറ്റിനേക്കാള്‍ വേഗത്തില്‍ കുതിച്ചുയരുന്നത്. ഒരു പക്ഷെ ഈ പോപ്പുലാരിറ്റി തന്നെയാണ് സാല്‍മണ്‍ കൃഷി കൂടുതല്‍ വ്യാപകമാകാനും അതിലൂടെ വിഷഹാരിയായ മത്സ്യം ഡിന്നര്‍ ടേബിളില്‍ എത്താനും കാരണമായത് എന്നാണ് ഐ പത്രവും പറയുന്നത്.

വൈല്‍ഡ് സാല്‍മണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പരമ്പരാഗതമായി കടലുകള്‍ താണ്ടുന്ന മത്സ്യം എന്നോര്‍ത്താണ് ജനങ്ങള്‍ അസാധാരണ വില നല്‍കി ഇവ വാങ്ങുന്നതെങ്കിലും ഇപ്പോള്‍ യുകെയില്‍ വില്‍ക്കപ്പെടുന്ന ബഹുഭൂരിഭാഗം സാല്‍മണ്‍ മത്സ്യവും കടല്‍ക്കൂടുകളില്‍ അടച്ചു കെട്ടി വളര്‍ത്തുന്നവ ആണെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

വൈല്‍ഡ് സാല്‍മണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്വാഭാവിക മത്സ്യത്തെ യുകെയില്‍ വാങ്ങാന്‍ കിട്ടുക എന്നത് അത്ര പ്രായോഗികമല്ല. കാരണം ഇവയെ പിടികൂടുന്നത് മിക്കപ്പോഴും പ്രജനന കാലത്തുള്ള സഞ്ചാരത്തിലാണ്. എന്നാല്‍ പുഴകളില്‍ നിന്നും സാല്‍മണ്‍ പിടികൂടുന്നത് സ്‌കോട്ലന്‍ഡിലും വെയ്ല്‍സിലും ഇംഗ്ലണ്ടിലും കനത്ത പിഴ കിട്ടുന്ന കുറ്റമാണ്. ഈ മത്സ്യം കടകളില്‍ വില്‍ക്കാനുമാകില്ല. സ്വാഭാവിക സാല്‍മണ്‍ മത്സ്യത്തെ വംശനാശ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ നിയമമാണ് മലിന സാഹചര്യത്തില്‍ വളരുന്ന സാല്‍മണുകളെ ഭക്ഷിക്കേണ്ട ദുരവസ്ഥയിലേക്ക് മനുഷ്യരെ എത്തിച്ചത്.

നിയമം അനുവദനീയ സ്ഥലത്ത് പ്രധാനമായും ഡോര്‍സെറ്റിലെ ഫ്രം നദി ഉള്‍പ്പെടെ ചൂണ്ടയിട്ട് പിടിച്ച സ്വാഭാവിക സാല്‍മണിന്റെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷം വെറും 5399 മാത്രമാണ്. എന്നാല്‍ 2017ല്‍ 20,000 മത്സ്യത്തെ ഇത്തരത്തില്‍ പിടികൂടിയിരുന്നു. നദികളില്‍ മുട്ടയിട്ട് വിരിയുന്ന യുവ സാല്‍മണ്‍ കടലിലേക്കുള്ള തിരിച്ചു സഞ്ചാരത്തില്‍ സെപ്റ്റംബര്‍ മാസത്തിലാണ് പുഴകളില്‍ നിന്നും ചൂണ്ടയിട്ട് ഇവയെ പിടികൂടാനാകുക. അതിനാല്‍ വര്‍ഷം മുഴുവന്‍ ഇത്തരം മത്സ്യത്തെ ലഭിക്കും എന്നതും വെറും സങ്കല്‍പം മാത്രമാണ്. ഇതിനര്‍ത്ഥം കടകളില്‍ വാങ്ങാന്‍ ലഭിക്കുന്ന സാല്‍മണ്‍ മല്‍സ്യം പൂര്‍ണമായും മലിന ജലത്തില്‍ വളരുന്ന കടല്‍ പെന്‍സുകളിലെ സാല്‍മണ്‍ തന്നെയാണ് എന്നത് അടിവരയിട്ട് പറയാനാകും.

ശുദ്ധജലത്തില്‍ മുട്ടയിട്ടു വളരുന്ന വൈല്‍ഡ് സാല്‍മണുകള്‍ ഏകദേശം 2000 മൈല്‍ സഞ്ചരിച്ചാണ് ജീവിതചക്രം പൂര്‍ത്തിയാകുന്ന കടലില്‍ എത്തുക. ഇന്നും ഇവയുടെ സഞ്ചാര പാത പോലും ശാസ്ത്രലോകത്തിന് അത്ഭുതമാണ്. കാലാവസ്ഥ വ്യതിയാനം വരെ സാല്‍മണുകളുടെ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുക വഴി അനേകം മത്സ്യങ്ങള്‍ കടലില്‍ എത്താതെ ചത്തൊടുങ്ങുകയാണ്.

കേരളത്തിലെ മത്സ്യക്കുളങ്ങള്‍ പോലെ യുകെയിലെ കടല്‍ മത്സ്യ കൂടുകള്‍, ഇറച്ചിക്കോഴി വളര്‍ത്തിനേക്കാള്‍ മാലിന്യം

കേരളത്തില്‍ മത്സ്യ കൃഷി വ്യാപകമായപ്പോള്‍ കുളങ്ങളിലും കായലുകളില്‍ പ്രത്യേകം വളച്ചു കെട്ടിയ ഇടങ്ങളിലും ഒക്കെ മത്സ്യങ്ങള്‍ വളര്‍ത്തുന്നതിന്റെ കോര്‍പറേറ്റ് രീതിയാണ് യുകെയിലെ മത്സ്യ കടല്‍ കൂടുകള്‍. കടലില്‍ ഒരു പ്രത്യേക ഭാഗത്തു പെന്‍ എന്നറിയപ്പെടുന്ന് വമ്പന്‍ കൂടുകള്‍ തയ്യാറാക്കിയാണ് ഓരോ പെന്നിലും പതിനായിരക്കണക്കിന് മത്സ്യങ്ങളെ വളര്‍ത്തുന്നത്.

ഇങ്ങനെ വ്യാപകമായി അനേകം പെന്‍ ഒരേ ഭാഗത്തു തയ്യാറാക്കുമ്പോള്‍ അവിടെ ടണ്‍ കണക്കിന് ഭക്ഷണവും മത്സ്യങ്ങള്‍ക്കായി വിതറും. ഇത് കഴിക്കാന്‍ പരാദങ്ങള്‍ അടക്കമുള്ള മറ്റു കടല്‍ ജീവികള്‍ എത്തുമ്പോള്‍ മത്സ്യങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം നഷ്ടമാകുന്നത് മത്സ്യ കൃഷി കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കും.

ഇത് മറികടക്കാന്‍ പരാദങ്ങളെയും മറ്റു കടല്‍ ജീവികളെയും കൊന്നൊടുക്കാന്‍ ഓരോ പെന്നിലും നിക്ഷേപിക്കുന്ന അതിമാരകമായ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയ രാസലായിനി ആത്യന്തികമായി സാല്‍മണുകളിലും എത്തിച്ചേരും. ഇങ്ങനെയാണ് സ്വാഭാവിക രുചിയില്‍ ലഭിക്കേണ്ട കടല്‍ സാല്‍മണുകള്‍ വിഷഹാരികളായി മാറുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആന്റിബയോട്ടിക് പ്രതിരോധം ഉപയോഗപ്പെടുത്തുന്നത് സാല്‍മണ്‍ ഫാമുകളിലാണ്. രോഗപ്രതിരോധം ഇല്ലാതെ ഫാമിലെ സാല്‍മണ്‍ കുഞ്ഞുങ്ങള്‍ അതിജീവിക്കില്ല എന്നതാണ് ഇതിനു കാരണം, ഇത്തരം അമിത ആന്റിബയോട്ടിക് ഉപയോഗം ഒടുവില്‍ സാല്‍മണ്‍ മത്സ്യം കഴിക്കുന്ന മനുഷ്യരിലും പ്രതികൂല അവസ്ഥ സൃഷ്ടിക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ ശാസ്ത്ര ലോകത്തു വലിയ തര്‍ക്കമാണ്.

ലോജിക് വാദക്കാര്‍ കാണേണ്ടത് രത്തന്‍ ടാറ്റായുടെ ശവസംസ്‌കാരവും തണ്ണീര്‍ക്കൊമ്പന്റെ അവസാനവും

മനുഷ്യന് കഴിക്കാനുള്ള ഭക്ഷണം ഉല്‍പാദിപ്പിക്കുന്ന ഫാമുകളില്‍ ഏതു തരത്തില്‍ ഉള്ള അമിത കീടനാശിനിയും രോഗ പ്രതിരോധ മരുന്നുകളും ആത്യന്തികമായി വലിയ ഭവിഷ്യത്തിനു കാരണമാക്കും എന്നത് വര്‍ഷങ്ങളായുള്ള ശാസ്ത്ര തര്‍ക്കമാണ്. എന്നാല്‍ ഈ വാദത്തില്‍ ഇപ്പോള്‍ പ്രധാനമായും കാണേണ്ടത് അടുത്തിടെ അന്തരിച്ച രത്തന്‍ ടാറ്റായുടെ ശവസംസ്‌കാര ചടങ്ങുകള്‍ എന്തുകൊണ്ട് പാഴ്സി ആചാര പ്രകാരം നടത്തിയില്ല എന്ന ചോദ്യത്തെയാണ്.


സാധാരണയായി പാഴ്സി വിശ്വാസത്തില്‍ മരണമടഞ്ഞാല്‍ മൃതദേഹം കഴുകന് ഭക്ഷിക്കാനുള്ളതാണ്. എന്നാല്‍ മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ മൃതദേഹം ഭക്ഷിക്കാന്‍ പാകത്തില്‍ ആവശ്യത്തിന് കഴുകന്മാര്‍ എത്തുന്നില്ല. ഇവ വലിയ വംശനാശ ഭീഷണിയിലാണ്. അടുത്തകാലത്ത് ഒന്നിലേറെ പാഴ്സികളുടെ മൃതദേഹം പൂര്‍ണമായും തിന്നു തീര്‍ക്കാന്‍ കഴുകന്മാര്‍ എത്തിയിരുന്നില്ല എന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇക്കാരണം തന്നെയാണ് രത്തന്‍ ടാറ്റയുടെ ഭൗതിക ശരീരം മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകളില്‍ നിന്നും ഒഴിവാക്കിയത്. ഇപ്പോള്‍ പാഴ്സികള്‍ മരിച്ചാല്‍ ദഹിപ്പിക്കുന്നത് സര്‍വ്വസാധാരണമാകുകയാണ്. ഇതേകാഴ്ച ഇപ്പോള്‍ കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ കാട്ടിലെ കഴുകന്‍ റെസ്റ്ററോന്റ് അടക്കമുള്ള സ്ഥലങ്ങളിലും ഉണ്ട്. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞപ്പോള്‍ ആദ്യം ആനയുടെ ജഡം കഴുകന്‍ റെസ്റ്റോറന്റില്‍ എത്തിക്കാന്‍ വനം വകുപ്പ് മടിച്ചിരുന്നു.

ശ്വാസകോശ രോഗമുള്ള ആനയെ തിന്നാല്‍ കഴുകന്മാരും രോഗബാധിതരാകും എന്ന ഉപദേശമാണ് ആദ്യം തണ്ണീര്‍ കൊമ്പന് സംസ്‌കാരം നിഷേധിക്കാന്‍ കാരണമായത്. എന്നാല്‍ ഒടുവില്‍ ഈ ആനയെ കഴുകന്മാര്‍ക്ക് തന്നെ നല്‍കുക ആയിരുന്നു. ഇത്തരം ഉദാഹരങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് അമിതമായ രാസവാഹക സാല്‍മണ്‍ മത്സ്യങ്ങള്‍ മനുഷ്യ ശരീരത്തില്‍ എത്രമാത്രം രോഗകാരണമായി മാറുക എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ത്തുന്നത്. സാല്‍മണ്‍ കൂടുകളുടെ 40 കിലോമീറ്റര്‍ ദൂരം വരെ കടല്‍ ജലം മലിനമായി മാറിയിരിക്കുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടൊപ്പം പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ ഒരു ചെറു പ്രദേശത്തു ഒന്നിച്ചു വളരുമ്പോള്‍ നിക്ഷേപിക്കുന്ന വിസര്‍ജ്യങ്ങളും മത്സ്യങ്ങള്‍ കഴിക്കാതെ ബാക്കിയായ ഭക്ഷണവും ഒക്കെ ചേരുമ്പോള്‍ ഇറച്ചിക്കോഴി ഫാമിങ്ങിനേക്കാള്‍ ഗൗരവം കലര്‍ന്ന വിഷയമായി സാല്‍മണ്‍ ഫാമിങ് മാറുകയാണ്. മറ്റു ചെറുമീനുകളായ അയിലയും മത്തിയും കൊഴുവയും ഒക്കെ സ്വാഭാവിക അന്തരീക്ഷത്തില്‍ വളരുമ്പോള്‍ ഇറച്ചിക്കോഴികളെ വളര്‍ത്തുന്നതിനേക്കാള്‍ മലിനമായ അന്തരീക്ഷമാണ് സാല്‍മണ്‍ വളരാന്‍ വമ്പന്‍ കമ്പനികള്‍ ഒരുക്കുന്നത് എന്നത് വര്‍ഷങ്ങളായ ആരോപണമാണ്. തികച്ചും ധര്‍മ്മികതയ്ക്ക് നിരക്കാത്ത തലത്തിലേക്ക് സാല്‍മണ്‍ മത്സ്യ കൃഷി മാറിയതോടെ ഈ രംഗത്ത് നിന്നും പിന്മാറിയവരാണ് യുകെയിലെ മത്സ്യ കര്‍ഷകരില്‍ ഏറെയും. എന്നാല്‍ ലോകമെങ്ങും സാല്‍മണ്‍ മത്സ്യത്തിന് ആവശ്യക്കാര്‍ ഏറിയതോടെ കോര്‍പ്പറേറ്റ് കമ്പനികള്‍ ഈ രംഗം കയ്യടക്കുക ആയിരുന്നു.

ഭേദം ബാറ്ററി ചിക്കന്‍, ലാഭക്കൊതിയോടെ എത്തിയ വമ്പന്‍ കമ്പനികള്‍ സാല്‍മണിന്റെ രുചി നഷ്ടമാക്കി

അറ്റ്ലാന്റിക് കടലിലെ സ്വാഭാവിക സാഹചര്യത്തില്‍ വളര്‍ന്നിരുന്ന സാല്‍മണ്‍ ഏറ്റവും രുചിയേറിയ മത്സ്യം എന്ന നിലയില്‍ മത്സ്യ രാജാവായാണ് ഭക്ഷണ ലോകം വിലയിരുത്തിയിരുന്നത്. എന്നാല്‍ അടച്ചിട്ടു വളര്‍ത്തുന്ന ഇറച്ചിക്കോഴികളെ വിശേഷിപ്പിക്കുന്ന ബാറ്ററി ചിക്കന്‍ എന്ന ആക്ഷേപത്തേക്കാള്‍ വലിയ ആരോപണമാണ് ഇപ്പോള്‍ സാല്‍മണ്‍ നേരിടുന്നതും.

ഏറ്റവും അപകടകരമായ ഭക്ഷണ ശൃംഖലയില്‍ നിന്നും മനുഷ്യ ഭക്ഷണ മേശയിലേക്ക് എത്തുന്ന ഭക്ഷണം എന്നാണ് ഭക്ഷ്യലോകത്തെ പുതു വായ്ത്താരി. കേരളത്തിലെ മത്സ്യക്കൂടുകളെ ഓര്‍മിപ്പിക്കും വിധത്തില്‍ ഒരു കാലത്തു സ്‌കോട്ടിഷ് കടല്‍ തീരങ്ങളില്‍ മരക്കൂടുകള്‍ കൊണ്ടുള്ള ചെറു പെണുകളില്‍ വളര്‍ന്നിരുന്ന വളരെ കുറച്ചു സാല്‍മണ്‍ മത്സ്യങ്ങളുടെ സ്ഥാനത്തേക്ക് വമ്പന്‍ കമ്പനികള്‍ കൂറ്റന്‍ പെന്‍ സ്ഥാപിച്ചു ലക്ഷക്കണക്കിന് മത്സ്യങ്ങളെ ലാഭക്കൊതിയോടെ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മത്സ്യം രുചി കെട്ടു വിഷഹാരിയായി മാറിയതെന്ന് പരമ്പരാഗത കര്‍ഷകര്‍ ആരോപണം ഉയര്‍ത്തുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 580 മില്യണ്‍ പൗണ്ടിന്റെ സാല്‍മണ്‍ മത്സ്യമാണ് സ്‌കോട്ലന്‍ഡ് തീരത്തു നിന്നും പിടിച്ചെടുത്തത്. ഇതില്‍ 30 ശതമാനം മത്സ്യം യുകെയിലെ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ ബാക്കിയൊക്കെ ലോകത്തിന്റെ പല ഭാഗത്തേക്കായി കടല്‍ കടന്നു. പ്രോട്ടീന്‍ ഗുണം ഏറെയുള്ള സാല്‍മണ്‍ മത്സ്യം വൃത്തികെട്ട അന്തരീക്ഷത്തിലാണ് വളരുന്നത് എന്ന് മനസിലാക്കി തുടങ്ങിയതോടെ പേരുകേട്ട ലോകത്തിലെ പ്രധാന ഷെഫുമാര്‍ അടക്കമുള്ളവര്‍ തങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഈ മത്സ്യത്തെ ഭക്ഷണ മേശയില്‍ വിശേഷിപ്പിക്കുന്നതില്‍ നിന്നും പലരും പിന്തിരിയുന്നു. തങ്ങളുടെ ധാര്‍മികത സാല്‍മണ്‍ വളര്‍ത്തുന്ന കമ്പനികളുടെ ലാഭക്കൊതിയ്ക്കായി അടിയറ വെയ്ക്കാനില്ല എന്നാണ് ഇവരുടെ പക്ഷം.

നാല്‍പതു വര്‍ഷം കൊണ്ട് സാല്‍മണ്‍ കൃഷിയുടെ ജാതകം മാറിമറിയുമ്പോള്‍

സ്വാഭാവിക അന്തരീക്ഷത്തില്‍ യുകെ വിപണി മാത്രം ലക്ഷ്യമിട്ട് മത്സ്യ കര്‍ഷകര്‍ സാല്‍മണ്‍ വളര്‍ത്തിയിരുന്നപ്പോള്‍ 1980 കളില്‍ വെറും 600 ടണ്‍ മത്സ്യമാണ് ഓരോ വര്‍ഷവും ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ കമ്പനികള്‍ രംഗത്ത് വന്നതോടെ ഇപ്പോള്‍ സാല്‍മണ്‍ കൃഷി 1,87,725 ടണ്‍ എന്ന അവിശ്വസനീയ വളര്‍ച്ചയില്‍ എത്തിയിരിക്കുകയാണ്. അയര്‍ലണ്ടില്‍ മാത്രമായി 15,000 ടണ്‍ മത്സ്യവും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട ഓപ്പണ്‍ പെന്‍സ് എന്ന കൃഷി രീതിയിലാണ് യുകെയിലെ സാല്‍മണ്‍ മത്സ്യം പൂര്‍ണമായും കൃഷി ചെയ്യുന്നത് എന്നതാണ് ഏറ്റവും വിരോധാഭാസം.

പെന്‍സുകളില്‍ വളര്‍ത്തുന്ന സാല്‍മണ്‍ മത്സ്യങ്ങളില്‍ 80 ശതമാനവും രോഗബാധ വന്നു നശിച്ചാലും അവശേഷിക്കുന്ന 20 ശതമാനം മത്സ്യവും ഗുഡ് സര്‍ട്ടിഫിക്കറ്റോടെ വിപണിയില്‍ എത്തുന്നു എന്ന ഗുരുതരമായ പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 17 മില്യണ്‍ സാല്‍മണ്‍ മത്സ്യങ്ങളാണ് പെന്‍സുകളില്‍ ചത്തൊടുങ്ങിയത് എന്ന് ഫിഷ് ഹെല്‍ത്ത് ഇന്‍സ്പെക്ടറേറ്റ് തന്നെ വെളിപ്പെടുത്തുന്നു. മറ്റൊരു ഭക്ഷണ ഉല്‍പ്പാദന മേഖലയിലും ഇല്ലാത്ത ഇളവുകളാണ് സാല്‍മണ്‍ കൃഷി കമ്പനികള്‍ ആസ്വദിക്കുന്നത്. ഓരോ പെന്‍സുകളിലും 30,000 മുതല്‍ പത്തു ലക്ഷം മത്സ്യങ്ങളെ വരെ ഒന്നിച്ചു വളര്‍ത്താന്‍ ഉള്ള ശേഷിയുമുണ്ട്. ഒരു പക്ഷെ കരയില്‍ ചെയ്യുന്ന ഏതൊരു കൃഷിയേക്കാള്‍ മോശമായ നിലയ്ക്കാണ് കടലിലെ സാല്‍മണ്‍ കൃഷിയെന്നും ആരോപണം ഉയരുകയാണ്.


ടണ്‍കണക്കിന് മത്സ്യം വിളവെടുപ്പ് നടത്തുമ്പോള്‍ ചിലപ്പോഴെങ്കിലും സംസ്‌കരണ രംഗത്തെ അവിചാരിത തടസങ്ങള്‍ മൂലമാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് അവ ഓഫര്‍ വിലയ്ക്ക് എത്തുന്നത്. എന്നാല്‍ ഇത് നാട്ടുകാരെ നന്നാക്കാനുള്ള വിപണി തന്ത്രം ആണെന്ന് തെറ്റിദ്ധരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള മത്സ്യ പ്രേമികള്‍ കിട്ടാവുന്നത്രയും മത്സ്യം വാങ്ങി ഫ്രീസറുകളില്‍ നിറയ്ക്കുന്നത് പ്രധാന ശീലമാണ്. എന്നാല്‍ ഏറ്റവും ഗുണനിലവാരം കുറഞ്ഞ, അവഗണിക്കേണ്ട ഭക്ഷണമാണ് കുടുംബത്തിന്റെ തീന്‍ മേശയിലേക്ക് എത്തിക്കുന്നത് എന്ന് നല്ല പങ്ക് ഉപയോക്താക്കളും തിരിച്ചറിയുന്നില്ല. സാധാരണ മത്സ്യ വിപണിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് സീസണിലാണ് ഇത്തരത്തില്‍ വിലകുറഞ്ഞ മത്സ്യം വിപണിയില്‍ എത്തുക. ഇതിനായി വര്‍ഷം മുഴുവന്‍ കാത്തിരിക്കുന്നവരും കുറവല്ല.