പത്തനംതിട്ട: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിന്റെ (എസ്പിസി) പാസിങ് ഔട്ട് പരേഡില്‍ വിശിഷ്ടാതിഥിയായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ പോലീസ് മേധാവിയും അഡീഷണല്‍ എസ്പിയും സല്യൂട്ട് ചെയ്തത് തെറ്റായി. ഇതു സംബന്ധിച്ച് പോലീസ് സേനയ്ക്കുള്ളില്‍ വിമര്‍ശനം.

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഓഫീസര്‍മാരുടെയും ഗ്രൂപ്പുകളില്‍ എസ്പിക്കും അഡീഷണല്‍ എസ്പിക്കുമെതിരേ രൂക്ഷമായ വിമര്‍ശനം ഉയരുകയാണ്. പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാര്‍, അഡീഷണല്‍ എസ്.പി ആര്‍. ബിനു എന്നിവര്‍ ഔദ്യോഗിക ചടങ്ങില്‍ നിരുത്തരവാദപരമായി പെരുമാറി എന്നാണ് ആരോപണം.

പോലീസ് സല്യൂട്ടിന് മാനദണ്ഡങ്ങളുണ്ട്. പരിശീലന കാലത്ത് ഏറ്റവും കൂടുതല്‍ സമയം നല്‍കുന്നത് സല്യൂട്ട് പഠിപ്പിക്കുന്നതിന് വേണ്ടിയാണ്. പിന്നീട് എല്ലാവരും തങ്ങള്‍ക്ക് തോന്നുന്ന രീതിയിലാകും സല്യൂട്ട് നല്‍കുക. അത് അത്ര ശ്രദ്ധിക്കപ്പെടില്ല. എന്നാല്‍, മന്ത്രി വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ സല്യൂട്ട് കൃത്യമായ രീതിയില്‍ ചെയ്യാതെ വഴിപാട് ആക്കിയതാണ് വിമര്‍ശനം.

മന്ത്രിക്കൊപ്പം സല്യൂട്ട് സ്വീകരിക്കുന്നവരില്‍ എസ്.പി, അഡീഷണല്‍ എസ്.പി, ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവര്‍ തെറ്റായിട്ടാണ് സല്യൂട്ട് സ്വീകരിക്കുന്നത്. വേദിയിലുള്ള ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാത്രമാണ് കൃത്യമായ സല്യൂട്ട് അനുവര്‍ത്തിച്ചിരിക്കുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെയാണ് ജില്ലയിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റസിന്റെ പാസിങ് ഔട്ട് പരേഡ് നടന്നത്. മന്ത്രി വീണാ ജോര്‍ജ് ആയിരുന്നു മുഖ്യതിഥി.

ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും ഇടയ്ക്കായിട്ടാകണം സല്യൂട്ട് ചെയ്യുമ്പോള്‍ പുരികം വരേണ്ടത്. കണ്ണു മറയുകയും ചെയ്യരുത്. എന്റെ കൈകള്‍ ശുദ്ധമാണ്, എന്റെ കൈയില്‍ ആയുധങ്ങളില്ല, ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു എന്നൊക്കെയാണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്. കൈത്തണ്ട ത്രികോണം പോലെ വന്ന് നില്‍ക്കണം. കണ്ണു മറയക്കാനും പാടില്ല.

ഇവിടെ വേദിയിലുള്ള മന്ത്രി വരെ സല്യൂട്ട് കൃത്യമായി സ്വീകരിക്കുന്നുണ്ട്. എസ്.പി കണ്ണു പൂര്‍ണമായും മറച്ചാണ് സല്യൂട്ട് ചെയ്യുന്നത്. വിരലുകള്‍ക്കിയില്‍ വിടവും ഉണ്ട്. ഏറ്റവും ശേഷം അഡീഷണല്‍ എസ്പി ആര്‍. ബിനുവിന്റെ സല്യൂട്ടാണ്. മേല്‍പ്പറഞ്ഞ യാതൊരു മാനദണ്ഡവും അദ്ദേഹം പാലിച്ചിട്ടില്ല. പോലീസ് ഗ്രൂപ്പുകളില്‍ വിമര്‍ശനം നിറയുകയാണ്.