മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തും മഹല്ലുകളുടെ ഖാസിയാകന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി രംഗത്തുവന്ന ഉമര്‍ഫൈസി മുക്കത്തിനെതിരെ യൂത്ത്ലീഗ് നേതാവിനെകൊണ്ടു മലപ്പുറം എസ്.പിക്കു പരാതികൊടുപ്പിച്ചത് ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം. സമുദായത്തിനിടയില്‍ സ്പര്‍ദ്ദ വളര്‍ത്തി തമ്മില്‍ തല്ലിക്കാന്‍ ഇടവരുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയ ഉമര്‍ഫൈസി മുക്കത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാത്രിയോടെ യൂത്ത്ലീഗ് പുല്‍പ്പറ്റ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മണ്ഡലം പ്രവര്‍ത്തക സമിതി അംഗവും ജില്ലാ കൗണ്‍സിലുമായ പുല്‍പ്പറ്റ സ്വദേശി വി.പി. റിയാസ് അഭിഭാഷകനും മുന്‍ പുല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും മുസ്ലിംലീഗ് ഭരിക്കുന്ന പുല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. കെ.വി. യാസറുമൊന്നിച്ച് മലപ്പുറം എസ്.പിക്കു നേരിട്ടു പരാതി നല്‍കിയത്.

തന്റെ മഹല്ല് ഖാസിയും മുസ്ലിംമത വിഭാഗത്തിന്റെ ആത്മീയ നേതാവുമായ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ എടവണ്ണപ്പാറയില്‍വെച്ചു ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം മുസ്ലിംസമുദായത്തിനിടയില്‍ സ്പര്‍ദ്ദ വളര്‍ത്തണമെന്നും ഇതുവഴി സമുദായത്തിലെ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതാ മനോഭാവം ഉണ്ടാക്കണമെന്നു നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ഇതര വിഭാഗങ്ങള്‍ തമ്മില്‍ കലാപമുണ്ടാക്കണമെന്നു ലക്ഷ്യവെച്ചാണെന്നുമാണു പരാതിയില്‍ പറയുന്നത്. ന്യായ സംഹിത പ്രകാരം കേരളാ പോലീസ് ആക്ട് പ്രകാരവും വിവാദ പ്രസംഗം കുറ്റകരമായ പ്രവര്‍ത്തിയാണെന്നും ഇതിനാല്‍ സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനാവശ്യമായ അടിയന്തര നടപടിയുണ്ടാകണമെന്നുമാണു പരാതിയില്‍ പറയുന്നത്. ജില്ലാ പോലീസ് മേധവി വിഷയത്തില്‍ ആവശ്യമായ ഇടപെടലുണ്ടാകുമെന്നു ഉറപ്പുപറഞ്ഞിട്ടുണ്ടെന്നും ഇടപെടലുകളുണ്ടായില്ലെങ്കിലൂം കോടതി മുഖേന മറ്റു നിയമ നടപടികളിലേക്കു നീങ്ങുമെന്നും പരാതിക്കാരനായ വി.പി. റിയാസും അഭിഭാഷകന്‍ കെ.വി.യാസറും പറഞ്ഞു. അതേ സമയം യൂത്ത്ലീഗ് നേതാക്കളായ ഇരുവരും പാണക്കാടുനിന്നും ലഭിച്ച നിര്‍ദ്ദേശ പ്രകാരമാണു കേസ് നല്‍കിയതെന്നാണു വിവരം.

അതേ സമയം സമസ്തയില്‍ പടയൊരുക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തും മഹല്ലുകളുടെ ഖാസിയാകന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി സമസ്ത സെക്രട്ടറി ഫൈസി മുക്കം രംഗത്തുവന്നതിനു പിന്നിലും ഒരു വിഭാഗം സമസ്ത നേതാക്കളുടെ പിന്തുണ രഹസ്യ പിന്തുണയുണ്ട്. പരസ്യമായി സംഭവം തള്ളിപ്പറഞ്ഞെങ്കിലും രഹസ്യമായി പ്രസ്താവനയെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം സമസ്തയിലുണ്ട്. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമാണു ഉഫൈസി മുക്കം സാദിഖലി തങ്ങളെ വിമര്‍ശിച്ചു രംഗത്തുവന്നത്. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തത്തിലാണ് വിമര്‍ശനം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിരു വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നുമാണു ഉമര്‍ ഫൈസി പറഞ്ഞത്.

സാദിഖലി തങ്ങള്‍ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമര്‍ ഫൈസി രംഗത്തെത്തി. സിഐസി(കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) വിഷയത്തില്‍ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകള്‍ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമര്‍ ഫൈസി മുക്കം ഓര്‍മപ്പെടുത്തി. ഖാളി ഫൗണ്ടേഷന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഈ പ്രസ്താവന സാദിഖലി തങ്ങളോട് നേരത്തെയുള്ള സമസ്തയുടെ അതൃപ്തിയുടെ ഭാഗമായാണെന്നാണു വിലയിരുത്തല്‍. സി.ഐ.സി വിഷയത്തില്‍ മറ്റുള്ളവരെ പരിഗണിക്കാതെ സമസ്ത പണ്ഡിതരെ മുഖവിലക്കെടുക്കാത്ത ധിക്കാരിയായ ഹക്കീം ഫൈസിക്കു എന്തിനാണിത്ര പരിഗണന നല്‍കുന്നതെന്നു ചൂണ്ടിക്കാട്ടി നേരത്തെ സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഏകപക്ഷീയമായി സമസ്ത മാറ്റിനിര്‍ത്തിയ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സി.ഐ.സിയുടെ ജനറല്‍ സെക്രട്ടറിയാക്കിയതു സാദിഖലി തങ്ങളുടെ പിടിവാശി മൂലമാണെന്നാണു സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. . ഈനടപടി ശരിയായില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സി.ഐ.സി തുടരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരവെ അതിനെ തകര്‍ക്കാനുള്ള ശ്രമം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും രംഗത്തുവന്നിരുന്നു.

രമ്യമായി പരിഹരിക്കാവുന്ന സി.ഐ.സി പ്രശ്നങ്ങളെ സങ്കീര്‍ണമാക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, ജംഇയ്യതുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്റഫ് എന്നിവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന്റെ ബാക്കിപത്രമാണു പുതിയ പ്രസ്താവനയെ കാണുന്നത്. ഇതിനു സമസ്തയിലെ വലിയൊരു വിഭാഗത്തിന്റെ രഹസ്യപിന്തുണയുണ്ടെന്നു സമസ്ത നേതാക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്.

അതേ സമയം ഉമര്‍ഫൈസി മുക്കത്തിനെതിരെ മുസ്ലിംലീഗ് രംഗത്തുവന്നു. ഉമര്‍ ഫൈസി മുക്കം നടത്തിയത് അപഹാസ്യമായ പ്രസ്താവനയാണെന്നാണ് ലീഗ് പറയുന്നത്. പാണക്കാട് കുടുംബത്തെ അപമാനിച്ച് ലീഗിനെ തകര്‍ക്കാന്‍ ചില രാഷ്ട്രീയക്കാരുടെ ശ്രമമാണ്. ലീഗ് പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കും എന്ന് കരുതേണ്ടെന്നും ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. സാദിഖലി തങ്ങളെ ഖാസിയായി തിരഞ്ഞെടുത്തത് ജനങ്ങളാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. ചിലരെ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ നല്‍കി വരുതിയിലാക്കിയെന്നും ലീഗ് ആരോപിക്കുന്നു. ഉമര്‍ ഫൈസിയെ തള്ളി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തി. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടുപോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയായില്ലെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഉമര്‍ ഫൈസിയുടേത് സമസ്തയുടെ നിലപാടല്ല, വ്യക്തിപരമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാതെ സജീവമാക്കി നിര്‍ത്താനാണ് ചിലരുടെ ശ്രമം. സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യനാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.