- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും വിശദീകരണം; പോർച്ചുഗൽ പതാക കെട്ടുന്നതും ശരിയല്ല; ഇന്ത്യയിൽ അധിനിവേശം നടത്തി ചൂഷണം ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും? വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കില്ല; ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത രംഗത്ത്
കോഴിക്കോട്: കേരളം ഫുട്ബോൾ ലഹരിയിലാണ്. രാഷ്ട്രീയക്കാർ അടക്കം എല്ലാവരും കാൽപ്പന്ത് കളിയുടെ പിന്നാലെയാണ്. യുവാക്കളാണ് ഇതിൽ ഭൂരിപക്ഷവും. ആവേശം അലതല്ലുന്നതാകട്ടെ മലബാറിലുമാണ്. എന്നാൽ, യുവാക്കളുടെ ഈ ആവേശം സമസ്തക്ക് പിടിച്ചില്ല. അതുകൊണ്ട് തന്നെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത രംഗത്തുവന്നു. താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന് സമസ്ത വ്യക്തമാക്കി. ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്ത്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത. ഇന്ന് ജുമുഅ പ്രഭാഷണത്തിൽ വിശ്വാസികളെ ബോധവൽകരിക്കും.
ഇന്ത്യയിൽ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് സംഘടന ചോദിക്കുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തിൽ വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നാണ് സമസ്തയുടെ വാദം. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖത്തീബുമാർക്ക് കൈമാറിയ സന്ദേശത്തിൽ ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. സകലതെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാൽപന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഫുട്ബോൾ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണ്. സ്നേഹവും കളിതാൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ വളരെ അപകടമാണ്.
കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യമായി അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമികവിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും നാസർ ഫൈസി കൂടത്തായി സന്ദേശത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ