- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ക്ലാസ് റൂം പഠനം രാവിലെ 8 മണിക്ക് ആക്കിയാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കും; സമയമാറ്റം എന്ന ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത; ഒരുനിലയ്ക്കും പഴയ നിർദ്ദേശം വീണ്ടും കൊണ്ടുവരുന്നത് അംഗീകരിക്കില്ലെന്നും നേതാക്കൾ
തിരുവനന്തപുരം: സ്‌കൂൾ ക്ലാസ് റൂം പഠനം രാവിലെമുതൽ ഉച്ചവരെയാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ. ഉച്ചയ്ക്കുശേഷമുള്ള സമയം സ്‌കൂളുകളിൽ ഉപയോഗപ്പെടുത്തണമെന്നും പൊതുസമൂഹവുമായി ചർച്ച ചെയ്ത് സമവായത്തിലൂടെ മാത്രമേ ഇത് നടപ്പാക്കാവൂയെന്നും കമ്മിറ്റിയുടെ രണ്ടാംഭാഗ റിപ്പോർട്ട് ശുപാർശ ചെയ്തു. എന്നാൽ, സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് സമസ്ത പ്രതികരിച്ചു.
പഠനസമയം എട്ടു മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പ്രസ്താവനയിൽ അറിയിച്ചു. അതിനാൽ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പ്രസ്താവനയിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറൽ സ്‌കൂളുകൾ രാവിലെ 10 മണിക്കും മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾ 10.30 നുമാണ് പ്രവർത്തിക്കേണ്ടത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വർഷങ്ങളായി തുടർന്നുവരുന്ന പഠനസമയത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്‌കൂൾ സമയ നിർദ്ദേശത്തിനെതിരേ ശക്തമായ എതിർപ്പുമൂലം അന്നത്തെ സർക്കാർ സമയമാറ്റ നിർദ്ദേശം പിൻവലിച്ചതാണ്. പ്രസ്തുത നിർദ്ദേശം വീണ്ടും കൊണ്ടുവരുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സ്‌കൂളുകളിൽ ക്ലാസ് റൂം പഠനം രാവിലെ മുതൽ ഉച്ചവരെയാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശകളിൽ ഒന്ന്. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. സ്‌കൂൾ സമയ ക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറൽ സ്‌കൂളുകളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയും മുസ്ലിം സ്‌കൂളുകളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയുമാണ് നിലവിൽ പഠന സമയം. 2007 ലെ സർക്കാർ സകൂൾ സമയമാറ്റ നിർദ്ദേശം കൊണ്ടുവന്നപ്പോൾ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും മറ്റു മുസ്ലിം സംഘടനകളുടെയും ശക്തമായ എതിർപ്പും കാരണം ഉപേക്ഷിക്കുകയാണുണ്ടായത്.
ഖാദർ കമ്മിറ്റിയുടെ മറ്റുശുപാർശകൾ
പൊതുവിദ്യാഭ്യാസത്തിൽ ഏറെ മുന്നേറിയിട്ടുള്ള രാജ്യങ്ങളിലെല്ലാം പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ക്ലാസ് മുറിയിലെ പഠനം ഉച്ചവരെയാണെന്നും കേരളം ഇതിന് സജ്ജമാകണമെന്നും നിർദ്ദേശിച്ചു. വിദ്യാർത്ഥിയുടെ സർഗാത്മകവും കായികവും തൊഴിൽപരവുമായ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് മുന്നേറണം. ഇത്തരം ക്ലാസുകൾ പ്രായത്തെ അടിസ്ഥാനമാക്കിയാകരുത്. കഴിവുകളെ അടിസ്ഥാനമാക്കിയാകണം.
നൈപുണി വികാസത്തോടൊപ്പം തൊഴിലിനോടുള്ള മനോഭാവ വികാസവും സാധ്യമാക്കണം. ഓരോ കുട്ടിക്കും പഠിക്കാനും വളരാനും അവസരതുല്യത ഉറപ്പാക്കണം. രണ്ടാം ഭാഗംകൂടി സർക്കാരിന് സമർപ്പിച്ചതോടെ ഖാദർ കമ്മിറ്റി റിപ്പോർട്ട് പൂർണമായി. സ്‌കൂൾ ഘടനാമാറ്റമായിരുന്നു ഒന്നാം ഭാഗത്തിലുണ്ടായിരുന്നത്. സ്‌കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽ തന്നെയാകണമെന്ന് ഖാദർ കമ്മിറ്റി നിർദ്ദേശം. ഇംഗ്ലീഷ് റഫറൽ ഭാഷയായി പരിഗണിച്ച് പ്രാധാന്യത്തോടെ പഠിപ്പിക്കണം. ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാപഠനവും മെച്ചപ്പെടുത്തണം. പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളുടെ മാതൃകയിൽ അദ്ധ്യാപക പരിശീലന കോഴ്സുകൾ മാറ്റണം. പ്ലസ്ടുവിനുശേഷം അഞ്ച് വർഷ ഇന്റഗ്രേറ്റഡ് കോഴ്സുകളാകണം. അദ്ധ്യാപകർ അനുദിനം പുതിയ അറിവുകൾ ആർജിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തര പരിശീലനം നൽകണം.
വിദ്യാഭ്യാസത്തിന്റെ രണ്ടാംതലമുറ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിന് അദ്ധ്യാപകരെ സജ്ജമാക്കണം. ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പും ശേഷവുമുള്ള അദ്ധ്യാപക പരിശീലനം സമഗ്രമാറ്റത്തിന് വിധേയമാകണം. ഘട്ടംഘട്ടമായി എല്ലാതലങ്ങളിലും അദ്ധ്യാപക യോഗ്യത, അദ്ധ്യാപകരാകാനുള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ ഉൾപ്പെടെ ഇന്റഗ്രേറ്റഡ് മാസ്റ്റർ കോഴ്സായി മാറണം.റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ കമ്മിറ്റി അധ്യക്ഷൻ ഡോ. എം എ ഖാദർ സമർപ്പിച്ചു. ി.
മറുനാടന് മലയാളി ബ്യൂറോ