തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് കോഴിക്കോട് സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് നടത്തിയ പ്രസംഗത്തിനെതിരെ സമസ്ത പ്രചരണത്തിന്. ഹദീസ് വളച്ചൊടിച്ചു കൊണ്ടു ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം പ്രവാചക നിന്ദയാണെന്നാണ് ഇവരുടെ ആരോപണം. കോഴിക്കോട് പോപ്പുലർ ഫ്രണ്ട് നടത്തിയ റാലി വൻ വിജയമായതിന് പിന്നാലെയാണ് എതിർപ്പമായി സമസ്ത നേതാക്കൾ രംഗത്തുവന്നത്.

പ്രവാചകചരിത്രം വളച്ചൊടിച്ച് പ്രവാചകനിന്ദ നടത്തിയെന്നാണ് സമസ്ത നേതാക്കാൾ ആരോപിക്കുന്നത്. സത്താർ പന്തല്ലൂരും നാസർ ഫൈസി കൂടത്തായിയും അടക്കമുള്ളവരാണ് ഈ വാദം ഉന്നയിക്കുന്നത്. അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കുകയാണ് പോപ്പുലർ ഫ്രണ്ട് നേതാവ് ചെയ്യുന്നതെന്ന് സത്താർ വിമർശിച്ചു. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാചകനിന്ദയുടെ തനിയാവർത്തനം എന്നാണ് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ഫേസ്‌ബുക്കിൽ കുറിച്ചത്.

അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

*പ്രവാചകനിന്ദയുടെ തനിയാവർത്തനം*

റഷ്ദി മുതൽ നുപൂർ ശർമ്മ വരേ പ്രവാചകനിന്ദ നടത്തിയവർ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്.തിരുനബിയുടെ സഹിഷ്ണുതയെ തിരസ്‌കരിച്ച് ഹദീസിനെ വികലമാക്കി പ്രവാചകൻ(സ) യെ വികൃതമായി അവതരിപ്പിച്ച ചഉഎ നേതാവും വിചാരണ ചെയ്യപ്പെടും. മുമ്പ് ഡന്മാർക്കിൽ ജിലൻഡ്‌സ് പോസ്റ്റണിൽ വികലമായി പ്രസിദ്ധീകരിച്ച പ്രവാചക കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ച (തേജസ്സ് 2006 ഫെബ്രുു: 5) തിന്റെ തനിയാവർത്തനം തന്നെയാണിത്.തങ്ങളുടെ ആശയം അണികളിൽ പ്രചരിക്കാൻ പ്രവാചകനിന്ദ നടത്തുന്നത് വലിയ പാപം തന്നെയാണ്.

വിട്ടുവീഴ്ചയുടെ ഹുദൈബിയ്യ: സന്ധി ഇല്ലെന്നോ അല്ലെങ്കിൽ തിരുനബി(സ)ക്ക് സംഭവിച്ച അബദ്ധമെന്നോ ഇവർ പറഞ്ഞേക്കും. ബദർ പാീമാണെന്ന പോലെ ഹുദൈബിയ്യ:യും പാീമാണ്. വിചാരണ ചെയ്യപ്പെടുമ്പോൾ സൈബറിടങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് ''ദാഹശമനം' കണ്ടെത്തിയാൽ പരിഹാരമാവില്ല.ചങ്കുറപ്പിന്റെ പ്രകടന പരതക്ക് ചെലവിടുന്നതിന്റെ സമയവും സമ്പത്തും ഇത്തിരി ചെലവഴിച്ചാൽ അണികൾക്ക് സഹിഷ്ണുതയും പെരുമാറ്റമാനവും നുകർന്ന് കൊടുക്കാമായിരുന്നു. അതില്ലെങ്കിലും തിരുനബി(സ)യുടെ സഹിഷ്ണുതയെ എടുത്ത് കളയുന്നത് സമ്മതിക്കാനാവില്ല.

മഹ്ഷൂക്ക് തൃക്കരിപ്പൂരും പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചു രംഗത്തുവന്നു. ഹദീസ് വളച്ചൊടിക്കുന്ന പുത്തൻവാദികളെ നിങ്ങൾക്ക് സുഡാപ്പിയിൽ കാണാം. അല്ല സുഡാപ്പി തന്നെ പുത്തൻവാദികളുടെ സൃഷ്ടിയാണ്. നാളിതു വരെ അങ്ങനെ തന്നെ ഉണ്ടായിട്ടുള്ളൂ. സുഡാപ്പി നേതാവ് അഫ്‌സൽ ഖാസിമി പറയുന്ന നബി തങ്ങളുടെ ചരിത്രം കേൾക്ക്. ശേഷം അടുത്ത വീഡിയോയിൽ ആ ചരിത്രത്തിന്റെ സത്യാവസ്ഥ റഹ്മത്തുല്ലാഹ് ഖാസിമി പറയുന്നതും കേൾക്കുക. നബിയുടെ സഹിഷ്ണുതയുടെ ഉദാഹരണമാക്കേണ്ടുന്ന ചരിത്രം ഇങ്ങനെ വേറെയൊന്ന് ആക്കേണ്ടുന്ന ആവിശ്യമെന്താണ്? എന്നാണ് മഹ്ഷൂക്ക് ഫേസ്‌ബുക്കിൽ എഴുതിയത്.

അതേസമയം ഇതിൽ സത്താർ പന്തല്ലൂരായിരുന്നും ആദ്യം രംഗത്തുവന്നത്. സത്താർ പന്തല്ലൂരിന്റെ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:

മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകന്റെ ഉടവാള് മോഷ്ടിച്ചെടുത്ത് 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും' എന്നു ചോദിച്ചു പ്രവാചകനെ വകവരുത്താൻ ശ്രമിച്ച ഗ്രാമീണന്റെ കഥ പ്രസിദ്ധമാണ്. പ്രവാചകന്റെ ധീരതക്കും ആത്മീയശക്തിക്കും മുന്നിൽ ശത്രുവിന്റെ കൈയിൽനിന്ന് ആ വാള് വീണപ്പോൾ, പ്രവാചകൻ അതെടുത്ത് 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും' എന്ന് ചോദിക്കുന്നുണ്ട്.

അതോടെ ശത്രുപതറുകയും 'നീ മാത്രമേ രക്ഷിക്കാനുള്ളൂ' എന്ന് പറഞ്ഞു വിലപിക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യക്കടലായ മുഹമ്മദ് നബി(സ) അതോടെ അയാളെ വെറുതെ വിടുന്നു. ഇതാണ് ചരിത്രം. പക്ഷേ, വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഇമാമിന് ഈ ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചുവെന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ട.

തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിന്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിന്റെയും ആയുധങ്ങൾ സംസാരിക്കുന്നതിന്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിന്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും. അതൊന്നും ഇവർക്ക് വേണ്ട. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയും.