- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസാഗരം തീർത്ത് കരുത്തുകാട്ടി സമസ്ത ആദർശ സമ്മേളനം; ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിനു പ്രവർത്തകർ കടപ്പുറത്തേക്ക് ഒഴുകിയെത്തി; സമസ്തയോട് ആരും കളിക്കേണ്ട, ആരു കളിച്ചാലും അവരുടെ കളി നാശത്തിനാണെന്ന മുന്നറിയിപ്പുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ; മുജാഹിദ് സമ്മേളനം ഫാസിസ്റ്റ് സംഘടനകൾക്ക് വേദിയൊരുക്കിയെന്നും വിമർശനം
കോഴിക്കോട്: ജനസാഗരം തീർത്ത് കരുത്തുകാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദർശ സമ്മേളനം. കോഴിക്കോട് കടപ്പുറത്ത് ശുഭ്രവസ്ത്രധാരികളുടെ സാഗരം തീർത്താണ് സമ്മേളനം നടന്നത്. സമസ്തക്കെതിരെ വിമർശനം ഉന്നയിച്ചവർക്കെതിരെ രൂക്ഷ വിമർശനവും സമ്മേളനത്തിൽ ഉയർന്നു. കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളുമടക്കം പതിനായിരങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുജാഹിദ് സമ്മേളനം അടക്കം പറയാതെ പരാമർശിച്ചു കൊണ്ടാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസംഗിച്ചത്. സമസ്തയെന്ന പ്രസ്ഥാനത്തെ തകർക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിമർശനങ്ങൾക്കും മറുപടി പറുയുന്നില്ല അതിന് ചങ്കൂറ്റം ഉള്ളവർ സമസ്തയിൽ ഉണ്ടെന്ന് മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്തയോട് ആരു കളിച്ചാലും അവരുടെ കളി നാശത്തിനാണെന്നും അദ്ദേഹം മുന്നറിയപ്പു നൽകി.
വരക്കൽ മഖാം സിയാറത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി. പൊതുസമ്മേളനത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് പ്രാർത്ഥന നിർവ്വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എ.വി അബ്ദുറഹിമാൻ മുസ്ലിയാർ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. എം ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കോഴിക്കോട് ബീച്ചിലെ സമ്മേളന വേദിയിലേക്ക് സമസ്തയുടെയും പോഷക സംഘടനകളുടെയും പതാകയേന്തിയ ബസുകളും വാനുകളും കൊണ്ട് കോഴിക്കോട് നഗരം ഉച്ചയ്ക്ക് മുമ്പെ തന്നെ നിറഞ്ഞിരുന്നു. ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിനു പ്രവർത്തകരാണ് വലുതും ചെറുതുമായ വാഹനങ്ങളിൽ കോഴിക്കോട് കടപ്പുറത്തേക്ക് എത്തിയത്. അസർ നിസ്‌കാരത്തിന് നഗരത്തിലെ മുഴുവൻ പള്ളികളിലും സമസ്തയുടെ പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. ജില്ലയുടെ പ്രധാന പ്രവേശന കവാടം മുതൽ വിഖായ വളണ്ടിയർമാർ സമ്മേളന നഗരിയിലേക്കുള്ള വഴി തെളിയിച്ചു കൊടുക്കാൻ നിലയുറപ്പിച്ചു.
കോഴിക്കോട് വെങ്ങളം ബൈപാസിന്റെ പ്രധാന പ്രവേശന ഭാഗത്തും രാമനാട്ടുകരയിലും പ്രധാന ബൈപാസിലും നിലയുറപ്പിച്ചതിനു പുറമെ നഗരത്തിലെ പ്രധാന ഇടങ്ങളിലും വിഖായയുടെ നീലപ്പടയാളികൾ സമസ്തയുടെ കൊടിയും പിടിച്ചാണ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്. 1926ൽ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിലേക്കുള്ള പ്രയാണത്തിലാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, ധാർമിക രംഗങ്ങളിലും സമുദായ സൗഹാർദ്ദത്തിനും ലോകത്തിന് മാതൃക കാണിച്ച സമസ്തയുടെ ജനകീയ പിന്തുണ ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തുന്നതായിആദർശ സമ്മേളനം.
ആദർശ സമ്മേളനത്തിൽ പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, യു.എം അബ്ദുറഹിമാൻ മുസ്ലിയാർ, എം.കെ മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.കെ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, കെ.ടി ഹംസ മുസ്ലിയാർ, പി.കെ ഹസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി സംസാരിച്ചു. എംപി മുസ്തഫൽ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മുസ്തഫ അശ്റഫി കക്കുപടി, നാസർ ഫൈസി കൂടത്തായി, സത്താർ പന്തല്ലൂർ, സലാഹുദീൻ ഫൈസി വല്ലപ്പുഴ പ്രഭാഷണം നടത്തി. ഐ.ബി ഉസ്മാൻ ഫൈസി, പാണക്കാട് സയ്യിദ് മുഈനലി തങ്ങൾ, അബ്ദുൽ ഖാദിർ മുസ്ലിയാർ പൈങ്കണിയൂർ, പാണക്കാട് സയ്യിദ് ഹാഷിറലി തങ്ങൾ, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ, സയ്യിദ് മുബശ്ശിർ തങ്ങൾ സംബന്ധിച്ചു.
മുജാഹിദ് സമ്മേളനത്തിൽ തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് സമ്മേളനം നടന്ന്ത്. മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് കുടുംബം പങ്കെടുക്കാതിരുന്നത് അവർ സമസ്തയുടെ തടവറയിലായതുകൊണ്ടാണെന്ന് മുജാഹിദ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനുൾപ്പെടെയുള്ള മറുപടി കൂടയാണ് ആദർശ സമ്മേളനത്തിൽ സമസ്ത നേതാക്കൾ നൽകിയത്.
സമസ്ത ആദർശ സമ്മേളനത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീനെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയാണ് സംസാരിച്ചത്. ഫാസിസ്റ്റ് സംഘടനകൾക്ക് വേദിയൊരുക്കുകയാണ് മുജാഹിദ് സമ്മേളനം ചെയ്തത്. ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളിൽ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദ് പ്രസ്ഥാനം. ബാബരി മസ്ജിദ് കേസിലെ വിധി മുസ്‌ലിം സമുദായത്തിന് നേരെയുള്ള കടന്നാക്രമണം ആയിരുന്നു.
പക്ഷേ ആ വിധിയെ സംബന്ധിച്ചിടത്തോളം ആൾ ഇന്ത്യാ അഹ്‌ലേ ഹദീസിന്റെ പ്രസിഡന്റും കേരള നദ്‌വത്തുൽ മുജാഹിദീന്റെ റോൾ മോഡലുമായ മൗലാനാ അസ്ഹറലി ഇമാം പറഞ്ഞത് ആ വിധി സ്വാഗതാർഹമാണെന്നും അന്തസ്സുള്ള വിധിയാണെന്നുമായിരുന്നു. പത്താം സമ്മേളനം കൊണ്ട് മുജാഹിദ് പ്രസ്ഥാനം എന്തു നേടിയെന്നും നാസർ ഫൈസി ചോദിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ