- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്‌കൂൾ പിടിഎ യോഗങ്ങളിൽ പുരുഷന്മാരും പങ്കെടുക്കണം; ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു, യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം; പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണം': പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാൻ സമസ്തയുടെ സർക്കുലർ
കോഴിക്കോട്: കേരളത്തിലെ സ്‌കൂളുകളുടെ അധ്യയന സമയത്തിലുള്ള മാറ്റം തൊട്ട് പാഠപുസ്തക പരിഷ്‌ക്കരണത്തെക്കുറിച്ചുവരെ വലിയ ചർച്ചകൾ നടക്കുന്ന സമയമാണ്. സ്‌കൂൾ സമയം രാവിലെ 8 മുതൽ ഒരുമണി വരെയാക്കാനുള്ള ഖാദർ കമ്മറ്റി ശുപാർശ മുസ്ലിം വിദ്യാർത്ഥികളുടെ മതപഠനത്തിന് തടസ്സം ഉണ്ടാക്കുമെന്ന് സമസ്തയടക്കമുള്ള സംഘടനകൾ എതിർക്കയാണ്. മുസ്ലിം ലീഗിനും ഇതേ നിലപാട് ആണ് ഉള്ളത്. ഇതോടൊപ്പമാണ് ജെൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യൂ, യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കേണ്ടതിന്റെ ചർച്ചകളും നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാനായി സ്‌കൂളുകളിൽ പിടിഎ യോഗവും ചേരുന്ന സമയം ആണിത്. അപ്പോൾ ആ പിടിഎ യോഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമസ്തനേതാവും, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി അംഗങ്ങൾക്ക് അയച്ച ഒരു കത്ത് പുറത്തായിരിക്കയാണ്.
സ്‌കൂൾ പിടിഎ യോഗങ്ങളിൽ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന രീതി മാറണമെന്നും, പുരുഷന്മാരും പങ്കെടുക്കണമെന്ന് ഫൈസി തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു ,യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം. പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണമെന്നും ഫൈസി കത്തിൽ പറയുന്നു.
സർക്കാറിന് ഒളി അജണ്ടയെന്ന്
'സ്‌കൂൾ പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.' എന്ന തലക്കെട്ടിൽ നാസർ ഫൈസി കൂടത്തായി അയച്ച കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'നമ്മുടെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരട് രേഖ സർക്കാർ പ്രസിദ്ധീകരിച്ച് നവമ്പർ 30 വരേ ചർച്ചക്ക് വെച്ചിരിക്കുകയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി സ്‌കൂൾ പിടിഎ യോഗങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്തുകാർ ഉൾപ്പെടെയുള്ളവർ അത് വിദഗ്ദമായി അവതരിപ്പിച്ച് കുറഞ്ഞ സമയത്തിനകം പാസാക്കിയെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. രക്ഷിതാക്കൾക്ക് തികഞ്ഞ ജാഗ്രതയില്ലെങ്കിൽ ജൻഡർ ന്യൂട്രാലിറ്റിയും മതവിരുദ്ധതയും രക്ഷിതാക്കളുടെ സമ്മതി ലേബളിൽ ഒളിച്ച് കടത്തുന്ന ശ്രമമാണ് നടക്കുന്നത്.
നേരത്തെ വിമർശിക്കപ്പെട്ടിരുന്ന ജൻഡർ ആശയങ്ങളും ലിംഗസമത്വവുമൊക്കെ പല ഭാഗത്തായി വർണ്ണക്കടലാസിൽ പൊതിഞ്ഞ് വെച്ചിരിക്കുകയാണ് 116 പേജുള്ള പുതിയ 'ചട്ടക്കൂട് ''
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പിടിഎയോഗത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാവാതെ കാര്യബോധമുള്ള പുരുഷന്മാരോ സ്ത്രീകളോ പങ്കെടുക്കുക.
2. നേരെത്തെ പാഠ്യപദ്ധതി കരട് രേഖയിലും കുടുംബശ്രീ കൈപ്പുസ്തകത്തിലും പറഞ്ഞിരുന്ന ലിംഗസമത്വം എന്നത് ഒഴിവാക്കി ലിംഗനീതി എന്നാക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും പുതിയ രേഖയിലും ലിംഗസമത്വം ഉടനീളമുണ്ട്. ലിംഗസമത്വത്തെ കുറിച്ച് അംശങ്ങൾ വലിയ തോതിൽ ഉണ്ടാകണമെന്ന് പറയുന്നു (പേജ് 10, 16, 20, 22, 23, 69,71,79,80, 81)
3. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കുന്ന, സ്വവർഗ്ഗ ലൈംഗികതയും പ്രണയവും പ്രോത്സാഹിപ്പിക്കുന്ന ജൻഡർ ന്യൂട്രാലിറ്റിയുടെ എൽജിബിടിക്യുഐ എന്ന ആശയധാരയിലേക്ക് പ്രേരിപ്പിക്കുന്ന ഭാഗങ്ങളാണ് പല ഭാഗത്തുമുള്ളത് (ഉദാ:- സ്‌കൂൾ പാഠ പുസ്തകങ്ങൾ, പഠനബോധന രീതികൾ, സ്‌കൂൾ കാമ്പസ്, കളിസ്ഥലം എന്നിവ ജൻഡർ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്.പേജ്: 20), ജൻഡർ അഥവാ ലിംഗഭേദം സാമൂഹിക നിർമ്മിതിയാണ് (പേജ്: 79) അഥവാ സ്ത്രീ-പുരുഷ സങ്കൽപം സമൂഹം നിർമ്മിച്ചുണ്ടാക്കിയതാണ് അതിനാൽ ജന്മനായുള്ള ലിംഗത്തിൽ നിന്ന് ക്രമേണ മാറാമെന്ന ബോധം കുട്ടികളിൽ വളർത്തുകയാണ്.
4. ജെൻഡർ സെൻസിറ്റീവ്, ജെൻഡർ സ്പെക്ടർ (പേ: 18) എന്ന വാക്കുകളെ കുറിച്ച് വ്യക്ത വേണ്ടതുണ്ട്.
5. സർഗ്ഗാത്മകത പോലെ തന്നെ കുട്ടികളിൽ യുക്തിചിന്തയും വളർത്തണം (പേ: 16, 23, 69) എന്ന് പറയുന്നു.എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ശാസ്ത്ര ബോധമാവാം എന്നാൽ യുക്തിചിന്തകൾ നിരീശ്വരത്വത്തിലേക്കുള്ള വഴി നടത്തലാണോ?
6. സ്‌കൂൾ സമയമാറ്റം അനിവാര്യമാണെന്ന് പറയുന്നു (പേ: 21 )
ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു ,യുക്തിവാദം, സമയമാറ്റം തുടങ്ങിയ നേരത്തെ വിവാദമായ പലതും വരികൾക്കിടയിലൂടെ ഒളിച്ചു കടത്താനുള്ള പൊളിറ്റിക്സ് അജണ്ട തിരിച്ചറിഞ്ഞ് പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ഇടപെടണം.വിയോജിപ്പ് അവിടെ പറഞ്ഞില്ലെങ്കിൽ നമ്മുടെ കൂടി അംഗീകാരത്തോടെയാണ് പുരോഗമന നാട്യക്കാർ അപ്പം ചുട്ടെടുക്കുക എന്ന് തിരിച്ചറിയണം.''.
നാസർ ഫൈസി കൂടത്തായി-(ജന. സെക്രട്ടറി,സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാസംസ്ഥാന കമ്മിറ്റി )ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്.
ചർച്ച ചെയ്യണമെന്ന് ലീഗും
സ്‌കൂൾ സമയമാറ്റവും, പാഠ്യപദ്ധതി പരിഷ്‌ക്കരണവും വർഷങ്ങളായി കേരളത്തിൽ തുടരുന്ന മദ്രസ വിദ്യാഭ്യാസത്തെ തകർക്കുമെന്നതിനാൽ വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മുസ്ലിം ലീഗിന്റെ നിലപാട്. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റി കൂടുന്നത് പരിഗണനയിലുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നേരത്തെ പറഞ്ഞിരുന്നു.
ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസല്യാർ എന്നിവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കേരളത്തിൽ തുടർന്നുവരുന്ന പഠനസമയത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു.
എല്ലാം മുസ്ലിം സംഘടനകളും ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപും ഇത്തരം നീക്കങ്ങൾ ഉണ്ടായപ്പോൾ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഗൾഫ് രാജ്യങ്ങളിലടക്കം സ്‌കൂളുകൾ രാവിലെ എട്ടുമണിക്കും അതിലും നേരത്തെയും നടക്കുന്നുണ്ട്. അവിടെയൊന്നും മദ്രസാ പഠനം നടക്കുന്നില്ലേ എന്ന ചോദ്യത്തിന് സമസ്തക്ക് ഉത്തരമില്ല. സ്‌കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി.രമേശ് പറയുന്നത്. എന്തായാലും വരും ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും സെൻസീറ്റീവ് വിഷയമായി ഇക്കാര്യം മാറുമെന്ന് ഉറപ്പാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ