- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയ്യേറ്റം പൊളിച്ചു നീക്കണമെന്നും അല്ലെങ്കില്‍ പൊളിച്ച ശേഷം ചിലവായ തുക ഈടാക്കുമെന്നും നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് കൊടുത്തെങ്കിലും പുല്ലു വില; കണ്ണില്‍ പൊടിയിട്ട് കൈയേറ്റം സംരക്ഷിക്കുന്നു; ആലപ്പുഴയില്‍ പോപ്പിയും എസ് എം സില്‍ക്സ് ഉടമയും കൈയ്യേറ്റം കൈവിടില്ലേ? നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിച്ച് അധികാര വര്‍ഗ്ഗവും
ആലപ്പുഴ: ആലപ്പുഴയിലെ നഗരസഭയും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാം കൈയ്യേറ്റ മാഫിയയ്‌ക്കൊപ്പം. ആലപ്പുഴ നഗരത്തിലെ േൈകയറ്റത്തിനെതിരേ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടും മാഫിയയ്ക്ക് കുലുക്കമില്ല. പേരിനു ചെറിയ മാറ്റങ്ങള്‍ വരുത്തി ഹൈക്കോടതിയെ തെറ്റിധരിപ്പിക്കാനാണ് കൈയേറ്റക്കാരുടെ ശ്രമം. ചില ചെറിയ മാറ്റങ്ങള്‍ വരുത്തി കൈയേറ്റം മുഴുവനും സംരക്ഷിച്ചു നിലനിര്‍ത്തുകയാണ് വമ്പന്‍മാര്‍. ഇതിനിടെ വീണ്ടും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുകയാണ് റെസിഡെന്റ്‌സ് അസോസിയേഷന്‍. പക്ഷേ സര്‍ക്കാര്‍ സംവിധാനമൊന്നും ഇപ്പോഴും അനങ്ങുന്നില്ല. സെന്റിന് 12 മുതല്‍ 14 വരെ ലക്ഷം വിലയുള്ള 10 സെന്റു വരുന്ന ഭൂമിയാണ് കൈയേറിയിരിക്കുന്നത്.
ജില്ലാ കോടതിക്കു പടിഞ്ഞാറുവശം കിടങ്ങാംപറമ്പ് വാര്‍ഡില്‍ (പഴയ സനാതനം വാര്‍ഡ്) കയര്‍ മെഷീന്‍ ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റത്ത് പുറമ്പോക്കുഭൂമി കൈയേറിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ നഗരസഭ നോട്ടീസ് നല്‍കിയതാണ്. 14 ദിവസത്തിനകം കൈയേറ്റം പൊളിച്ചുനീക്കണമെന്നും അല്ലെങ്കില്‍ നഗരസഭ പൊളിച്ചശേഷം ചെലവായ തുക ഈടാക്കുമെന്നും കൈയേറ്റക്കാരെ അറിയിച്ചിരുന്നു. നോട്ടീസ് കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും കൈയേറിയ ഭൂമി വിട്ടുനല്‍കിയിട്ടില്ല. കൈയേറ്റം ഒഴിപ്പിച്ച് നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കണമെന്ന് കളക്ടറും നിര്‍ദേശം നല്‍കിയതാണ്. നീര്‍ച്ചാല്‍ കൈയേറ്റംമൂലം വെള്ളക്കെട്ടിലായ സനാതന റെസിഡെന്റ്സ് അസോസിയേഷനാണ് കൈയേറ്റത്തിനെതിരേ പരാതി നല്‍കിയത്. താലൂക്ക്, നഗരസഭാ അധികൃതര്‍ സംയുക്തപരിശോധന നടത്തിയാണ് കൈയേറ്റം കണ്ടെത്തിയത്. ഇതിന് ശേഷം എല്ലാവരും ഒരുമിച്ചു. നഗരസഭയിലെ കൈക്കൂലിക്കാര്‍ക്ക് ഇതോടെ കോളടിച്ചുവെന്നാണ് അസോസിയേഷന്‍ പറയുന്നത്.
മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തിയതിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കൈയ്യേറ്റക്കാര്‍ പതിയെ കൈയ്യറിയ സ്ഥലം ഒഴിഞ്ഞു എന്ന് കാണിക്കുവാന്‍ വേണ്ടി കൈയ്യറിയ കുറച്ച് സ്ഥലം ഒഴിഞ്ഞു. ആരും ഇതുവരെ മതില്‍ പൊളിക്കുകയോ, കൈയ്യേറിയ അത്രയും തന്നെ ഭൂമി അതേ അളവില്‍ ഒഴിഞ്ഞിട്ടുമില്ല. 3 മാസങ്ങള്‍ക്കു മുന്‍പ് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നും വ്യാപകമായി കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന് നഗരസഭക്ക് 100% സത്യസന്ധമായി റിപ്പോര്‍ട്ട് നല്‍കിയതാണ്. തുടര്‍ന്ന് നഗരസഭ 10 വര്‍ഷത്തിന് മുകളിലുള്ള ഈ കൈയ്യേറ്റം ഒഴിയാന്‍ നവംബര്‍ ആറിന് നോട്ടീസ് നല്‍കി. കൈയ്യേറ്റം പൊളിച്ചു നീക്കണമെന്നും അല്ലെങ്കില്‍ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം പൊളിച്ച ശേഷം ചിലവായ തുക ഈടാക്കുമെന്നും നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് കൊടുത്തെങ്കിലും കൈയ്യേറ്റക്കാര്‍ ഒഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും കളക്ടര്‍ നഗരസഭക്ക് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഫലം കണ്ടില്ല. നീതി കിട്ടാന്‍ ഗത്യന്തരമില്ലാതെ ഹൈക്കോടതിയെ സമീപിച്ചു നാട്ടുകാര്‍.
എസ് എം സില്‍ക്സ് ഉടമസ്ഥരായ 3 സഹോദരങ്ങളാണ് മിച്ചഭൂമിയുടെ തെക്കു നിന്നും പടിഞ്ഞാറു നിന്നും ഏറ്റവും കൂടുതല്‍ ഭൂമി കൈയ്യെറിയിരിക്കുന്നത്. ഇതില്‍ സന്തോഷ് എന്ന ആള്‍ നീര്‍ച്ചാല്‍ നികത്തി ആ സ്ഥലം കോണ്‍ക്രീറ്റ് ചെയ്തത് മൂലം തന്റെ വീട്ടില്‍ ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അനുമതി ഇല്ലാതെ അയല്‍വാസിയുടെ മതില്‍ കുത്തിപ്പൊട്ടിച്ച് അയാളുടെ പുരയിടത്തിലേക്ക് വെള്ളമോഴുക്കി എന്ന് മാത്രമല്ല, കൈയ്യേറിയ ഭൂമിയുടെ അപ്പുറമുള്ള അയല്‍ക്കാരന്റെ 28.50 മീറ്റര്‍ മതിലിനു മുകളില്‍ ഷീറ്റ് അടിച്ചു മതില്‍ മൊത്തം പൊട്ടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ വിഷയം കൈവിട്ടുപോകും എന്നായപ്പോള്‍ മതിലിനു മുകളിലെ പകുതിയോളം ഷീറ്റ് മതിലില്‍ നിന്നും അഴിച്ചു മാറ്റി. എന്നാല്‍ അയല്‍വാസിക്കുണ്ടായ നഷ്ടപരിഹാരത്തെ കുറിച്ച് സന്തോഷ് ഒന്നും പറയുന്നില്ലെന്നതാണ് പരാതി. രണ്ടാമത്തെ കൈയ്യേറ്റക്കാരന്‍ പോപ്പി കുടകളുടെ ഉടമസ്ഥന്‍ ഡേവിസ് തയ്യിലാണ്. ഇയ്യാള്‍ നീര്‍ച്ചാല്‍ നീളത്തില്‍ നികത്തി 2 സ്ഥലങ്ങള്‍ ഒന്നാക്കി മാറ്റി. ഏകദേശം 12 മുതല്‍ 14 ലക്ഷം രൂപ വിലവരുന്ന 10 സെന്റോളം ഭൂമിയാണ് നികത്തി എടുത്തിരിക്കുന്നത് എന്നാണ് ആരോപണം.
നഗരസഭ കൈയേറ്റം ഒഴിപ്പിക്കില്ലെന്ന് മനസ്സിലായതിനാല്‍ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പേരിനെങ്കിലും ചില നീക്കങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മൂന്നു വ്യക്തികളാണ് ഏറ്റവുംകൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്നതെന്ന് അസോസിയേഷന്‍ പറയുന്നു. ഇതിലൊരാള്‍ നീര്‍ച്ചാല്‍ നികത്തിയതുമൂലം തന്റെ വീട്ടിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അനുമതിയില്ലാതെ അയല്‍വാസിയുടെ മതില്‍ കുത്തിപ്പൊട്ടിച്ച് അയാളുടെ പുരയിടത്തിലേക്ക് വെള്ളമൊഴുക്കി. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി പ്രശ്‌നം മൊത്തമായി ഒതുക്കിത്തീര്‍ക്കാനാണ് ചില ഉദ്യോഗസ്ഥരുടെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെയും ഒത്താശയോടെ കൈയേറ്റക്കാരുടെ ശ്രമമെന്നാണ് റെസിഡഡെന്റ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്. എന്നാല്‍, കൈയേറിയ അത്രയുംതന്നെ ഭൂമി തിരിച്ചുപിടിച്ച് നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് റെസിഡെന്റ്സ് അസോസിയേഷന്‍.