- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി വിടരുതെന്ന് എ ജയകുമാറും പി.ആര്‍ ശിവശങ്കറും; നിലപാടില്‍ മാറ്റമില്ലെന്ന് സന്ദീപ് വാര്യര്‍; മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരണം; സരിന്റെ വഴിയെ സന്ദീപും എത്തട്ടെ എന്ന നിലപാടില്‍ സിപിഎം
കെ സുരേന്ദ്രന്‍ സംസാരിച്ചിരുന്നെങ്കില്‍ കൂടൂതല്‍ സന്തോഷമായേനെ
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്കെന്ന് സൂചന. സിപിഎമ്മിലേക്ക് പോകുമോയെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് സന്ദീപ് പ്രതികരിച്ചത്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാനായി ബിജെപി നേതാവ് പി.ആര്‍ ശിവശങ്കരനും ആര്‍എസ്എസ് നേതാവ് ജയകുമാറും നേരിട്ട് വീട്ടിലെത്തിയെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് ഇവരെ അറിയിച്ചതായാണ് സൂചന.
തന്റെ മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. ആര്‍എസ്എസ് വിശേഷ് സമ്പര്‍ക് പ്രമുഖ് എ ജയകുമാര്‍, ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ സ്വാഗതം ചെയ്ത സിപിഎം നേതാക്കളോട് സ്‌നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ വീട്ടിലെത്തിയ എ ജയകുമാറും പി.ആര്‍ ശിവശങ്കറും അടച്ചിട്ട മുറിയില്‍ സന്ദീപുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയതെങ്കിലും ചര്‍ച്ചയില്‍ സന്ദീപില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. നിലപാടില്‍ മാറ്റമില്ലെന്ന് സന്ദീപ് ഇവരെ അറിയിച്ചതായാണ് സൂചന. ജയകുമാര്‍ തനിക്ക് ഗുരുതുല്യനാണെന്നും കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രന്‍ സംസാരിച്ചിരുന്നെങ്കില്‍ കൂടൂതല്‍ സന്തോഷമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപമാനിക്കപ്പെട്ടുവെന്നും സി കൃഷ്ണകുമാര്‍ തന്നെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച വ്യക്തിയാണെന്നും നേരത്തെ സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അതേസമയം സിപിഎം നേതാക്കളായ എ.കെ ബാലന്‍, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവര്‍ തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.കാര്യങ്ങള്‍ സംസാരിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നുവെങ്കില്‍ കുറച്ച്കൂടി സന്തോഷമാകുമായിരുന്നു.
പാര്‍ട്ടിക്കുള്ളിലെ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല. ഈ നിമിഷവും ബിജെപി പ്രവര്‍ത്തകന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ നടപടി നേരിടാനും മാത്രം വലിയ നേതാവാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്തരമൊരു നടപടി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമോയെന്ന് ആശങ്കപ്പെടുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലെന്നും സന്ദീപ് പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസിന്റെ കുരുക്കിനിടെയാണ് ബിജെപിയെ കൂടുതല്‍ വെട്ടിലാക്കി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി പാര്‍ട്ടിയോട് ഇടഞ്ഞ സന്ദീപ് ഇത്ര പെട്ടെന്ന് പരസ്യനിലപാട് എടുക്കുമെന്ന് നേതാക്കള്‍ കരുതിയിരുന്നില്ല. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെയും സംസ്ഥാന നേതൃത്വത്തെയും വിമര്‍ശിച്ച സന്ദീപിന്റെ നടപടി കടുത്ത അച്ചടക്കലംഘനമായി പാര്‍ട്ടി കാണുന്നതിനിടെയാണ് ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ സന്ദര്‍ശനം.
സിപിഎം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബിജെപി നേതാക്കള്‍ക്കുണ്ട്. സരിന്റെ വഴിയെ സന്ദീപും എത്തട്ടെ എന്നാണ് സിപിഎം നിലപാട്. ബിജെപി വിടുമെന്ന് സന്ദീപ് അറിയിച്ചാല്‍ അപ്പോള്‍ സ്വീകരിക്കാനാണ് തീരുമാനം. എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ സീറ്റ് കിട്ടാത്തതല്ല സന്ദീപിന്റെ യഥാര്‍ത്ഥ പ്രശ്‌നം. ആഗ്രഹിച്ചിരുന്ന പാലക്കാട് സീറ്റ് നല്‍കാത്തത് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചു. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃ നിരയിലേക്ക് എത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. സന്ദീപിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ബിജെപിയില്‍ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്.
സന്ദീപ് വാര്യര്‍ ബിജെപി വിട്ട് വന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം എത്രയോപേരെ സ്വീകരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സന്ദീപ് പാര്‍ട്ടിക്കെതിരെ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ലെന്നും എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു.സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും സന്ദീപ് വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും തുറന്ന്പറഞ്ഞിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിനും പിന്നാലെയായിരുന്നു മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെ വിമര്‍ശനം.
ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്:
പ്രശ്‌നം കേള്‍ക്കാതെ ആജ്ഞാപിച്ചാല്‍ സഹിക്കാനാവില്ല. തന്നെ പൊതുപരിപാടികളില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയിലെ പദവി ഉപയോഗിച്ച് തന്നെ കൃഷ്ണകുമാര്‍ ഒതുക്കാന്‍ ശ്രമിക്കുകയാണ്. പ്രോട്ടോകോള്‍ പ്രകാരം വേദിയിലിരിക്കേണ്ടയാളല്ലെന്നാണ് വൈസ് പ്രസിഡന്റ് കണ്‍വെന്‍ഷനില്‍ പരുഷമായി പറഞ്ഞത്. തന്റെ എന്റെ രക്തസാക്ഷിത്വത്തിലൂടെയെങ്കിലും ഈ പ്രസ്ഥാനം നന്നാവുമെങ്കില്‍ നന്നായിക്കോട്ടെയെന്നും സന്ദീപ് ഒരു ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു.
ഏതുവരെ പോകും എന്ന് നോക്കി രാഷ്ട്രീയത്തില്‍വന്നയാളല്ല താനെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കഴിയുന്ന സഹായം നല്‍കി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്നതാണ് തന്റെ യഥാര്‍ത്ഥ രാഷ്ട്രീയമെന്നും സന്ദീപ് പറഞ്ഞു. രാഷ്ട്രീയം കച്ചവടമാക്കിയയാളല്ല. നാളെ എവിടെയെങ്കിലും എത്തണമെന്ന് ആഗ്രഹിച്ചുവന്നയാളുമല്ല. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാനാവുമോ എന്നതുമാത്രമാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിനപ്പുറത്തുള്ള വ്യക്തിപരമായ ഒരു പരിഗണനയും ബാധകമല്ല. മൗനിയായിരിക്കുന്നത് അസഹനീയമായ കാര്യമാണെന്നും സന്ദീപ് പറഞ്ഞു.
'ഏതെങ്കിലും ഒരു മുതിര്‍ന്ന നേതാവ് എനിക്കുനേരിട്ട ഈ അപമാനവും ആക്ഷേപവപം സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എന്റെ സങ്കടത്തിനെ മുഖവിലയ്‌ക്കെടുക്കാതെ അജ്ഞാപിക്കുക മാത്രം ചെയ്തത് എങ്ങനെയാണ് അം?ഗീകരിക്കാന്‍ സാധിക്കുക നമ്മളാരും ശമ്പളം വാങ്ങി പണിയെടുക്കുന്നവരല്ലല്ലോ. ആത്മാഭിമാനം വളരെ പ്രധാനമാണ്. അഭിമാനമില്ലാതെ, മനുഷ്യനെന്ന പരിഗണന പോലുമില്ലാതെ നമുക്കൊരു സ്ഥലത്ത് നില്‍ക്കാന്‍ വലിയ പ്രയാസമാണ്. അപമാനം നേരിട്ടെങ്കില്‍, ഇത്ര സങ്കടമുണ്ടെങ്കില്‍ അവിടെ പോകേണ്ട എന്ന് കുടുംബംകൂടി പറഞ്ഞപ്പോഴാണ് പരിപാടികളില്‍നിന്ന് വിട്ടുനിന്നത്. ഉറങ്ങാന്‍പോലും കഴിയാത്ത സാഹചര്യമുണ്ടായി. ആരെങ്കിലുമൊക്കെ ആശ്വാസവുമായി കടന്നുവരും എന്ന് അപ്പോഴും പ്രതിക്ഷിച്ചു. പക്ഷേ മുതിര്‍ന്ന ആളുകള്‍പോലും വന്നില്ല എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യമാണ്.
പാലക്കാട്ടെ കമ്മിറ്റിക്ക് എന്നോട് വിരോധമുണ്ടാകേണ്ട യാതൊരു സാഹചര്യവുമില്ല. എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ഞാന്‍ വളര്‍ന്നുവന്നാല്‍ എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുമെന്ന ഭീതിയുള്ളവര്‍ക്ക് മാത്രമായിരിക്കും. പാലക്കാട് നേതൃത്വത്തില്‍ പുതിയ ചെറുപ്പക്കാര്‍ വളര്‍ന്നുവരേണ്ടതാണ്. അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിനുപകരം അവരെയെല്ലാം മാറ്റിനിര്‍ത്തുന്നതരത്തില്‍ സംഘടനയ്ക്കകത്തെ മേധാവിത്വം ഉപയോഗിക്കുകയാണ്.
സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോര്‍ കമ്മിറ്റിയംഗവുമാണ് സി. കൃഷ്ണകുമാര്‍. അദ്ദേഹത്തിന് സ്വന്തം ജില്ലയിലെ കാര്യങ്ങള്‍ സംബന്ധിച്ച് അവസാന വാക്കായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്കകത്ത് സാധിക്കും. അതുകൊണ്ട് ആരെ മാറ്റിനിര്‍ത്തണമെന്നും അദ്ദേഹത്തിന് തീരുമാനിക്കാം. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മുഖത്ത് നോക്കിപ്പറഞ്ഞയാളാണ് ഞാന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്തിന്റെ ഔന്നത്യവും മര്യാദയും കാണിക്കാതെ സാധാരണ പ്രവര്‍ത്തകര്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന നിലവാരത്തിലേക്ക് പോകരുതെന്ന് പറഞ്ഞിട്ടുണ്ട്.