- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യസീദി പെൺകുട്ടികളെ ഭീകരന്മാർ തടവിലാക്കുകയും ലൈംഗിക അടിമകളാക്കുകയും ചെയ്ത കഥ പറഞ്ഞ സംവിധായകൻ; ചലച്ചിത്ര മേളയ്ക്കിടെയുള്ള സൗഹൃദത്തിൽ ജീവിത പങ്കാളിയെ കണ്ടെത്തി; കണ്ടു മുട്ടിയതും പ്രണയിച്ചതും സിനിമകൾ കാണുന്ന ഇടവേളയിൽ; താലികെട്ടി ഓടിയെത്തിയതും സിനിമ കാണാൻ; സന്ദീപ് പാമ്പള്ളിയും സുരഭിയും ഇനിയൊന്ന്; പൂത്തുലഞ്ഞ് ഐ എഫ് എഫ് കെ പ്രണയം
തിരുവനന്തപുരം: കണ്ടുമുട്ടിയതും പ്രണയിച്ചതും ചലച്ചിത്രോത്സവത്തിൽ നിന്ന്. താലികെട്ടിനു ശേഷം ആദ്യം ഓടിയെത്തിയതും ചലച്ചിത്രോത്സവ വേദിയിലേക്കു തന്നെ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ പാമ്പള്ളിയും തിരുവനന്തപുരം കല്ലമ്പലം നാവായികുളം സ്വദേശിയായ സുരഭിയുമാണ് ടാഗോർ തിയേറ്ററിലെ മേളയിൽ വേറിട്ട കാഴ്ചയായത്. ടാഗോറിൽ പ്രദർശിപ്പിക്കുന്ന 'ലോർഡ് ഓഫ് ദി ആൻഡ്‌സ്' എന്ന ഇറ്റാലിയൻ സിനിമ കാണാൻ ആണ് വിവാഹ ശേഷം ഇരുവരും എത്തിയത്. ആറ് വർഷം മുൻപ് ടാഗോർ തിയറ്ററിൽ സിനിമ കാണാൻ എത്തി സൗഹൃദത്തിലായതാണ് സംവിധായകൻ സന്ദീപ് പാമ്പള്ളിയും സുരഭിയും
ആറ് വർഷം മുമ്പ് ഐഎഫ്എഫ്‌കെയിൽ സിനിമ നൽകിയ സൗഹൃദം പ്രണയവും ഇപ്പോൾ ദാമ്പത്യവുമായി. യുവ സംവിധായകനായ പാമ്പള്ളിയും ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയായ സുരഭിക്കും ഇനി ജീവിതയാത്ര ഒരുമിച്ച്. വിവാഹ ശേഷം ചലച്ചിത്രോത്സവ വേദിയിൽ എത്തിയപ്പോഴും പങ്കിടാൻ ഉണ്ടായിരുന്നത് പ്രണയവും സൗഹൃദവും നിറഞ്ഞ ഐഎഫ്എഫ്‌കെ ഓർമ്മകൾ തന്നെ ആയിരുന്നു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം 2018ൽ പാമ്പള്ളി സംവിധാനം ചെയ്ത 'സിഞ്ചാർ' സിനിമയ്ക്കായിരുന്നു. ലക്ഷദ്വീപിലെ ലിപിയില്ലാത്ത 'ജസരി' ഭാഷയിലിറക്കിയ ഈ ചിത്രത്തിന് തന്നെയായിരുന്നു 2018 ലെ 'ജസരി' ഭാഷയിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചതും.
വിവാഹ ശേഷം അതേ വേഷത്തിൽ തന്നെ ഇരുവും ഐഎഫ്എഫ്‌കെ വേദിയായ ടാഗോർ തിയറ്ററിൽ എത്തിയതിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ വധൂവരന്മാരെ മധുരം നൽകി സ്വീകരിച്ചു. കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാമ്പള്ളിയുടെയും സുരഭിയുടെയും വിവാഹം. 'എന്റെ ജീവിതം ഏറ്റവും കൂടുതൽ തുടങ്ങുന്നത് ഐ എഫ് എഫ് കെയിൽ വച്ചാണ്. ഇതുപോലൊരു ഞായറാഴ്ചയാണ് സുരഭിയെ പരിചയപ്പെടുന്നത്. അത് പിന്നീട് ഫാമിലി സുഹൃത്തിലേക്ക് എത്തി. ഒരു ആറ് ഏഴ് മാസം മുൻപ് അമ്മയാണ് പ്രൊപ്പോസലുമായി മുന്നോട്ട് പോകുന്നത്', എന്ന് പാമ്പള്ളി പറഞ്ഞു.
2018ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം പാമ്പള്ളി സംവിധാനം ചെയ്ത സിഞ്ചാർ എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. ലക്ഷദ്വീപിലെ ലിബിയില്ലാത്ത ജെസരി ഭാഷയിൽ ആയിരുന്നു ചിത്രം നിർമ്മിച്ചത്. ഒപ്പം ജസരി ഭാഷയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സിൻജാറിനു തന്നെയായിരുന്നു. അങ്ങനെ കന്നി സിനിമയ്ക്ക് രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ച സിനിമാക്കാരനാണ് സന്ദീപ്. സിഞ്ചാർ എന്നത് ഇറാഖിലെ ഒരു പ്രവിശ്യയാണ്.
ഐഎസ് എന്ന ഭീകര സംഘടന ആദ്യമായി കാൽക്കീഴിലാക്കിയ പ്രദേശമാണിത്. അവിടെനിന്നാണ് അവരുടെ പടയോട്ടങ്ങൾ ആരംഭിക്കുന്നത്. അവിടെയുള്ള എത്രയോ യസീദി പെൺകുട്ടികളെ ഭീകരന്മാർ തടവിലാക്കുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തു. ഇതൊന്നും ആരും ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് അവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ചില സ്ത്രീകളാണ് അവർ അനുഭവിച്ച പീഡനങ്ങളുടെ കഥകൾ പറയുന്നത്. ഞാനൊരു പത്രപ്രവർത്തകൻ കൂടിയാണ്, അതുകൊണ്ടുതന്നെ ഈ വാർത്ത അന്ന് ഏറെ ശ്രദ്ധിച്ചിരുന്നു. ഈ വാർത്ത എപ്പോഴും മനസ്സിൽ നീറി നീറി കിടന്നിരുന്നു. ആ സമയത്താണ് ജസരി ഭാഷയും ചിന്തയിലെത്തുന്നത്. രണ്ടു പെൺകുട്ടികൾ ഈ ഭീകരന്മാരുടെ അടിമകളായാൽ അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു, അതിൽ നിന്നാണ് സിഞ്ചാർ എന്ന സിനിമയുണ്ടയത്.
സൃന്ദയും മൈഥിലിയുമാണ് നായികമാർ. ശരിക്കും സ്ത്രീകേന്ദ്രീകൃതമായ കഥയാണ് സിഞ്ചാർ. ലക്ഷദ്വീപുകാരായ രണ്ടു സ്ത്രീകൾ ഇറാഖിലേക്ക് ജോലിക്കായി പോകുന്നതും അവിടെ ഐഎസിന്റെ തടവിലാകുന്നതും രക്ഷപ്പെട്ടു വരുന്നതുമാണ്, കഥ. പക്ഷേ കഥ അവിടെയും തീരുന്നില്ല. ലൈംഗികമായി ഉപയോഗിക്കപ്പെട്ടവരാണെന്നറിയുമ്പോൾ ഇവരോട് ചുറ്റുമുള്ള സമൂഹം കാണിക്കുന്ന ചില ക്രൂരതകളുണ്ട്.
നാൽപ്പതോളം ചെറു സിനിമകളും ഡോക്യുമെന്ററികളും സന്ദീപ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ലഘു ചിത്രം യുനെസ്‌കോയുടെ പ്രത്യേക പരാമർശം നേടിയിരുന്നു, പലതിനും രാജ്യാന്തര ബഹുമതികളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഓസ്‌കർ മൂല്യമുള്ള കനേഡിയൻ പുരസ്‌കാരം 'ലാടം' എന്ന ഹ്രസ്വ ചിത്രത്തിന് ലഭിച്ചിരുന്നു. കാനഡയിലെ മുസ്‌കോകാ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ബെസ്റ്റ് ഗ്ലോബൽ വോയ്സ് രാജ്യാന്തര പുരസ്‌കാരം ലാടം നേടുന്നത്. സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ