കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ തര്‍ക്കത്തില്‍ സുരേഷ് കുമാറിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വരുന്നത് താരങ്ങളുടെ നീക്കത്തെ അതിശക്തമായി ചെറുക്കാന്‍. സുരേഷ് കുമാറിനെ ആക്രമിക്കാന്‍ അനുവദിക്കില്ല.സംഘടന യോഗങ്ങളില്‍ പോലും പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂരാണ് സുരേഷ് കുമാറിനെ വിമര്‍ശിക്കുന്നതെന്നും ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തി. ആന്റണി പെരുമ്പാവൂരിനെ നിര്‍മ്മതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ സാധ്യത ഏറെയാണ്. കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന വിലയിരുത്തലിലാണ് ഇതെല്ലാം.

സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിര്‍മാതാക്കളും തമ്മിലാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി സന്ദീപ് സേനന്‍ പറഞ്ഞു. സംഘടനക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല. അഭിനേതാക്കളാണ് സംഘടനയുടെ നിലപാടിനെതിരെ രംഗത്ത് വന്നതെന്നും സന്ദീപ് സേനന്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ സഹോദരീ പുത്രനാണ് സന്ദീപ് സേനന്‍. മോഹന്‍ലാലിന്റെ അതിവിശ്വസ്തനാണ് ആന്റണി. മോഹന്‍ലാലുമായി ഏറെ ബന്ധമുള്ള കുടുംബമാണ് സുരേഷ് കുമാറിന്റേത്. ഈ കുടുംബം മോഹന്‍ലാലിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്നതിന് തെളിവാണ് സന്ദീപ് സേനന്റെ പ്രതികരണം.

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ ബേസില്‍ ജോസഫും, നടി അപര്‍ണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനും ഇന്നലെ തന്നെ ആന്റണി പെരുമ്പാവൂരിന് പിന്തുണ അറിയിച്ചിരുന്നു. അതേസമയം, സിനിമ മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് നിര്‍മാതാവ് സുരേഷ് കുമാറിന്റെ കത്ത് സര്‍ക്കാരിന് ലഭിച്ചുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൂന്നു വിഷയങ്ങള്‍ ഉന്നയിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. പരിശോധിക്കാന്‍ സെക്രട്ടറിയെ ഏല്‍പ്പിച്ചു. നിര്‍മാതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ തമ്മില്‍ തന്നെ പരിഹരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സിനിമാ സംഘടനയിലെ തര്‍ക്കത്തില്‍ ആന്റണി പെരുമ്പാവൂരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ജി. സുരേഷ് കുമാറിനെ സമൂഹ മാദ്ധ്യമങ്ങള്‍ വഴി ചോദ്യം ചെയ്തത് തെറ്റെന്ന് അസോസിയേഷന്‍ പറഞ്ഞു. യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും സമരം തീരുമാനിച്ചത് സംയുക്ത യോഗത്തിന് ശേഷമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്താന്‍ അസോസിയേഷന്‍ ശ്രമിക്കുന്നുണ്ട്. നേരത്തെ സുരേഷ് കുമാറും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആന്റണി പെരുമ്പാവൂരിനെ സംഘടനയില്‍ നിന്നും പുറത്താക്കിയേക്കും.

മറ്റു സംഘടനകളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി സമരം പ്രഖ്യാപിച്ച പ്രസിഡന്റ് ജി.സുരേഷ് കുമാറിനെ ആന്റണി രൂക്ഷമായി വിമര്‍ശിച്ചു.സ്തംഭനസമരം സിനിമയ്ക്ക് ഗുണമാകില്ലെന്ന് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിറുത്തുകയും ചെയ്യുമെന്ന് വ്യക്തികളല്ല തീരുമാനിക്കേണ്ടത്,സംഘടന ആലോചിച്ചു പ്രഖ്യാപിക്കേണ്ടതാണ്. മറ്റാരെങ്കിലും പറഞ്ഞതുകേട്ടാണെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്വവും പക്വതയും സുരേഷ് കുമാര്‍ കാണിക്കണം. തെറ്റുതിരുത്തിക്കാന്‍ പ്രസിഡന്റ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.

നൂറുകോടി ക്‌ളബ്ബിലെത്തിയ സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. കോടി ക്‌ളബ്ബുകളില്‍ കയറുന്നത് തിയേറ്ററിലെയും മറ്റു വരുമാനങ്ങളും കൂട്ടിച്ചേര്‍ത്താണ്. നടന്‍ സിനിമ നിര്‍മ്മിച്ചാല്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞത് നടപ്പാക്കാവുന്ന കാര്യമല്ല. താന്‍ നിര്‍മ്മിക്കുന്ന എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ച് സംസാരിച്ചതും ഉചിതമല്ല. കെ.ജി.എഫ് പോലെ ബഹുഭാഷാവിജയം സ്വപ്നം കണ്ടാണ് എമ്പുരാനൊരുക്കുന്നത്. സംവിധായകനുള്‍പ്പെടെ പിന്നണിപ്രവര്‍ത്തകര്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുകയാണ്. മോഹന്‍ലാലും സഹകരിക്കുന്നു.

അത്തരം സംരംഭത്തെ അസോസിയേഷന്‍ പിന്തുണയ്ക്കാത്തത് നിരാശയും സങ്കടവും നല്‍കുന്നു.ജനുവരിയിലെ കണക്കുപയോഗിച്ച് സിനിമകളെ വിമര്‍ശിച്ചതും ശരിയല്ല. ഉയര്‍ച്ചതാഴ്ചകളും ജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതലുണ്ട്. ഒരുമാസത്തെ വരവുമാത്രം പറഞ്ഞ് സിനിമാമേഖലയെ വിമര്‍ശിച്ചത് ആരോഗ്യകരവും പക്വവുമായ ഇടപെടലല്ലെന്നും ആന്റണി വ്യക്തമാക്കി.