തിരുവനന്തപുരം: മലയാള സിനിമയില്‍ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന സമാന്തര സിനിമ സംഘടനയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ''പ്രോഗ്രസീവ് ഫിലിം മെക്കേഴ്സ് ഓഫ് ഇന്ത്യ . പിഎഫ്‌ഐ .. കറക്ട് പേര്. മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി'' എന്നാണ് സന്ദീപിന്റെ പരിഹാസം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എന്താണ് മട്ടാഞ്ചേരി മാഫിയ എന്ന് പറഞ്ഞുകൊണ്ട് മറ്റാരു പരിഹാസക്കുറിപ്പും സന്ദീപ് വാര്യര്‍ കുറിച്ചിരുന്നു.

അതിങ്ങനെ-''ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു . ആര്‍ക്കാണ് അങ്കിള്‍ മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടത് പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിച്ച് മുക്കിയ , മലയാള സിനിമയെ നശിപ്പിക്കുന്ന , ദേശവിരുദ്ധ പ്രൊപ്പഗാണ്ട സിനിമകളെടുക്കുന്ന , സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മയക്ക് മരുന്ന് പ്രചരിപ്പിക്കുന്ന , മയക്കുമരുന്നിന്റെ പേര് സ്വന്തം പ്രൊഡക്ഷന്‍ കമ്പനിക്ക് നല്‍കിയ , കഞ്ചാവിന്റെ പേരില്‍ സിനിമയെടുത്ത, ജോലി ചെയ്തവര്‍ക്ക് ഇപ്പോഴും ലക്ഷങ്ങള്‍ പ്രതിഫലം നല്‍കാത്ത ഒരു പറ്റം തെമ്മാടിക്കൂട്ടങ്ങള്‍ക്ക് ഞാന്‍ നല്‍കിയ പേരാണ് മട്ടാഞ്ചേരി മാഫിയ''

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കല്‍,രാജീവ് രവി എന്നിവരാണ് നേതൃനിരയില്‍ ഉള്ളത്. എന്നാല്‍ ഇടത് ആഭിമുഖ്യമുള്ള നിര്‍മാതാക്കളുടെ സംഘടന എന്ന രീതിയിലാണ് ആദ്യം ആലോചിച്ചതത്രേ. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു. വിഷന്‍ ഫോര്‍ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍' എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാര്‍ ചില നിര്‍മാതാക്കള്‍ക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. നിര്‍മാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയില്‍ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്നും ഇതില്‍ പരാമര്‍ശിച്ചിരുന്നു.

പക്ഷേ, പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തില്‍ നിര്‍മാതാക്കള്‍ എന്നതു മാറ്റി പിന്നണിപ്രവര്‍ത്തകര്‍ എന്നാക്കി. 'ഇടത് പുരോഗമ മൂല്യങ്ങള്‍' എന്നു പറയുന്ന ഭാഗം 'സമത്വം, സഹകരണം, സാമൂഹികനീതി' എന്നീ മൂല്യങ്ങള്‍ എന്നാക്കുകയും ചെയ്തു. നിര്‍മാതാക്കളുടെ സംഘടനയിലെ അസംതൃപ്തരേയും ഫെഫ്ക നേതൃത്വത്തോട് എതിര്‍പ്പുള്ളവരേയുമാണ് ആഷിഖും സംഘവും പ്രതീക്ഷിക്കുന്നത്.

ഇക്കാലത്തെ മറ്റു വ്യവസായ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമ മേഖല പിന്നിലാണെന്നും ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ വേരൂന്നിയ ഈ സംഘടന തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനുള്ള പ്രയത്‌നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതല്‍ മെച്ചപ്പെട്ട ഭാവിക്കായുള്ള സ്വപ്നത്തില്‍ ഒരുമിച്ച് അണിചേരാമെന്നും ഇതില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ രംഗത്തെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തവരാണ് പുതിയ സംഘടന രൂപവത്കരണത്തിന് മുന്നിട്ടിറങ്ങുന്നത്.

അതിനിടെ, അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി നിര്‍മാതാവ് സാന്ദ്രാതോമസ് പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളില്‍ നിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന് അറിയിച്ചതായും സാന്ദ്ര പറഞ്ഞു.