കവന്‍ട്രി: ഡിസംബര്‍ ആറാം തീയതി കാണാതായി മൂന്നാഴ്ചക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സാന്‍ഡ്ര എലിസബത്ത് സാജുവിന്റെ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് സ്‌കോട്ടിഷ് പോലീസ് കുടുംബത്തെ അറിയിച്ചതായി സൂചന. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം ഉണ്ടായതിനാല്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുന്ന സാഹചര്യത്തിലാണ് പോലീസ് ഇതിനു മുതിരുന്നത്. സാന്‍ഡ്രയുടേത് എന്ന് കരുതപ്പെടുന്ന മൃതദേഹം യുവതിയെ കാണാതായ സ്ഥലത്തു നിന്നും ഏറെ അകലെയല്ലെങ്കിലും സാഹചര്യ തെളിവുകള്‍ മാത്രം കണക്കിലെടുത്തു മൃതദേഹം വിട്ടു നല്‍കാന്‍ പോലീസ് തയ്യാറാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് സാന്‍ഡ്രയുടെ മാതാവ് യുകെയില്‍ എത്തേണ്ടി വരും. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഉള്ള അവര്‍ക്ക് യുകെയില്‍ എത്താന്‍ ആവശ്യമായ സഹായങ്ങളും സ്‌കോട്ടിഷ് പോലീസ് ചെയ്യും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഈ വിവരം പോലീസ് സാന്‍ഡ്രയുടെ അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ യുകെയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം സാന്‍ഡ്രയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പോലീസ് അമ്മയോട് മാത്രമാണ് പങ്കുവയ്ക്കുന്നത്. അമ്മ വഴി കുടുംബത്തിലെ ഉറ്റ ബന്ധുവായ ജര്‍മന്‍ മലയാളിയും മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യുകെയില്‍ എത്തിയേക്കും. മറ്റു രാജ്യങ്ങളില്‍ ഉള്ള ബന്ധുക്കളും ഇപ്പോള്‍ ഇതിനായി ശ്രമം നടത്തുന്നുണ്ട്. സാന്‍ഡ്രയുടെ അമ്മ സ്‌കോട്‌ലന്‍ഡില്‍ എത്തുന്നതോടെ നടപടിക്രമങ്ങള്‍ക്ക് വേഗം കൂടും എന്നാണ് പ്രതീക്ഷ. സാന്‍ഡ്രയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ വ്യക്തിപരം അല്ലാത്ത കാര്യങ്ങള്‍ ഇതുവരെ പൊലീസിന് സംശയം ഇല്ലാത്തതിനാല്‍ ആ വഴിക്കുള്ള അന്വേഷണം ഇപ്പോള്‍ നടക്കുന്നുമില്ല. എന്നാല്‍ ദുബൈയില്‍ താമസിച്ചിരുന്ന കുടുംബം കേരളത്തിലേക്ക് മടങ്ങിയതിനു ശേഷം സാന്‍ഡ്രയുടെ പിതാവ് കേരളത്തിലും മാതാവ് വിദേശത്തും ആയി കഴിയുകയാണ് എന്നാണ് അറിയാനാകുന്നത്.

സാന്‍ഡ്ര യുകെയില്‍ എത്തിയ ആദ്യ നാളുകളില്‍ സന്തോഷവതിയായാണ് കാണപ്പെട്ടത് എങ്കിലും പിന്നീട് കൂട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും അകലം പാലിച്ചിരുന്നതായി പറയപ്പെടുന്നു. വൈകാരികമായ പ്രയാസങ്ങളിലൂടെ സാന്‍ഡ്ര കടന്നു പോയിരുന്നതായും സംശയിക്കപ്പെടുകയാണ്. എന്നാല്‍ സാന്‍ഡ്രയുടെ സുഹൃത്തുക്കള്‍ അടക്കം ഉള്ളവര്‍ ഇപ്പോള്‍ പുറം ലോകവുമായി സംസാരിക്കാനും തയ്യാറാകുന്നില്ല. എഡിന്‍ബറോ മലയാളി സമൂഹത്തില്‍ നിന്നും സാന്‍ഡ്രയെ കുറിച്ച് വിവരം ലഭിക്കുന്നതിനായി സുഹൃത്തുക്കളെ കണ്ടെത്തി സമീപിച്ചപ്പോള്‍ ഇക്കാര്യത്തിനായി ഇനി ബുദ്ധിമുട്ടിക്കരുത് എന്ന മട്ടിലുള്ള മറുപടിയാണ് സഹപാഠികള്‍ നല്‍കിയത്. മലയാളികള്‍ അടക്കം ഉള്ളവരാണ് ഇത്തരത്തില്‍ പ്രതികരണം നല്‍കിയതെന്നും പറയപ്പെടുന്നു.

അതിനിടെ മൃതദേഹം വിട്ടു കിട്ടാന്‍ ശാസ്ത്രീയ പരിശോധന കൂടി വേണ്ടി വരുന്നതിനാല്‍ അമ്മ സ്‌കോട്‌ലന്‍ഡില്‍ എത്തിയാലും സംസ്‌കാര തിയതി അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം വീണ്ടും വൈകിയേക്കും. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതിനാല്‍ കൂടിയാണ് ഈ കാലതാമസം. അതേസമയം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തിലും കുടുംബത്തില്‍ നിന്നും തീരുമാനം പുറത്തു വന്നിട്ടില്ല. വിവിധ രാജ്യങ്ങളില്‍ ഉള്ള ബന്ധുക്കള്‍ യുകെയിലേക്ക് എത്തുന്നതിനാല്‍ അതിനു ശേഷമാകും ഈ തീരുമാനം എന്നാണ് അറിയാനാകുന്നത്. കുടുംബത്തെ സഹായിക്കാന്‍ എഡിന്‍ബറ മലയാളി സമൂഹത്തിലെ പൊതു പ്രവര്‍ത്തകര്‍ എല്ലാ സഹായവുമായി രംഗത്തുണ്ട്.

എഡിന്‍ബറോയില്‍ നിന്നും അധികം അകലെയല്ലാതെ ന്യുബ്രിഡ്ജിലെ അല്‍മോണ്ട് നദിക്കരയില്‍ നിന്നുമാണ് കഴിഞ്ഞ വെള്ളിയാഴ്ച സാന്‍ഡ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു 22കാരിയായ സാന്‍ഡ്ര. വിദ്യാര്‍ത്ഥിനിയുടെ തിരോധാനവും ആഴ്ചകള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തിയതുമൊക്കെ വിദേശ മാധ്യമങ്ങളില്‍ അടക്കം തുടര്‍ വാര്‍ത്തകള്‍ ആയതോടെ കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ കൃത്യമായി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എംബസിയുടെ സജീവ ഇടപെടലും വ്യക്തമാണ്. സാന്‍ഡ്രയുടെ മരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മാധ്യമങ്ങള്‍ തിരക്കിയതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിദേശത്തു മരിച്ച വിദ്യാര്‍ത്ഥികളുടെ കണക്കും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഈ കണക്കില്‍ സാന്‍ഡ്ര ഒഴികെ 58 വിദ്യാര്‍ഥികള്‍ യുകെയില്‍ മരിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.