- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സംഘടന പുരുഷന്മാരുടെ കുത്തക; സ്ത്രീത്വത്തെ അപമാനിച്ചു'; ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പര്‍ദ്ദ ധരിച്ച്; ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്ന് സാന്ദ്ര തോമസ്
പര്‍ദ്ദ ധരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്ര തോമസ്
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പര്‍ദ ധരിച്ചെത്തി സാന്ദ്ര തോമസിന്റെ പ്രതിഷേധം. സംഘടന പുരുഷന്‍മാരുടെ കുത്തകയാണെന്നും പൊലീസ് കുറ്റപത്രം നല്‍കിയവരാണ് അധികാരത്തിലുള്ളതെന്നും സാന്ദ്ര ആരോപിച്ചു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്നായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
'പോലീസ് കുറ്റപത്രത്തിലുള്ളവരാണ് ഈ അസോസിയേഷന്‍ ഇപ്പോഴത്തെ ഭാരവാഹികള്‍. സ്ത്രീ നിര്‍മ്മാതാക്കള്‍ക്ക് എന്നല്ല സ്ത്രീകള്‍ക്ക് പൊതുവെ വരാന്‍ സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസര്‍ സ് അസോസിയേഷന്‍. അസോസിയേഷനെ പുരുഷന്മാരുടെ ഒരു കുത്തകയാക്കി വച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി പത്ത്, പതിനഞ്ച് പേരുടെ കുത്തകയാണ് അസോസിയേഷന്‍. ഇവിടെ മാറ്റങ്ങള്‍ വരണം. ഏത് സ്ഥലത്താണെങ്കിലും കുറച്ചുപേര് അത് കയ്യടക്കി വച്ചു കഴിഞ്ഞാല്‍ അത് മുരടിക്കും അപ്പൊ ആ ഒരു അവസ്ഥയിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍' സാന്ദ്ര തോമസ് പറഞ്ഞു.
ഇതിനാലാണ് ഈ സംഘടന എല്ലാ സംഘടനകളില്‍ നിന്നും താഴെ നില്‍ക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിച്ചത് ഇപ്പോള്‍ ഇരിക്കുന്ന ഭരണാധികാരികളാണ്. അവിടെ മാറ്റം സംഭവിച്ചെങ്കില്‍ മാത്രമേ മുഴുവന്‍ സിനിമാ മേഖലയിലും മാറ്റമുണ്ടാകൂ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ മാറ്റം വരുമ്പോള്‍ അത് പരോക്ഷമായി മുഴുവന്‍ ഇന്‍ഡസ്ട്രിയും ബാധിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സംഘടനയ്‌ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് സാന്ദ്ര മത്സരിക്കുന്നതും പര്‍ദ്ദ ധരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതും. നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ക്കെതിരേ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്. ഇതു മുന്‍നിര്‍ത്തിയാണ് പ്രതിഷേധ സൂചകമായി പര്‍ദ്ദ ധരിച്ച് എത്തിയത്.
നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചുള്ള നിയമ നടപടിക്ക് പിന്നാലെയാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന സാന്ദ്രയുടെ പ്രഖ്യാപനം. ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളില്‍ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്റെ മത്സരമെന്നും സാന്ദ്ര പറയുന്നു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര ആരോപണം ഉന്നയിച്ചിരുന്നു.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മല്‍സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു. സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാ നടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സിനിമാ മേഖലയില്‍നിന്ന് തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സാന്ദ്ര നേരത്തെ തുറന്ന് പറഞ്ഞിരുന്നു. തനിക്ക് സിനിമ നല്‍കരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിര്‍ദേശിച്ചിരിക്കുകയാണ്. സംഘടനായോഗത്തില്‍വെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് മുന്‍പ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനും നിര്‍മാതാവ് ആന്റോ ജോസഫിനും എതിരായ പരാതിയില്‍ പറഞ്ഞിരുന്നു.
നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. ആഗസ്റ്റ് 14നാണ് സംഘടനാ തിരഞ്ഞെടുപ്പ്. ആഗസ്റ്റ് രണ്ട് വരെ പത്രിക സമര്‍പ്പിക്കാനാകും.