തൃശ്ശൂർ:സ്വന്തമായി 65 സെന്റ് സ്ഥലത്ത് ഷിപ്യാർഡുണ്ട് പക്ഷേ ഇന്ന് പട്ടിണിയാകാതിരിക്കാൻ നെട്ടോട്ടമാണ്.ഇതാണ് എറണാകുളം സ്വദേശിയായ സനിലന്റെ ഇപ്പോഴത്തെ അവസ്ഥ.25 കോടിയിലേറെ നിക്ഷേപിച്ച് ആരംഭിച്ച കപ്പൽ റിപ്പയറിങ്- ബോട്ട് നിർമ്മാണ ശാലയുടെ ഉടമ സനിലനിപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാ പാട് പെടുകയാണ്.തൃശ്ശൂർ പടിയൂർ സ്വദേശിയായ സനിലൻ എറണാകുളം വടക്കേക്കരയിൽ 2007-ലാണ് യാർഡ് തുടങ്ങിയത്.സംരംഭത്തിന് സർക്കാരും വ്യവസായവകുപ്പും പഞ്ചായത്തും വലിയ പിന്തുണയാണ് അന്ന് നൽകിയത്.എന്നാൽ 2016 ൽ വിദേശത്ത് നിന്നും നാട്ടിലെത്തിയ സനിലന് നേരിടേണ്ടി വന്നത് അപ്രതീക്ഷിതമായ തിരിച്ചടികളായിരുന്നു.പൊലീസിലെ ചിലരുടെ ഇടപെടലുകളും കേസുകൾക്കു പിന്നാലെ കേസുകളും എത്തിയതോടെ സംരംഭം തകർന്നു.

പതിനാറാം വയസ്സിൽ ജോലി തേടി മുംബൈയിലെത്തിയതാണ് സനിലൻ.അവിടെ നിന്നും മറൈൻ ടെക്‌നീഷ്യൻ പഠനം പൂർത്തീകരിച്ച 1988-ൽ ദുബായിലെത്തിയ സനിലൻ അവിടെ ഷിപ്പിങ് കമ്പനിയിൽ ജോലി ആരംഭിച്ചു.കഠിനാധ്വാനം കൊണ്ട് പടിപടിയായി ഉയർന്ന അയാൾക്ക് 2002-ൽ ദുബായിൽ സ്വന്തമായി കപ്പൽ റിപ്പയറിങ് സ്ഥാപനം തുറക്കാനായി.തുടർന്ന് ബിസിനസ്സിൽ വിജയം കണ്ട സനിലന് ഏഷ്യൻ സീ ലാൻഡ് എന്ന േപരിൽ സിങ്കപ്പൂരിലും മലേഷ്യയിലും സഹോദരസ്ഥാപനങ്ങളും തുറക്കാനായി.ആ സാഹചര്യത്തിൽ നാട്ടിൽ ഒരു ബസിനസ്സ് സംരഭമെന്ന ലക്ഷ്യത്തോടെയാണ് 2007-ൽ എറണാകുളം ജില്ലയിൽ 65 സെന്റ് വാങ്ങി ഷിപ്യാർഡും ആരംഭിച്ചത്.ഇത് വിജയം കാണുകയും ചെയ്തു.

അത്തരത്തിൽ മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയതായി വാങ്ങിയ കൃഷിസ്ഥലം സംബന്ധിച്ച തർക്കങ്ങളുടെ ഭാഗമായി പൊലീസുമായി ചില തർക്കങ്ങൾ ഉണ്ടാവുന്നത്.സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ എതിർകക്ഷിയുടെ ഒത്താശയുമായി ചില പൊലീസുകാർ നിന്നപ്പോൾ അതിനെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് സനിലൻ പറയുന്നു.പിന്നീട് പൊലീസുകാർക്ക് തന്നോടുള്ള വൈരാഗ്യത്തിന് അത് കാരണമായി.

2016 ലായിരുന്നു ആ സംഭവമെന്ന് സനിലൻ ഓർക്കുന്നു. ഒരു വർഷത്തിന് ശേഷം സ്‌കൂളിൽപ്പോയ തന്റെ മകളെ കാണാനില്ലെന്നു കാണിച്ച് നൽകിയ പരാതിയിൽ, സനിലന്റെ മർദനം കാരണം നാടുവിട്ടതാണെന്നു കാണിച്ച് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ കേസിൽ പിന്നീട് ഇരിങ്ങാലക്കുട കോടതി കുറ്റവിമുക്തനാക്കി.പക്ഷേ മുൻവൈരാഗ്യത്തിന്റെ പേരിൽ സനിലനെതിരെ പൊലീസ് മറ്റൊരു കേസ് ചുമത്തുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.ഈ കേസും കൂടി തലയിൽ വീണതോടെ ഇയാളുടെ വിദേശത്തേക്കുള്ള പോക്ക് മുടങ്ങുകയും വിസ റദ്ദാകുകയും ചെയ്തു.അതോടെ വിദേശത്തെ ബിസിനസ് അടച്ചുപൂട്ടേണ്ടി വന്നു.

പിന്നീട് നാട്ടിലെ ഷിപ്പ് യാർഡിലൂടെ വരുമാനം കണ്ടെത്തി ജീവിക്കാനുള്ള ശ്രമമായിരുന്നു സനിലൻ നടത്തിയത്. ആ സമയത്താണ് ബാങ്കിൽനിന്ന് രണ്ടു കോടി വായ്പയെടുത്ത് എറണാകുളത്തെ ഷിപ്യാർഡിൽ നിർമ്മിച്ച ഷെഡ്ഡ് തകർന്നുവീണത്. ഈ സംഭവത്തിൽ ദുരൂഹത കാണിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.അതിനിടയിൽ യാർഡിലേക്ക് വന്ന വലിയൊരു ബോട്ട് ചെളിയിൽ പൂണ്ടതും ബിസിനസ്സിന് തിരിച്ചടിയായി.

തന്നെ കള്ളക്കേസിൽ കുടുക്കിയതടക്കം ചൂണ്ടിക്കാട്ടി 12 പൊലീസുകാരുടെ പേരിൽ പൊലീസ് കംപ്ലൈന്റ് അഥോറിറ്റിയിലും കോടതിയിലുമായി അഞ്ചു കേസ് സനിലൻ കൊടുത്തിരുന്നു.ഈ പരാതികൾ പിൻലിക്കാതെ സ്ഥാപനം നടത്തിക്കില്ലെന്ന വാശിയായിരുന്നു ചിലരുടേത്. അതിനാൽ തന്നെ എല്ലാ സംവിധാനങ്ങളുമുള്ള സ്ഥാപനം കുറേ നാളായി പ്രവർത്തിപ്പിക്കാനാകാതെ കിടക്കുകയാണ്.മറ്റൊരു വരുമാന മാർഗ്ഗവുമില്ല വീടും പറമ്പും ജപ്തിയിലാണ്.വിദ്യാർത്ഥികളായ നാല് മക്കളുടെ ഫീസടയ്ക്കാൻപോലും സാധിക്കുന്നില്ല. രോഗിയായ ഭാര്യയ്ക്ക് മുടങ്ങാതെ മരുന്ന് കഴിക്കണം. ഇതിനൊന്നും യാതൊരു മാർഗ്ഗവുമില്ലാത്ത അവസ്ഥയിലാണ് ഷിപ്പ് യാർഡ് വിൽക്കാൻ സനിലൻ ശ്രമിച്ചത്.

എന്നാൽ സ്ഥാപനം വിൽക്കാനായി 2021 നവംബറിൽ നൽകിയ പരസ്യവും ചിലർ ചേർന്ന് പ്രശ്‌നമാക്കി മാറ്റി.കൊച്ചിയിൽ ഷിപ്യാർഡ് വിൽപ്പനയ്ക്ക് എന്നായിരുന്നു പരസ്യം.ഇതുകൊച്ചിൻ ഷിപ്യാർഡ് വിൽപ്പനയ്ക്ക് എന്നു കാണിച്ച് തട്ടിപ്പിന് ശ്രമമെന്നായിരുന്നു ആരോപണം.എന്തായാലും കോടികളുടെ ആസ്തി ഉണ്ടായിരുന്ന സനിലനെന്ന ബിസിനസുകാരൻ ഇന്ന് പട്ടിണിയുടേയും ദാരിദ്രത്തിന്റേയും നടുവിലാണ്.