- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയിയെ കണ്ടെത്താനായില്ല; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി; നാളത്തെ തെരച്ചിലില്‍ നാവികസേനയും; തിരച്ചില്‍, നാല് അഞ്ച് ട്രാക്കുകളുടെ ഭാഗത്തേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. മുപ്പത്തിനാല് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഫലം കാണാതെ വന്നതോടെ താല്‍ക്കാലികമായി നിര്‍ത്തിയത്. റെയില്‍വെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലില്‍ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ഇന്ന് ലക്ഷ്യം കണ്ടില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്കൂബ സംഘം ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. പരിശോധന തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും.
രക്ഷാദൗത്യത്തിനായി നാവികസേന സംഘം തിരുവനന്തപുരത്തെത്തി. നാവിക സേനയുടെ അഞ്ചു പേരടങ്ങുന്ന സ്കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. സംഘത്തിന്റെ നേതൃത്വത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ പ്രാഥമിക പരിശോധന നടത്തുകയാണ്. തുടര്‍രക്ഷാ പ്രവര്‍ത്തനം ഈ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സംഘത്തെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ നാവികസേന, ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ് പ്രതിനിധികളും പങ്കെടുത്തു.
മാലിന്യം നീക്കാന്‍ റെയില്‍വേയുടെ കരാര്‍ ഏറ്റെടുത്ത ഏജന്‍സിയുടെ താല്‍ക്കാലിക തൊഴിലാളിയാണ് ജോയ്. മൂന്ന് ദിവസം മുന്‍പാണ് ജോലിക്കായി അതിഥി തൊഴിലാളികളോടൊപ്പം ജോയ് എത്തിയത്. കനത്ത മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കില്‍പ്പെടുകയായിരുന്നു. കരയില്‍നിന്ന അതിഥി തൊഴിലാളികള്‍ കയര്‍ എറിഞ്ഞു കൊടുത്തെങ്കിലും രക്ഷിക്കാനായില്ല.
ജോയിയെ കാണാതായ സ്ഥലം മുതല്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്ന്, നാല് ട്രാക്കുകളുടെ ഭാഗംവരെ അഴുക്കുചാലില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. റെയില്‍വേ ട്രാക്കിന്റെ അടിയിലൂടെ കടന്നുപോകുന്ന അഴുക്കുചാലിന്റെ 40 മീറ്ററോളം ഭാഗത്താണ് തിരച്ചില്‍ നടത്തിയത്. മാന്‍ഹോളിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ അഴുക്കുചാലിന് ഉള്ളിലേക്ക് ഇറങ്ങിയത്.
ഇനി നാല് അഞ്ച് ട്രാക്കുകളുടെ ഭാഗത്തേക്ക് തിരച്ചില്‍ നടത്തും. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സുമാണ് തിരച്ചില്‍ നടത്തുന്നത്. മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാദൗത്യം ദുഷ്ക്കരമാണ്. അഴുക്കുചാലിന്റെ മധ്യഭാഗത്ത് മാലിന്യം നിറഞ്ഞ് കട്ടിപിടിച്ചതിനാല്‍ തിരച്ചില്‍നടത്തുന്നത് ദുഷ്കരമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
തടയണ കെട്ടിയുള്ള ഓപ്പറേഷന് വേണ്ടി വെള്ളം പമ്പ് ചെയ്യുന്നതും തത്കാലം നിര്‍ത്തി വെച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചു. നേവിയുടെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.
ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ തൊഴിലാളി ഒഴുക്കില്‍പ്പെട്ടത്. റെയില്‍വേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി റെയില്‍വേ, കരാറുകാരെ ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ നല്കിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. ഒഴുക്ക് കൂടിയപ്പോള്‍ സൈറ്റ് സൂപ്പര്‍വൈസര്‍ അമരവിള സ്വദേശി കുമാര്‍, ജോയിയോട് തിരികെ കയറാന്‍ നിര്‍ദേശിച്ചു. ടണലില്‍ കല്ലില്‍ക്കയറി നില്‍ക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. സൂപ്പര്‍വൈസര്‍ കയറിട്ടു നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല.