- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മകന്റെ മരണത്തില്‍ ദുഃഖിതയായിരുന്ന എനിക്ക് ഉള്ളടക്കം മനസ്സിലാകാതെ ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കേണ്ടിവന്നു; ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എനിക്ക് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല'; സഞ്ജയ് കപൂറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ; 30,000 കോടിയുടെ സ്വത്തില്‍ തര്‍ക്കം; മുന്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം വേണമെന്ന് കരിഷ്മ കപൂറും
'മകന്റെ മരണത്തില്‍ ദുഃഖിതയായിരുന്ന എനിക്ക് ഉള്ളടക്കം മനസ്സിലാകാതെ ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കേണ്ടിവന്നു
മുംബൈ: വ്യവസായിയും സോണ കോംസ്റ്റാര്‍ കമ്പനിയുടെ ഉടമയുമായ സഞ്ജയ് കപൂറിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തില്‍ ഉണ്ടായ സ്വത്ത് തര്‍ക്കം പുതിയ തലത്തില്‍. 30,000 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഈ സ്വത്തില്‍ ഒരു ഭാഗം മുന്‍ ഭാര്യയും നടിയുമായ കരിഷ്മ കപൂര്‍ ആവശ്യപ്പെടുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതോടെ സ്വത്ത് തര്‍ക്കത്തില്‍ കരിഷ്മ കപൂറും കക്ഷി ചേര്‍ന്നേക്കും.
കഴിഞ്ഞ മാസം 12നു ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജയ് കപൂര്‍ ലണ്ടനില്‍ മരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും തന്റെ പേരിലാണെന്നും തനിക്കാണ് അവകാശമെന്നും ചൂണ്ടിക്കാണിച്ച് സഞ്ജയ്യുടെ അമ്മ റാണി കപൂര്‍ രംഗത്തെത്തിയിരുന്നു. അതിനിടെ സഞ്ജയ്യുടെ ഭാര്യ പ്രിയ സച്ച്‌ദേവ് സോണ കോംസ്റ്റാര്‍ കമ്പനിയുടെ ഡയറക്ടറായി സ്ഥാനമേല്‍ക്കാനുള്ള നടപടി ആരംഭിച്ചതോടെ നിയമ നടപടികളിലേക്കു കടക്കാനൊരുങ്ങുകയാണ് റാണി കപൂര്‍. വ്യവസായ പ്രമുഖനായിരുന്ന അന്തരിച്ച ഡോ.സുരീന്ദര്‍ കപൂറിന്റെ ഭാര്യയാണ് റാണി.
വില്‍പത്രത്തെക്കുറിച്ച് പ്രതികരിക്കാന്‍ സോണ കോംസ്റ്റാര്‍ ബോര്‍ഡ് തയാറായിട്ടില്ല. സഞ്ജയ്യുടെ മരണത്തിലും മാതാവ് റാണി ദുരൂഹത ആരോപിക്കുന്നുണ്ട്. 'മകന്റെ മരണത്തില്‍ ദുഃഖിതയായിരുന്ന എനിക്ക് ഉള്ളടക്കം മനസ്സിലാകാതെ ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കേണ്ടിവന്നു. എന്റെ ബോധ്യത്തിലോ സമ്മതത്തിലോ അല്ല ബോര്‍ഡില്‍ മാറ്റങ്ങളുണ്ടായിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് എനിക്ക് പണം പിന്‍വലിക്കാനാകുന്നില്ല. ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം. ഇതെല്ലാം മകന്‍ മരിച്ച് ഒരു മാസത്തിനുള്ളിലാണു നടന്നത്. സഞ്ജയ്യുടെ ഭാര്യ പ്രിയ സച്ച്‌ദേവ് ചട്ടങ്ങള്‍ പാലിക്കാതെയാണ് ഏറ്റവും വലിയ ഓഹരി ഉടമയായി മാറിയത്'- റാണി ആരോപിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം ഒരു പക്ഷേ ശരിയായിരിക്കണമെന്നില്ലെന്നും അവര്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു. മകന്റെ മരണം സാധാരണ അപകടമായും ഹൃദയാഘാതമായും തള്ളിക്കളയുന്നത് ഒരു അമ്മ എന്ന നിലയില്‍ വളരെ വേദനാജനകമാണെന്നും സത്യം വാര്‍ത്തകളുടെ തലക്കെട്ടുകളിലുള്ളതല്ലെന്നും ആ സത്യം അംഗീകരിക്കപ്പെടുന്നതുവരെ നിശബ്ദമായിരിക്കില്ലെന്നും റാണി കപൂറിന്റെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ വൈഭവ് ഗഗ്ഗര്‍ എഎന്‍ഐയോട് പറഞ്ഞിരുന്നു.
ഇതിനിടയിലാണ് കരിഷ്മയും മുന്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം വേണമെന്ന വാദവുമായി എത്തിയതും. 2003-ലാണ് നടി കരിഷ്മ കപൂര്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. 2014-ല്‍ ദമ്പതികള്‍ വിവാഹമോചന കേസ് നല്‍കി. 2016-ല്‍ ഇവര്‍ നിയമപരമായി വിവാഹമോചിതരായി. ഇപ്പോള്‍ കരിഷ്മയും സഞ്ജയ് കപൂറിന്റെ സ്വത്തില്‍ അവകാശം ഉന്നയിച്ചതയാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കരിഷ്മ കപൂറില്‍ നിന്നോ അവരുടെ പ്രതിനിധികളില്‍ നിന്നോ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ ഇതുവരെ നിയമനടപടികളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ വാര്‍ഷിക പൊതുയോഗം മാറ്റിവെക്കാന്‍ തന്റെ കക്ഷി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്കുണ്ടെന്നും ഗഗ്ഗര്‍ സ്ഥിരീകരിച്ചു. കരിഷ്മ കപൂറുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിനുശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അസാരിയസ് എന്നൊരു മകനുണ്ട്.