ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്നും നിരന്തരം വിമർശനം കേൾക്കേണ്ടി വന്ന ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് വലിയ പദവി നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ചീഫ് ഓഫ് ഡിഫൻസ് (സി.ഡി.എസ്.), നാഷണൽ സെക്യൂരിറ്റി അഡൈ്വസർ (എൻ.എസ്.എ.) എന്നിവയ്ക്ക് സമാനമായി ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഓഫ് ഇന്ത്യ (സിഐ.ഒ.) എന്ന തസ്തിക സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ഇ.ഡി മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സഞ്ജയ് കുമാർ മിശ്രയായിരിക്കും ഈ പദവിയിലേക്ക് എത്തുകയെന്നാണ് സൂചനകൾ. സുപ്രീംകോടതിയുടെ കടുത്ത വിമർശനം ഉയർന്നതോടെയാണ് മിശ്ര്ക്ക് ഇഡി തലപ്പത്ത് തുടരാൻ എളുപ്പം സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ നീക്കവുമായി രംഗത്തുവരുന്നത്.

ഇത് നിലവിൽ വരുന്നതോടെ സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന്റെയും മേധാവിമാർ സിഐ.ഒയോട് ആയിരിക്കും റിപ്പോർട്ട് ചെയ്യേണ്ടി വരികയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ, പ്രധാനമന്ത്രിയുടെ ഓഫീസിനോട് നേരിട്ടായിരിക്കും റിപ്പോർട്ട് ചെയ്യുക.

2019-ലാണ് മോദി സർക്കാർ ചീഫ് ഓഫ് ഡിഫൻസ് എന്ന തസ്തിക സൃഷ്ടിച്ചത്. മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവിമാർ സി.ഡി.എസിനോടാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് രഹസ്യാന്വേഷണ ഏജൻസികൾ എൻ.എസ്.എയോടുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇ.ഡിയുടെയും സിബിഐയുടെയും അന്വേഷണമേഖലകൾ പലപ്പോഴും ഇടകലർന്നു കിടക്കുന്നു എന്നതിനാലാണ് സർക്കാർ ഇത്തരമൊരു തസ്തിക സൃഷ്ടിക്കലിലേക്ക് കടക്കാൻ കാരണമെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കൽ, ഫെമ ലംഘനങ്ങൾ തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകേസുകളാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്. അഴിമതി, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളാണ് സിബിഐയുടെ അന്വേഷണ പരിധിയിൽ വരുന്നത്.

ഇ.ഡിയുടെയും സിബിഐയുടെയും തലപ്പത്ത് സിഐ.ഒ. എത്തുന്നതോടെ രണ്ട് ഏജൻസികളുടെയും പ്രവർത്തനത്തിൽ കൂടുതൽ സഹകരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഗവൺമെന്റ് ഓഫ് ഇന്ത്യ സെക്രട്ടറിയുടെ റാങ്ക് ആയിരിക്കും ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറുടേത്.

ഇ.ഡി. മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്ന സഞ്ജയ് കുമാർ മിശ്രയെയാണ് പ്രഥമ സിഐ.ഒ. സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്നതെന്നാണ് സൂചന. സെപ്റ്റംബർ 15 വരെയാണ് ഇ.ഡി. മേധാവിസ്ഥാനത്ത് തുടരാൻ മിശ്രയ്ക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്. മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയ കേന്ദ്ര സർക്കാർ നിലപാടിനെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു.