- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബാത്റൂമില്‍ ടവല്‍ ഉണക്കുന്ന ചുമലൊപ്പം ഉയരമുള്ള സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ ഒരാള്‍ക്ക് തൂങ്ങി മരിക്കാനാകുമോ? അയര്‍ലന്റിലെ ഫിങ്കലില് സാന്‍ജോയുടെ മരണം സ്വന്തം നാടായ കര്‍ണാടകയിലെ കബടയില് പ്രതിഷേധക്കാറ്റായി മാറുന്നു; ഞായറാഴ്ച കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു കന്നഡിഗര്‍ മലയാളിയായ സാന്‍ജോയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; ഭാര്യയെ സംശയ നിഴലില്‍ നിര്‍ത്തുന്ന നാട്ടുകാര്‍ സങ്കടത്തോടെ നടത്തുന്നത് വേറിട്ട പ്രതിഷേധവും
ചുമലൊപ്പം ഉയരമുള്ള സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ ഒരാള്‍ക്ക് തൂങ്ങി മരിക്കാനാകുമോ? സാന്‍ജോയുടെ മരണം പ്രതിഷേധക്കാറ്റായി മാറുന്നു

ലണ്ടന്‍: ഒരാള്‍ക്ക് കെട്ടിത്തൂങ്ങി മരിക്കാന്‍ എത്ര ഉയരം വേണ്ടിവരും? കാല്‍ നിലത്തു മുട്ടിയാല്‍ മരണം സംഭവിക്കാതിരിക്കുമോ? തൂങ്ങിക്കിടന്ന് ആടുമ്പോഴാണോ ശ്വാസം നിലച്ചു മരണം സംഭവിക്കുക? ലോകത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും അധികം പേര് തിരഞ്ഞെടുക്കുന്നത് തൂങ്ങി മരണം ആണെന്നു കണക്കുകള്‍ കാണിക്കുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ മരണം ഏറെക്കുറെ ഉറപ്പാക്കാനാകും എന്നും കണക്കുകള്‍ പറയുന്നു. തൂങ്ങി മരിക്കാന്‍ ശ്രമിക്കുമ്പോള്‍ കയറു പൊട്ടിയോ, തൂങ്ങാന്‍ ഉപയോഗിച്ച കൊളുത്തോ മറ്റോ പൊട്ടി വീണും ഒക്കെ പരാജയ സാധ്യത 15 മുതല്‍ 30 ശതമാനം വരെ മാത്രമാണ് എന്ന് വ്യക്തമാകുമ്പോഴാണ് എന്തുകൊണ്ടണ് ഈ മാര്‍ഗം തന്നെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവര്‍ അധികവും ഉപയോഗിക്കുന്നത് എന്നതിനും ഉത്തരമാകും. കേരളത്തിലും യുകെയിലും മാത്രമല്ല ലോകത്തെങ്ങും ഏറെക്കുറെ സമാനമാണ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നവരുടെ വിജയ പരാജയ സാധ്യതകള്‍. എന്നാല്‍ ഇപ്പോള്‍ ഈ സാധ്യതകളൊക്കെ മറക്കുകയാണ് ദക്ഷിണ കന്നഡയിലെ കബട താലൂക്കില്‍ ഉള്ള നാട്ടുകാര്‍. കാരണം അവരുടെ പ്രിയപ്പെട്ട സാന്‍ജോ സുനില്‍ എന്ന യുവാവ് ആഴ്ചകള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ തൂങ്ങി മരിച്ചു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല.
ബാത്‌റൂമിലെ സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ തൂങ്ങി മരിക്കുന്നതെങ്ങനെ? ഭാര്യ നേരിടുന്നത് കടുത്ത ആരോപണങ്ങള്‍
സാമാന്യം ഉയരമുള്ള ഒരാള്‍ക്ക് ബാത്‌റൂമിലെ ടവ്വലും മറ്റും ഉണങ്ങാന്‍ ഉപയോഗിക്കുന്ന കഴുത്തൊപ്പം മാത്രം ഉയരമുള്ള ഒരു സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ തൂങ്ങി മരിക്കാനാകുമോ? ഈ ചോദ്യം ഇപ്പോള്‍ ഉയര്‍ത്തുന്നത് കബടയിലെ സാന്‍ജോയുടെ നാട്ടുകാരും വീട്ടുകാരും പ്രിയപ്പെട്ടവരും ഒക്കെ ചേര്‍ന്നാണ്. കാല്‍ നിലത്തു മുട്ടാതെ തൂങ്ങിയാല്‍ അല്ലേ മരണം സംഭവിക്കൂ എന്ന സാമാന്യ ബുദ്ധിയില്‍ നിന്നുമാണ് ഈ ചോദ്യം എത്തുന്നത്.
സാന്‍ജോ വഴക്കിട്ട ശേഷം റേഡിയേറ്ററില്‍ തൂങ്ങി കാല്‍മുട്ടില്‍ ഊന്നി നില്‍ക്കുന്ന കാഴ്ചയാണ് താന്‍ കടയില്‍ പോയി വന്നപ്പോള്‍ കാണാനായത് എന്നതാണ് മരണത്തില്‍ ഇപ്പോള്‍ ആരോപണം നേരിടുന്ന ഭാര്യ ലീഷ്മ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത് വിശ്വസനീയം അല്ലെന്നാണ് സാന്‍ജോവിന്റെ കുടുംബം പറയുന്നത്. മാത്രമല്ല ജീവന്‍ രക്ഷ സേന എത്തും മുന്‍പേ ഭാര്യ സാന്‍ജോവിന്റെ കുരുക്കഴിച്ചു നിലത്തു കിടത്തി സിപിആര്‍ നല്‍കാന്‍ ശ്രമിച്ചു എന്നതും അവിശ്വസനീയമാണ് എന്നും കുടുംബവുമായി അടുപ്പമുള്ളവര്‍ ആരോപിക്കുന്നു. ഒപ്പം സംഭവ സ്ഥലത്ത് ആദ്യം എത്തിയവരില്‍ ഇപ്പോള്‍ ആരോപണം നേരിടുന്ന മധ്യവയസ്‌കന്‍ അവിടെ എത്തിയതും സംശയാസ്പദമാണ് എന്നും വീട്ടുകാര്‍ പറയുന്നു.
സാന്‍ജോയും ലീഷ്മയും താമസിച്ചിരുന്ന ഫിന്‍ഗല്‍ എന്ന സ്ഥലത്തെ മലയാളി സമൂഹവും യുവാവിന്റെ മരണത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. എന്താണ് സംഭവിച്ചത് എന്നതിന് ഉത്തരം വേണമെന്ന് ഇവിടെയുള്ള മലയാളികളും ആഗ്രഹിക്കുന്നു. വെറും ഒരു വര്‍ഷം മുന്‍പ് മാത്രമാണ് സാന്‍ജോവിന്റെ ഭാര്യ അയര്‍ലണ്ടില്‍ താമസിക്കാന്‍ എത്തുന്നത്. ഇത്ര വേഗത്തില്‍ എങ്ങനെ ഇങ്ങനെയൊരു ദുരന്തം ആ കുടുംബത്തെ തേടി എത്തി എന്നതും ഇപ്പോള്‍ മലയാളി സമൂഹത്തില്‍ ചര്‍ച്ചയാണ്. ആവര്‍ത്തിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ വെറും സാക്ഷികളായി നില്‍ക്കാതെ സമൂഹം തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ വീണ്ടും സമാന ദുരന്തങ്ങള്‍ കാണേണ്ടി വരുമെന്നും നിരവധി ഐറിഷ് മലയാളികള്‍ മറുനാടന്‍ മലയാളിയില്‍ വിളിച്ച് ആശങ്ക അറിയിക്കുന്നുണ്ട്. ഏറെക്കുറെ സമാനമായ ദുരന്തങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലും അടുത്ത കാലത്തെത്തിയ മലയാളികള്‍ക്കിടയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മാത്രമല്ല സാന്‍ജോവിന്റെ മരണത്തിന് പരോക്ഷ കാരണക്കാരനായ വ്യക്തി സംഭവം നടക്കുന്നതിന് അല്‍പം മുന്‍പ് ആ വീട്ടില്‍ എത്തിയിരുന്നു എന്നതിന് സിസിടിവി തെളിവുകള്‍ ഉണ്ടെന്നതാണ് മറ്റൊരു ഗുരുതര ആരോപണം. എന്നാല്‍ ഇതൊക്കെ ആരോപണം മാത്രം ആണെന്നും വാസ്തവവും ആയി ബന്ധം ഇല്ലെന്നുമാണ് ലീഷ്മയുടെ ഭാഗം പറയുന്നവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുരുഷ സുഹൃത്തിന്റെ സാമീപ്യം ഉണ്ടായതാണ് വഴക്കിനും ഒടുവില്‍ സാന്‍ജോവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതിനും കാരണമെന്നും ഏവരും ഒരുപോലെ പറയുന്നു. ഇപ്പോള്‍ നാട്ടിലെത്തിയ സാന്‍ജോവിന്റെ ഭാര്യയ്ക്ക് തുണയായി കൂടെ ഉള്ളതും ഈ വ്യക്തി ആണെന്ന് ആരോപണമുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം സാന്‍ജോവിന്റെ മൃതദേഹം നാട്ടില്‍ എത്തിയപ്പോള്‍ ഭാര്യയ്ക്ക് കാണാന്‍ അനുമതി നല്‍കുന്നതില്‍ നാട്ടുകാര്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തി എന്നും തുടര്‍ന്ന് സാന്‍ജോവിന്റെ വീട്ടില്‍ അധിക സമയം നില്‍ക്കാതെ ലീഷ്മ സ്ഥലം വിടുക ആയിരുന്നു എന്നുമാണ് പറയപ്പെടുന്നത്.
മൃതദേഹം നാട്ടില്‍ എത്തും മുന്‍പ് പരാതിയുമായി കുടുംബം രംഗത്ത് വരാതിരുന്നത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ ഇതേ കാരണം കൊണ്ട് തന്നെ ഇനി അയര്‍ലണ്ടില്‍ നല്‍കുന്ന പരാതിക്ക് സാങ്കേതികമായി വെല്ലുവിളികളും ഏറെയാണ്. പ്രധാനമായും തെളിവ് ശേഖരണത്തില്‍ അയര്‍ലണ്ടിലെ നിയമ സംവിധാനത്തിന് മൃതദേഹം നാട്ടില്‍ എത്തിയ ശേഷമുള്ള അന്വേഷണത്തില്‍ തടസങ്ങള്‍ എത്താനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എന്ത് പറയുന്നു എന്നതിനെ കേന്ദ്രീകരിച്ചാകും സാന്‍ജോവിന്റെ മരണത്തിനുള്ള ഉത്തരം എന്ത് എന്നത് പുറത്തു വരിക. നാട്ടില്‍ എത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉള്ള സാധ്യത തേടിയിരുന്നെങ്കിലും ഒരിക്കല്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ നിയമപരമായ ഒട്ടേറെ കടമ്പകള്‍ ഉണ്ടെന്നതിനാലാണ് ആ ആശയം ഉപേക്ഷിക്കപ്പെട്ടത്.
അവന്‍ ഞങ്ങളുടെ പ്രിയപെട്ടവന്‍, എന്തിനിത് സംഭവിച്ചു എന്നതിന് ഉത്തരം കിട്ടിയേ തീരൂ
അതേസമയം കാസര്‍ഗോഡ് നിന്നും ദക്ഷിണ കന്നടയില്‍ എത്തിയ മലയാളി കുടുംബങ്ങളില്‍ നാട്ടുകാര്‍ ഏറെ സ്‌നേഹിക്കുന്ന സാന്‍ജോവിന്റെ മരണത്തിന് ഉത്തരം തേടി രംഗത്ത് വരുന്നത് കന്നഡക്കാര്‍ അടക്കമുള്ള നാട്ടുകാരാണ്. നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചു തങ്ങളുടെ പ്രിയ യുവാവിന്റെ മരണത്തിന് ഉത്തരം തേടുകയാണ് നാട്ടുകാര്‍. ഇതിനായി ഞായറാഴ്ച മെഴുകുതികള്‍ കത്തിച്ചു കാന്‍ഡില്‍ വിജില്‍ നൈറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് നാട്ടുകാരും പള്ളിയിലെ യുവജന സംഘടനാ ഭാരവാഹികളും അടക്കമുള്ളവര്‍. മാര്‍ത്തോമാ വിശ്വാസികളായ കുടുംബത്തില്‍ പള്ളികാര്യങ്ങളില്‍ മുന്നില്‍ നിന്നിരുന്ന സാന്‍ജോ ആ നാട്ടിലെ ചെറുപ്പക്കാരുടെ ഹീറോ കൂടി ആയിരുന്നു. പത്തു വര്‍ഷമായി സഞ്ജുവും ലീഷ്മയും തമ്മില്‍ ഉള്ള പ്രണയം നാട്ടുകാരൊക്കെ സാക്ഷികളായതാണ്.
മാത്രമല്ല നാട്ടില്‍ കഴിയുമ്പോഴും അധ്വാനിയായ സാന്‍ജോ ആര്‍ക്കും സഹായത്തിന് ഓടി എത്തുന്ന ചെറുപ്പകാരനായിരുന്നു. പള്ളിയിലെ യുവജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിലും അവര്‍ക്ക് നേതൃത്വം നല്‍കുന്നതിലും ഒക്കെ എന്നും ഒന്നാമന്‍ ആയിരുന്നു സാന്‍ജോ. ഏറെ നാള്‍ ഇസ്രായേലില്‍ ജോലി ചെയ്ത ശേഷമാണു ഭാര്യക്ക് അയര്‍ലണ്ടില്‍ പോകാനുള്ള സാമ്പത്തിക സഹായത്തിനു സാന്‍ജോവിന് സാധിച്ചത്. തുടര്‍ന്ന് ഭാര്യക്കൊപ്പം താമസിക്കാന്‍ എത്തി ഒരു മാസം പിന്നിടും മുമ്പേയാണ് സാന്‍ജോ മരണത്തിനൊപ്പം യാത്രയായി എന്ന ദാരുണ വാര്‍ത്ത കുടുംബത്തെയും നാട്ടുകാരെയും തേടിയെത്തിയത്. അതിനാല്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ ഒന്നും വിശ്വസിക്കാനാകുന്നില്ല എന്നാണ് ചങ്കു തകര്‍ന്നു സാന്‍ജോവിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ വിലപിക്കുന്നത്. ഈ സങ്കടം കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് ഒരു നാടൊന്നാകെ ഇപ്പോള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങുന്നതും.
സാമൂഹ്യ പ്രവര്‍ത്തകരും ചെറുപ്പക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് ഇപ്പോള്‍ പ്രധാനമായും സാന്‍ജോവിന്റെ മരണത്തിന് ഉത്തരം തേടി രംഗത്തുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ നടത്തുന്ന നീതി തേടിയുള്ള പോരാട്ടത്തില്‍ സാന്‍ജോവിന്റെ ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികള്‍ അക്കമിട്ട് നിരത്തി ഭാര്യ ഉത്തരം പറയണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. ഇത് സോഷ്യല്‍ മീഡിയ വിചാരണയായി മാറുകയല്ല മറിച്ചു തങ്ങളുടെ ആശങ്കള്‍ക്കും സാന്‍ജോവിന്റെ ആത്മാവിനും നീതി കിട്ടാന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരൂ എന്നും അത് നല്‍കാന്‍ ലീഷ്മയ്ക്ക് മാത്രമേ കഴിയൂ എന്നുമാണ് സാന്‍ജോവിന്റെ ബന്ധുക്കളും സഹോദരിമാരുമായ രശ്മി തോമസും രമ്യ തോമസും പറയുന്നത്.
അതിനാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാകുക, ഒരാള്‍ മറ്റൊരു പങ്കാളിയെ തേടി പോകുക എന്നതൊന്നും ആ നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. അതിനാലാണ് ഈ മരണത്തില്‍ അവര്‍ സംശയം ഉയര്‍ത്തുന്നതും. നാടൊന്നാകെ പ്രതിഷേധത്തില്‍ പങ്കാളികള്‍ ആകണം എന്ന ആവശ്യവുമായി സാമൂഹ്യ മാധ്യമ കൂട്ടായ്മകളില്‍ ശക്തമായ പ്രചാരണമാണ് നടക്കുന്നത്. സഞ്ജുവിന്റെ ബന്ധുക്കളായ സ്ത്രീ പുരുഷന്മാര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ ഒക്കെ ചോദ്യമാക്കി മാറ്റുകയാണ്. സഞ്ജു തൂങ്ങിമരിക്കാന്‍ കാരണമായി എന്ന് പറയുന്ന ബാത്‌റൂമിലെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് തങ്ങളുടെ നഷ്ടത്തിന് അവര്‍ ഉത്തരം തേടുന്നത്. അതിനിടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നാട്ടില്‍ ഉള്ള സഞ്ജുവിന്റെ ഭാര്യ അയര്‍ലണ്ടിലേക്ക് തിരികെ മടങ്ങാന്‍ തയ്യാറെടുക്കുകയാണ് എന്നും പറയപ്പെടുന്നു.


