- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
10 വര്‍ഷത്തെ പ്രണയം; വീട്ടുകാരും നാട്ടുകാരും ആശീര്‍വദിച്ചു സ്വന്തമാക്കിയ പ്രിയപെട്ടവള്‍ക്ക് വേണ്ടി പ്രണയ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് കടല്‍ത്തീരത്ത് നിന്നുള്ള ചിത്രം; മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ മരണവാര്‍ത്തയും; ഇന്ന് സാന്‍ജോ അയര്‍ലണ്ടില്‍ എത്തിയിട്ട് കൃത്യം ഒരു മാസം തികയുന്ന ദിവസം; പ്രിയപ്പെട്ടവനെ നഷ്ടമായ വേദനയില്‍ ഭാര്യയും ജീവനൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ തടുത്തത് വിധി
പ്രിയപ്പെട്ടവനെ നഷ്ടമായ വേദനയില്‍ ലീഷ്മ ജീവനൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ തടുത്തത് വിധി

ലണ്ടന്‍: ഒരേ നാട്ടിലെ അടുത്തറിയുന്ന രണ്ടു ചെറുപ്പക്കാര്‍ ആയിരുന്നു സാന്‍ജോയും ലീഷ്മയും. യുവത്വത്തിന്റെ ആവേശമായിരുന്നില്ല അവര്‍ക്ക് പ്രണയം. ഇണക്കുരുവികളെ പോലെ നീണ്ട പത്തുവര്‍ഷമാണ് ആ പ്രണയത്തിന്റെ തീക്ഷ്ണത ഇരുവരും അടുത്തറിഞ്ഞത്. ആ സ്‌നേഹപ്രകടനം ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ സാന്‍ജോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം തെളിയിക്കുന്നത്.
കടല്‍ തീരത്തു പ്രിയപെട്ടവളുടെ അരയില്‍ കൈചുറ്റി ഒരു സിനിമ സീനില്‍ കാണുന്നതിനേക്കാള്‍ മനോഹരമായ പുഞ്ചിരിയോടെ ഇരുവരും കണ്ണില്‍ കണ്ണില്‍ നോക്കി ചിരിക്കുന്ന അതിമനോഹരമായ ചിത്രമാണ് വാലന്റൈന്‍സ് ഡേയില്‍ ഭാര്യയ്ക്കായി സാന്‍ജോ സമര്‍പ്പിച്ചത്. ഇത്രയും മനോഹരമായ ചിത്രം തന്നെ അവര്‍ക്കിടയില്‍ ഉള്ള ഇഴയടുപ്പം തെളിയിക്കുന്നതാണ്. ഹണിമൂണ്‍ കാലം കഴിഞ്ഞിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്തി ഇരുവര്‍ക്കും ആദ്യ വിവാഹ വാര്‍ഷികം കടന്നു പോയിട്ടും ആഴ്ചകള്‍ പിന്നിടുന്നതേയുള്ളൂ.
എന്നാല്‍ പ്രണയദിനത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും ഒക്കെ സ്‌നേഹം ലൈക്കുകള്‍ ആയി എത്താന്‍ പോലും സമയം നല്‍കും മുന്‍പേ മൂന്നു നാള്‍ കഴിഞ്ഞപ്പോഴേക്കും സാന്‍ജോ ഈ ലോകത്തില്ല എന്ന നടുക്കുന്ന വാര്‍ത്തയാണ് ഏവരെയും തേടിയെത്തിയത്. ഇപ്പോള്‍ ആ ചിത്രത്തിന് താഴെ തന്നെയാണ് പ്രിയ കൂട്ടുകാര്‍ ഓരോരുത്തരായി എന്ത് പറ്റി, വിശ്വസിക്കാനാകുന്നില്ലല്ലോ എന്ന വാക്കുകളുമായി ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്.
അടുത്തറിയുന്നവര്‍ക്ക് ഉണ്ടായ ഞെട്ടല്‍ ഇത്തരത്തില്‍ ആണെങ്കില്‍ ഊഹിക്കാവുന്നതേയുള്ളൂ പത്തു വര്‍ഷം പ്രാണനെ പോലെ സ്‌നേഹിച്ച പ്രിയപ്പെട്ടവളുടെ വേദനയും വിരഹവും. ഒരു നിമിഷത്തെ ഇരുള്‍ നിറഞ്ഞ മനസില്‍ കഴിഞ്ഞ ദിവസം ലീഷ്മയും ജീവന്‍ വെടിയാന്‍ തയ്യാറായി എന്ന ഉള്ളുലയ്ക്കുന്ന വിവരമാണ് ഇരു കുടുംബത്തെയും തേടി എത്തിയത്. സാന്‍ജോയുടെ മരണമറിഞ്ഞ് ഇരു വീട്ടുകാരും പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലീഷ്മയും വീണ്ടുവിചാരം ഇല്ലാത്ത കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്. പക്ഷെ ആരുടെയൊക്കെയോ പ്രാര്‍ത്ഥനകളുടെ ഫലമായി വിധി ലീഷ്മയെ ജീവിതത്തിലേക്ക് മടക്കി വിളിക്കുക ആയിരുന്നു.
റെഡ്ഡിച്ചിലെ അനിലിന്റേയും സോണിയയുടെയും ദാരുണ വിധി ഫിന്‍ഗളിലും ആവര്‍ത്തിച്ചേനെ
അതല്ലെങ്കില്‍ ഒന്നര വര്‍ഷം മുന്‍പ് റെഡ്ഡിച്ചില്‍ യുകെ മലയാളികള്‍ കാണേണ്ടി വന്ന ദുരന്ത കാഴ്ചയുടെ ആവര്‍ത്തനമായേനെ ഫിന്‍ഗളിലും സംഭവിക്കുമായിരുന്നത്. സാന്‍ജോയുടെയും ലീഷ്മയുടെയും പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ് റെഡ്ഡിച്ചില്‍ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സോണിയയുടെയും അനിലിന്റേയും മരണത്തെ തുടര്‍ന്ന് വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്. നീണ്ട 12 വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് അനിലും സോണിയയും ഒന്നിച്ചത്. ഇരുവരും ആ പ്രണയം വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു തരിപോലും ഇടിവ് തട്ടാതെ സൂക്ഷിച്ചു എന്നാണ് മരണത്തിലൂടെ തെളിയിച്ചതും.
ഭാര്യയോടുള്ള അമിത സ്‌നേഹത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു നിമിഷം അനില്‍ മറന്നു പോയെങ്കിലും ഭാര്യക്കൊപ്പെം ഒരു കുഴിമാടത്തില്‍ അന്തിയുറങ്ങാനുള്ള അനിലിന്റെ തീരുമാനം വിധി നടപ്പാക്കുക ആയിരുന്നു. ഒട്ടേറെ ദാരുണ മരണങ്ങള്‍ക്ക് സാക്ഷികളായ യുകെ മലയാളികള്‍ക്ക് ഇന്നും നെഞ്ചിലെ നീറ്റലാണ് സോണിയയും അനിലും. സ്വന്തം കൈകളില്‍ കിടന്നാണ് കുഴഞ്ഞു വീണ ഭാര്യ മരിച്ചെന്ന നീറ്റല്‍ താങ്ങാനാകാതെയാണ് ആ ദിവസം രാത്രി തന്നെ അനിലും ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
അനിലിന്റെ നിഷ്‌കളങ്ക മനസ് അറിയാമായിരുന്ന സുഹൃത്തുക്കളും മറ്റും വീട്ടില്‍ കൂട്ടിരുന്ന രാത്രി തന്നെയാണ് ഏവരുടെയും കണ്ണ് വെട്ടിച്ചു പുറത്തു കടന്ന അനില്‍ മരണത്തിന്റെ വഴിയേ യാത്രയായത്. ഇപ്പോള്‍ അതെ വഴിയേ നടക്കാനൊരുങ്ങിയ ലീഷ്മയെ തടയാനെത്തിയ വിധിക്ക് നന്ദി പറയുകയാണ് പ്രിയപ്പെട്ടവര്‍. ജീവനും മരണത്തിനും ഇടയില്‍ ഉള്ള നൂല്‍പ്പാലത്തിലൂടെ കയറി ഇറങ്ങിയ ലീഷ്മ അപകടനില തരണം ചെയ്തെന്ന ആശ്വാസ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നതും.
അതിനിടെ സാന്‍ജോ എന്തിനീ കടുംകൈ ചെയ്തെന്ന ചോദ്യത്തിന് ഇന്നും ഉത്തരമായിട്ടില്ല. ഏറെക്കാലം ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന സാന്‍ജോ ഭാര്യ അയര്‍ലണ്ടില്‍ എത്തിയതോടെയാണ് ഒന്നിച്ചു ജീവിക്കാനുള്ള കൊതിയോടെ കഴിഞ്ഞ മാസം എത്തുന്നത്. ഇക്കഴിഞ്ഞ ഓണം ഇസ്രായേലില്‍ ആഘോഷിച്ച ശേഷം തൊട്ടടുത്ത മാസം തന്നെ സാന്‍ജോ നാട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് അയര്‍ലണ്ടില്‍ എത്താനായുള്ള കാലതാമസം വെറും രണ്ടു മാസം മാത്രം ആയിരുന്നെങ്കിലും ആ സമയതൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രിയപെട്ടവള്‍ക്ക് ഫോട്ടോയും വിഡിയോയും ഒക്കെ ടാഗ് ചെയ്തു നിന്നെടുത്തു മാത്രമാണ് താന്‍ ഏറ്റവും സന്തോഷം കണ്ടെത്തുന്നത് എന്ന വരികള്‍ കുറിച്ചിട്ടാണ് സാന്‍ജോ തന്റെ സ്‌നേഹം തുറന്നു പ്രകടിപ്പിച്ചിരുന്നത്. ഒടുവില്‍ വീട്ടുകാര്‍ക്കൊപ്പം ക്രിസ്മസ് കൂടി ആഘോഷിച്ച ശേഷമാണു സാന്‍ജോ അയര്‍ലണ്ടിലേക്ക് യാത്ര തിരിക്കുന്നത്. ഇന്നാണ് സാന്‍ജോ അയര്‍ലണ്ടില്‍ എത്തിയിട്ട് ഒരു മാസം തികയ്ക്കുന്നതും. ഇനിയൊരു ക്രിസ്മസ് ആഘോഷം ഒന്നിച്ചില്ലെന്ന് ഇപ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചിന്തിക്കാന്‍ പോലും ആകുന്നില്ല.
ഈ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജീവന്‍ ഒടുക്കാന്‍ കാരണമാകും വിധം എന്ത് നിരാശയാണ് സാന്‍ജോയ്ക്ക് ഉണ്ടായതെന്ന് വീട്ടുകാര്‍ക്കും നിശ്ചയമില്ല. മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന ദിവസവും തന്നെ വിളിച്ചു സന്തോഷത്തോടെ മകന്‍ സംസാരിച്ചിരുന്നതാണ് എന്ന് പിതാവ് സുനില്‍ പറയുമ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പമാണ് സാന്‍ജോയുടെ മരണം സൃഷ്ടിക്കുന്നത്. തികച്ചും സന്തോഷത്തോടെ കഴിഞ്ഞ ഒരാള്‍ ഒരു കാരണവും കൂടാതെ പ്രിയപ്പെട്ടവളേയും മകനെയും ഉപേക്ഷിച്ചു നടന്നു മറഞ്ഞുവെന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനാകില്ല. അയര്‍ലണ്ടില്‍ എത്തി കൂട്ടുകാര്‍ പോലും സ്വന്തമാകും മുന്‍പേയുള്ള ഈ തീരുമാനം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ സാന്‍ജോയുടെ മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് ഫിന്‍ഗളിലെ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുന്നത്. ഇതിനാവശ്യമായ ഒരുക്കങ്ങള്‍ എല്ലാം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.


