ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്ത യൂടൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. സഞ്ജു ടെക്കി തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റെ ആർടിഒ ലൈസൻസ് റദ്ദാക്കിയത്. കാറിനുള്ളിൽ പൂൾ ഒരുക്കിയ യാത്ര ഏറെ വിവാദമായിരുന്നു. സംഭവത്തിൽ കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് എംവിഡിയും കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ കാറിൽ സ്വിമ്മിങ് പൂൾ തയ്യാറാക്കി യാത്ര നടത്തിയ സംഭവത്തിൽ യൂട്ഊബർ സഞ്ജു ടെക്കി മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകിയിരുന്നു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഞ്ജുവിന്റെ വിശദീകരണം. തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും സഞ്ജു ടെക്കി എംവിഡിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഈ അഭ്യർത്ഥന തള്ളിയാണ് ഇപ്പോഴതച്‌തെ നടപടി.

സംഭവത്തിൽ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളജിൽ സാമൂഹിക സേവനത്തിലാണ്. 15 ദിവസത്തെ സാമൂഹിക സേവനം ജൂൺ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികൾ.

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്‌സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിങ്പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിങ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടർപോളിന് ചോർച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു.

എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അമ്പാൻ ലോറിക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിങ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. ഇതേ തുടർന്ന് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ ടാർപോളിൻ വലിച്ചുകെട്ടി സ്വിമ്മിങ് പൂൾ സെറ്റ് ചെയ്തത്.