- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹങ്കാരത്തിൽ അമ്മയുടെ പ്രായമുള്ള സ്ത്രീയെ മൂത്രമൊഴിച്ച് അപമാനിച്ചു; ലാൻഡ് ചെയ്തപ്പോൾ അഴിക്കുള്ളിലാകാതിരിക്കാൻ കരഞ്ഞ് കാലു പിടിത്തവും; കുടുംബമുണ്ടെന്നും പൊലീസിൽ പരാതി നൽകരുതെന്നും അപേക്ഷിച്ചത് അമേരിക്കൻ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ; കരഞ്ഞ് പറയാൻ സാഹചര്യമൊരുക്കിയത് വിമാന ജീവനക്കാർ; അവസാന ലൊക്കേഷൻ ബംഗ്ലൂരുവിൽ; വിമാന അധിക്ഷേപത്തിൽ വില്ലൻ ഒളിവിൽ തന്നെ
ന്യൂഡൽഹി: ന്യൂയോർക്ക്-ഡൽഹി എയർഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി പരാതിക്കാരി. വിമാന ജീവനക്കാർ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പരാതിക്കാരി എയർ ഇന്ത്യയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
അമ്മയുടെ പ്രായമുള്ള സ്ത്രീയോട് അപമര്യാതയായി പെരുമാറിയ സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതി ശങ്കർ മിശ്ര പരാതിക്കാരിയോട് മാപ്പപേക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവദിവസം വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ പരാതിക്കാരിയുടെ അടുത്തേക്ക് വന്ന ശങ്കർ മിശ്ര, തനിക്ക് കുടുംബമുണ്ടെന്നും വിഷയത്തിൽ പൊലീസിൽ പരാതി നൽകരുതെന്നും ആവശ്യപ്പെട്ട് കരഞ്ഞുവെന്നും പരാതിക്കാരി എയർ ഇന്ത്യയ്ക്ക് അയച്ച കത്തിൽ പറയുന്നു
കഴിഞ്ഞ വർഷം നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൊട്ടടുത്ത ദിവസം എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരന് നൽകിയ പരാതിയിൽ പ്രതി മാപ്പപേക്ഷിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യാത്രക്കാരി വിശദീകരിച്ചിരുന്നു. എന്നാൽ പിന്നേയും ഒരാഴ്ചയോളം കഴിഞ്ഞ് ജനുവരി നാലിനാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. ഇരുവരും തമ്മിൽ പരാതി ഒത്തുതീർപ്പാക്കിയെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയതെന്നാണ് എയർ ഇന്ത്യ പറയുന്നത്. പരാതിക്കാരി എയർ ഇന്ത്യയ്ക്ക് അയച്ച കത്തും എഫ്ഐആറിനൊപ്പം ചേർത്തിട്ടുണ്ട്.
പ്രതിയോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിമാനത്തിലെ ജീവനക്കാർ നിർബന്ധപൂർവമാണ് തങ്ങളെ മുഖാമുഖം ഇരുത്തി സംസാരിച്ചതെന്നും പരാതിക്കാരിയുടെ കത്തിൽ പറയുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് മാത്രമാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്. എന്നാൽ തന്നോട് മാപ്പുപറയുമെന്ന് പറഞ്ഞ് ആയാളെ ജീവനക്കാർ തന്റെ അടുത്തേക്ക് കൊണ്ടുവരുകയായിരുന്നു.
തന്റെ ഫോൺ നമ്പർ ശർമയ്ക്ക് കൈമാറിയശേഷം മൂത്രത്തിൽ നനഞ്ഞ ഷൂവിനും വസ്ത്രത്തിനുമുള്ള തുക കൈമാറാൻ ആവശ്യപ്പെട്ടുവെന്നും കത്തിൽ പറയുന്നു. ജീവനക്കാർ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും പരാതിക്കാരി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിൽ ഒളിവിലുള്ള പ്രതിക്കായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. യു.എസിലെ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കർ മിശ്ര. ഇയാൾ മുംബൈ സ്വദേശിയാണെന്നാണ് നേരത്തെ പൊലീസ് എത്തിച്ചേർന്നിരുന്ന നിഗമനം.
എന്നാൽ, ഉത്തർ പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ തിരിച്ചറിഞ്ഞെന്നും നിലവിൽ ഒളിവിലാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നു. നിലവിൽ നാലു ജീവനക്കാരെ ചോദ്യം ചെയ്തു കഴിഞ്ഞു. മറ്റുള്ളവരേയും ഉടൻ തന്നെ ചോദ്യം ചെയ്‌തേക്കും
അതേസമയം, അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ നിരന്തരം ഒളിവിൽ താമസിക്കുന്നസ്ഥലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് നിഗമനം. ഇയാൾക്കായി മുംബൈയിലും ബെംഗളൂരുവിലും ഡൽഹി പൊലീസ് തിരച്ചിൽ നടത്തി. ഇവിടെ രണ്ടിടത്തും ഇയാൾക്ക് ഓഫീസുണ്ടെന്നും ഇവിടങ്ങളിലേക്ക് സന്ദർശിക്കാറുണ്ടെന്നുമാണ് പൊലീസിന് കിട്ടിയ വിവരം. ശങ്കർ മിശ്രയുടെ അവസാന ടവർ ലൊക്കേഷൻ ബെംഗുളൂരുവെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ കണ്ടെത്താൻ രണ്ട് സംഘത്തെ നിയോഗിച്ചു. ഒരു സംഘം ബെംഗുളൂരുവിലെത്തിയാണ് അന്വേഷണം നടത്തുന്നത്. ശങ്കർ മിശ്ര, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അവധിയിൽ പ്രവേശിച്ചതായാണ് വിവരം. പ്രതി വിദേശത്തേക്ക് കടക്കാതെയിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
സംഭവത്തിൽ എയർ ഇന്ത്യക്കും പൈലറ്റുമാർക്കും മറ്റു ജീവനക്കാർക്കും ഡി.ജി.സി.എ. കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയാണ് മറുപടി നൽകാൻ സമയം നൽകിയിരിക്കുന്നത്. യാത്രക്കാരിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നതടക്കം വകുപ്പുകൾ ചുമത്തി ശങ്കർ മിശ്രക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും പ്രതിക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായും എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേ സമയം വീഴ്‌ച്ചകൾ ആവർത്തിക്കാൻ പാടില്ലെന്ന് കാട്ടി എയർ ഇന്ത്യ സിഇജ ജീവനക്കാർക്ക് കത്ത് അയച്ചു, വീഴ്‌ച്ചകൾ ആവർത്തിക്കരുതെന്നും പ്രശ്മങ്ങളുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ