മലപ്പുറം: 'അവന്‍... മുഹമ്മദ് കോയ മരിക്കരുതായിരുന്നു... അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാനായിരുന്നു എന്റെ ആഗ്രഹം... പിന്നീടൊരിക്കലും അവനീ പണി ചെയ്യരുത്... വേദനിച്ച് നരകിച്ച് പുഴുവരിച്ച് അവന്‍ ചാകണമായിരുന്നു...' 9 വര്‍ഷം മുമ്പ് ഒരുഅഭിമുഖത്തില്‍ ശങ്കരനാരായണന്‍ പറഞ്ഞു. മകളെ പീഡിപ്പിച്ചു കൊന്നയാളെ വെടിവെച്ചുകൊന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണന്‍ 75 ാം വയസില്‍ അന്തരിച്ചപ്പോള്‍ ഓര്‍മകളില്‍ മുഴങ്ങുന്നതും ഈ വാക്കുകളാണ്. തെളിവുകളുടെ അഭാവത്തില്‍ ശങ്കരനാരായണനെ കോടതി വെറുതെ വിടുകയായിരുന്നു.

മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണനാണ് തിങ്കളാഴ്ച രാത്രി വിടവാങ്ങിയത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാലായിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകള്‍ കൃഷ്ണപ്രിയയെ (13) അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.

സ്‌കൂള്‍ വിട്ടുവരും വഴി ക്രൂരബലാല്‍സംഗം

2001 ഫെബ്രുവരിയിലാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ട് വരുന്നതിനിടെ മുഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ മുഹമ്മദ് കോയ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയ(25), 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു.

മകളെ ഇല്ലാതാക്കിയവനെ കൊലപ്പെടുത്തിയശേഷം ചങ്കുറപ്പോടെ പൊലീസിന് മുന്നിലെത്തി കുറ്റം ഏറ്റുപറഞ്ഞ് ആ അച്ഛന്‍ അറസ്റ്റുവരിക്കുകയായിരുന്നു. വെടിവെച്ചത് ശങ്കരനാരായണന്‍ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു.




മുഹമ്മദ് കോയയുടെ മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ക്രിമിനല്‍ സ്വഭാവമുള്ള പ്രതിക്ക് മറ്റുശത്രുക്കള്‍ ഉണ്ടാവുമെന്നും കാണിച്ചാണ് കോടതി ശങ്കരനാരായണനെ വിട്ടയച്ചത്.

കൃഷ്ണപ്രിയ ജീവിച്ചിരുന്നെങ്കില്‍ 37 വയസായേനെ

ജീവിച്ചിരുന്നെങ്കില്‍ 37 വയസുണ്ടായിരുന്നേനെ കൃഷ്ണപ്രിയയ്ക്ക്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ശങ്കരനാരായണന്‍ പറഞ്ഞു: 'ദാ ആ കാണുന്നതാ മുഹമ്മദ് കോയയുടെ വീട്.തൊട്ടടുത്ത് കാണുന്ന വീട്ടിലേക്ക് കൈ ചൂണ്ടി ശങ്കരനാരായണന്‍ പറഞ്ഞു. അവന്‍ ഇവിടെ മിക്കവാറും വരാറുള്ളതാ..വെള്ളം കോരാന്‍ പക്ഷേ എന്റെ അമ്മ സമ്മതിക്കുമായിരുന്നില്ല... അപ്പോള്‍ മോളായിരുന്നു അയാള്‍ക്ക് വെള്ളം കോരി കൊടുത്തിരുന്നത്...എന്നിട്ടും...

മകളുടെ മരണവും, ജയില്‍ വാസവും മോചനവും എല്ലാമായി ദീര്‍ഘനാള്‍ പ്രക്ഷുബ്ധമായിരുന്നു ശങ്കരനാരായണന്റെ ജീവിതം. നാട്ടുകാര്‍ തന്നെ കുറ്റപ്പെടുത്തിയില്ലെന്നും പിന്തുണ തന്നുവെന്നും ശങ്കരനാരായണന്‍ പറഞ്ഞിരുന്നു. 'നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ഒരുപാട് പിന്തുണ തന്നു. ആരും കുറ്റപ്പെടുത്തിയില്ല. മുഹമ്മദ് കോയയുടെ വീടുമായി ഇപ്പോഴും ബന്ധമൊന്നുമില്ല. പക്ഷേ ബന്ധുക്കളുമൊക്കെയായി നല്ല സഹകരണമുണ്ട്....'

മകളെ ഓര്‍ത്ത് കണ്ണീരോടെ ജീവിതം

മകളെ ഓര്‍ക്കുമ്പോള്‍ കണ്ണീരോടെയല്ലാതെ ശങ്കരനാരായണനെ കണ്ടിട്ടില്ല അയല്‍വാസികള്‍. മരിക്കുന്നതുവരെ അദ്ദേഹം കൃഷ്ണപ്രിയയെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. കൃഷ്ണപ്രിയ മരിച്ചശേഷം അവള്‍ കിടന്നുറങ്ങിയ കിടക്കയില്‍ പിന്നീടൊരിക്കലും ശങ്കരനാരായണന്‍ ഉറങ്ങിയില്ല. കന്നുകാലികളെ വളര്‍ത്തിയാണ് ശങ്കരനാരായണന്‍ ജീവിച്ചിരുന്നത്.



രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകളായിരുന്നു കൃഷ്ണപ്രിയ. അച്ഛന്റെയും അമ്മയുടെയും പൊന്നോമന മകള്‍ക്ക് 13 വയസുവരെ ജീവിക്കാനേ കഴിഞ്ഞുള്ളു. ജീവനെടുത്തത് അയല്‍വാസിയായ നരാധമനും. ശങ്കരനാരായണന്റെ ഭാര്യ ശാന്തകുമാരി, മറ്റുമക്കള്‍: പ്രസാദ്, പ്രകാശ്.

മകളുടെ മരണശേഷം തീരാസങ്കടത്തിലായിരുന്നു ശങ്കരനാരായണന്‍. പക്ഷേ മനസ്സില്‍ അടങ്ങാത്ത പകയയായിരുന്നു. കണ്ണീരോടെ ഉറങ്ങാതെ രാവുകള്‍ തള്ളിനീക്കിയ ഒരച്ഛന്‍ ഹീറോ ആയി മാറിയ കഥ. ഈ സംഭവം പ്രമേയമാക്കി വൈരം എന്നൊരു സിനിമ എം.എം. നിഷാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ കാത്തുകഴിഞ്ഞ കുറച്ചുനാളുകളില്‍ ശങ്കരനാരായണനെ തേടി വന്ന കത്തുകള്‍ എത്രയോ. പ്രിയപ്പെട്ട അച്ഛാ എന്ന് അഭിസംബോധന ചെയ്തായിരുന്നു മിക്ക കത്തുകളും. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു പകരം പൊതുജനമധ്യത്തില്‍ തുറന്നുവിടണമെന്ന ശങ്കരനാരായണന്റെ പരാമര്‍ശം മകള്‍ നഷ്ടപ്പെട്ട അച്ഛന്റെ വൈകാരിക പ്രതികരണം മാത്രമായിരുന്നു. പീഡകരുടെ വിധി ജനം തീരുമാനിക്കണമെന്നും കൈകാലുകള്‍ വിച്ഛേദിക്കണമെന്നും ആ അച്ഛന്‍ പറഞ്ഞപ്പോള്‍ അതു 'മകളുളള' ഒരച്ഛന്റെ ആധിയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഷം മാത്രമായിരുന്നു. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകണമെന്നും, പീഡകരില്‍ നിന്ന് പെണ്‍മക്കളെ കാക്കാന്‍ അതല്ലാതെ മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം കരുതി. ഒരു ആശ്വാസവാക്കിനും തണുപ്പിക്കാത്ത തീയോടെ തന്നെയായിരുന്നു ശങ്കരനാരായണന്റെ വിടവാങ്ങല്‍.