കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. എറണാകുളം എളമക്കര പോലീസാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ സനല്‍കുമാറിന് ജയിലില്‍ പോകേണ്ടി വരും. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തുമ്പോഴായിരുന്നു മുംബൈ വിമാനത്താവളത്തില്‍ സനല്‍കുമാറിനെ തടഞ്ഞു വച്ചത്.

നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരേ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. എളമക്കര പോലീസ് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്തത്. തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരേ 2022ല്‍ എടുത്ത കേസില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരേ കള്ള കേസെടുക്കുകയായിരുന്നു എന്നുമാണ് ഇയാളുടെ ആരോപണം. എനിക്കെതിരേ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാര്‍ജ്ഷീറ്റുമില്ല. പക്ഷേ, എനിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. എങ്ങനെ- സനല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്.

ഞായറാഴ്ച രാവിലെയോടെയായിരുന്നു അമെരിക്കയില്‍ നിന്നുമെത്തിയ സനല്‍ കുമാറിനെ മുംബൈയില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടേതെന്ന പേരില്‍ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനല്‍ കുമാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്. ഈ വര്‍ഷം ജനുവരിയില്‍, നടിയെ സോഷ്യല്‍ മീഡിയയിലൂടെ ശല്യം ചെയ്തതിന് എളമക്കര പോലീസ് സനലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍, പോലീസ് കേസെടുക്കുമ്പോള്‍ സനല്‍ അമേരിക്കയിലായിരുന്നു. തുടര്‍ന്ന്, അദ്ദേഹം ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞത്.

കേരളാ പോലീസ് തന്നെ പിടികൂടാന്‍ ഫ്‌ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമപരിജ്ഞാനമൊന്നും ആവശ്യമില്ല. തന്റെ ഫോണ്‍ പിടിച്ചുവാങ്ങി. എന്തടിസ്ഥാനത്തിലാണ് ഈ സ്റ്റോക്കിങ് കേസ് എന്നറിയില്ലെന്നും സനല്‍കുമാര്‍ വിവിധ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് തുറന്ന കത്ത് എന്ന രീതിയില്‍ മറ്റൊരു പോസ്റ്റും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.