തിരുവല്ല: നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് രാജി വച്ചൊഴിഞ്ഞത് സെക്രട്ടറിക്കെതിരേ വിജിലൻസിൽ പരാതി നൽകിയതിന് ശേഷം. ഗുരുതരമായ ആരോപണങ്ങളും തെളിവുകളും നിരത്തിയാണ് വിജിലൻസ് ഡിവൈ.എസ്‌പിക്ക് ശാന്തമ്മ വർഗീസ് പരാതി നൽകിയിരിക്കുന്നത്. സെക്രട്ടറിയുടെ തന്നിഷ്ടം കൗൺസിലിന് മേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് പിന്തുണയിൽ ചെയർ പേഴ്സൺ ആയിരുന്ന ശാന്തമ്മ രാജി വച്ചത്. കൗൺസിൽ യോഗത്തിൽ എടുക്കാത്ത തീരുമാനങ്ങൾ സ്വന്തം നിലയിൽ സെക്രട്ടറി മിനുട്സ് ബുക്കിൽ എഴുതുകയാണ്. അജണ്ട വയ്ക്കാത്തതു വരെ ഈ രീതിയിൽ കൊണ്ടു ചെല്ലുന്നു. ഇക്കാരണം കൊണ്ട് തന്നെ താൻ ഒന്നിലും ഒപ്പു വച്ചിട്ടില്ലെന്നും ചെയർപേഴ്സൺ പറയുന്നു.

നഗരസഭയ്ക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കുന്ന തരത്തിലാണ് സെക്രട്ടറി കൗൺസിൽ എടുക്കാത്ത തീരുമാനങ്ങൾ സ്വന്തം നിലയിൽ മിനുട്സിലും അജണ്ടയിലും എഴുതുന്നതെന്നതാണ് പ്രധാന ആരോപണം. ഫ്ളാറ്റുകൾക്കും ബഹുനില കെട്ടിടങ്ങൾക്കും പലവിധ നിയമതടസങ്ങൾ ഉന്നയിച്ച് ഉദ്യോഗസ്ഥരെ കൊണ്ട് നോട്ടീസ് നൽകിക്കും. ഈ രീതിയിൽ ലക്ഷക്കണക്കിന് രൂപ സെക്രട്ടറി കൈകക്കൂലി മേടിക്കുന്നുവെന്നും ഇത് ഭയന്ന പല ഉദ്യോഗസ്ഥരും അവധിയിൽ പ്രവേശിക്കുന്നുവെന്നുമാണ് ഒന്നാമതായി പരാതിയിലുള്ളത്.

സെക്രട്ടറിയുടെയും കുടുംബത്തിന്റെയും മുഴുവൻ സ്വത്തുക്കളുടെയും വിവരം അന്വേഷിക്കണം. രാമപുരം മാർക്കറ്റിലെ കടമുറികൾ ഓരോന്നും ലക്ഷക്കണക്കിന് രൂപ മേടിച്ചു മറിച്ചു നൽകിയത് അന്വേഷിക്കണം. അടുത്ത സമയത്ത് നടന്ന കൗൺസിലിന്റെ അജണ്ടയും മിനുട്സും പരിശോധിക്കണം തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് തെളിവായി മുനിസിപ്പിൽ ചെയർപേഴ്സൺ കൗൺസിൽ യോഗത്തിൽ നൽകിയ വിശദീകരണം കൂടി ചേർത്തിട്ടുണ്ട്.

15 കൗൺസിൽ അംഗങ്ങളുടെ ആവശ്യപ്രകാരം വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ നൽകിയ വിശദീകരണക്കുറിപ്പിൽ സെക്രട്ടറിയുടെ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഡിസംബർ 12 ന് ചേർന്ന കൗൺസിൽ യോഗത്തിന്റെ മിനുട്സ് അംഗങ്ങൾക്ക് നൽകിയിരുന്നില്ല.

യുഡിഎഫ് ബിജെപി അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചതായിരുന്നു കാരണം. എന്നാൽ, ഒന്നു മുതൽ 26 വരെയുള്ള അജണ്ടകൾ കൗൺസിലിൽ ചർച്ച ചെയ്തിരുന്നു. ഇതിൽ 19-ാമത്തെ അജണ്ട സ്വഛഭാരത മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 128 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളതും അപ്രകാരം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കളക്ഷൻ വെൽ, പമ്പിങ് സ്റ്റേഷൻ എന്നിവ പണിയുന്നതിന് വേണ്ടി വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ നവംബർ 28 ന് അംഗീകരിച്ച് ലിസ്റ്റ് തന്നുവെന്ന് സെക്രട്ടറി മിനുട്സിൽ രേഖപ്പെടുത്തിയതായി കാണുന്നു. എന്നാൽ, സ്ഥലം ഏറ്റെടുത്തതുമായുള്ള ലിസ്റ്റ് ചെയർപേഴ്സണോ കൗൺസിൽ അംഗങ്ങൾക്കോ കൊടുത്തിട്ടില്ല. സ്ഥലം ഏറ്റെടുക്കാൻ നഗരസഭ ചട്ടം അനുസരിച്ച് നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ല. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉപസമിതി രൂപീകരിക്കുകയോ പത്രപരസ്യം നൽകുകയോ ചെയ്തിട്ടില്ല. നടപടി ക്രമങ്ങൾ പാലിച്ച് സ്ഥലം ഏറ്റെടുപ്പിന് വന്നാൽ മാത്രം മിനുട്സിൽ ഒപ്പു വയ്ക്കുമെന്ന് ചെയർപേഴ്സൺ യോഗത്തെ അറിയിച്ചു.

ഓഗസ്റ്റ് 16 ന് ചേർന്ന കൗൺസിൽ യോഗത്തിലെ മിനുട്സിൽ ഒരു വിഷയത്തിൽ തന്നെ വ്യത്യസ്തങ്ങളായ രണ്ടു തീരുമാനം സ്വയം എഴുതി വച്ചിട്ടുണ്ട്. ഡിസംബർ 12 ലെ കൗൺസിൽ യോഗത്തിന്റെ തീരുമാനത്തിൽ എഴുതി ചേർത്ത മറ്റൊരു കാര്യം നഗരസഭ സെക്രട്ടറിയെ മാറ്റരുതെന്നും അദ്ദേഹത്തിന് ഗുഡ്സർവീസ് എൻട്രി നൽകണമെന്നുമുള്ള പ്രമേയങ്ങൾ പാസാക്കിയെന്നുമാണ്.  അങ്ങനെ ഒരു പ്രമേയം കൊണ്ടു വരുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. പ്രമേയം അനുവാദകനും അവതാരകനും ഒപ്പിട്ട കത്ത് ഏഴു ദിവസം മുൻപ് ചെയർ പേഴ്സണ് നൽകണം. അങ്ങനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെ പ്രമേയം പാസാക്കുമെന്നും ചെയർപേഴ്സൺ ചോദിക്കുന്നു.