കൊച്ചി: അമേരിക്കയെ സാമ്രാജിത്ത ശക്തിയായി കണ്ട് കൊടിപിടിച്ചു നടന്നവർ ഏറെയുള്ള നാടാണ് കേരളം. കോളകമ്പനിക്കും കമ്പ്യൂട്ടറുകൾക്കുമെതിരെ വരെ സമരം ചെയ്തു. എന്നാൽ, ഇന്ന് ആ സാഹചര്യം പതിയെ മറുകായാണ്. കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലും ചികിത്സ തേടി അമേരിക്കയിലേക്ക് വണ്ടി കയറുന്നത് പതിവാണിപ്പോൾ. ഇങ്ങനെയെല്ലാം സംഭവിക്കുമ്പോഴും അമേരിക്കയുടെ മാർക്കറ്റിങ് തന്ത്രത്തെ കുറിച്ചു പറയുകയാണ് മലയാളി സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോർജ് കുളങ്ങര.

ഏറ്റവും വലിയ മാർക്കറ്റ് ആണ് എന്ന് കണ്ടാണ് ഇന്ത്യയെ ലോകരാജ്യങ്ങൾ ആദരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യ മുമ്പോട്ടു പോകുന്നു. ഇന്ത്യ വലിയ സാമ്പത്തിക ശക്തിയാണ്. ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യയെ ആദരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സൈനിക ശക്തിയും കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ജോർജ് കുളങ്ങര.

'ഇന്ത്യ മുമ്പോട്ട് പോകുന്നു. സാമ്പത്തിക ശക്തിയാണ്. ഏറ്റവും വലിയ മാർക്കറ്റ് ആണ് എന്ന് കണ്ടാണ് ഇന്ത്യയെ ലോകരാജ്യങ്ങൾ ആദരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ അച്ചടക്കമില്ലാത്തവരാണ് എന്ന ആക്ഷേപവും അവർക്ക് ഇടയിലുണ്ട്. പ്രൊഫഷണലിസം ഇല്ല. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ല. വഴി നീളെ മുറുക്കി തുപ്പുന്നു. എന്നാൽ ഇന്ത്യയെ ഒരു മാർക്കറ്റ് ആയി കണ്ട് അവർ ആദരിക്കുകയാണ്. ഇത് ഇന്ത്യക്കാരോടുള്ള സ്നേഹമല്ല'- സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

'മാർക്കറ്റ് വളരുന്നത് അവർക്ക് ഇഷ്ടമാണ്. ആപ്പിളിന് ഇത്ര് മാർക്കറ്റ് തുറന്നുകൊടുക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അമേരിക്കൻ മാർക്കറ്റിന്റെ മുഖ്യ പ്രചാരകൻ അമേരിക്കൻ പ്രസിഡന്റ് തന്നെയാണ്. അതാണ് അവരുടെ ബുദ്ധി. ഇന്ത്യയിൽ വന്ന് അവർ വേറെ ഒന്നും ആവശ്യപ്പെടില്ല. പറ്റുന്നത്ര അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ഇറക്കിത്തരണം എന്ന് മാത്രമാണ് അവർ ആവശ്യപ്പെടുക. പകരം എന്തുചോദിക്കുന്നു അത് തരാം എന്ന് പറയും. സൈനിക സപ്പോർട്ട് അടക്കം എന്ത് ആവശ്യവും അംഗീകരിക്കാം എന്നതാണ് അവരുടെ നിലപാട്. അമേരിക്കൻ പ്രസിഡന്റ് പ്രാക്ടിക്കൽ ആണ്.
അമേരിക്കയെ എതിർത്ത് കവല പ്രസംഗം നടത്തുന്നയാൾ ഐഫോൺ വാങ്ങുമ്പോൾ അമേരിക്കയ്ക്കാണ് പൈസ ലഭിക്കുന്നത്. അമേരിക്കയെ എതിർക്കുന്നതിനിടെ, കമ്പ്യൂട്ടർ വാങ്ങുമ്പോൾ അവർക്ക് സംഭാവന ചെയ്യുകയാണ്.'- സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ.

'ഇന്ത്യയിൽ സ്പേസ് ടെക്നോളജി അടക്കമുള്ള മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ട്. ഉപഗ്രഹം വിക്ഷേപിക്കാൻ സിംഗപ്പൂർ പോലെയുള്ള രാജ്യങ്ങളെ ഇന്ത്യയെ ആശ്രയിക്കുന്നു. ഇതുവരെ വീഴ്ച സംഭവിക്കാത്ത സ്ഥാപനമാണ് ഐഎസ്ആർഒ. ഐഎസ്ആർഒ അടക്കമുള്ള സ്ഥാപനങ്ങളോട് ലോകരാജ്യങ്ങൾക്ക് ആദരവാണ്. ഐടി പ്രൊഫഷണുകൾക്കായി ഇന്ത്യയെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. എന്നാൽ ടെക്നോളജി വികസിപ്പിക്കുന്നിടത്ത് ഇന്ത്യ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 97ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ.'- സന്തോഷ് ജോർജ് കുളങ്ങര ഓർമ്മിപ്പിച്ചു.

'ലോകത്ത് മലയാളിയെ കാണാത്ത സ്ഥലമല്ല. സഞ്ചാരികളാവാൻ ആഗ്രഹിച്ചിട്ടല്ല അവർ ലോകമൊട്ടാകെ എത്തിയത്. അവസരങ്ങൾ തേടി പോയതാണ്. മലയാളികൾ കണ്ടമാനം മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതുകൊണ്ട് കേരളത്തിന് നഷ്ടം ഉണ്ടാവുന്നുണ്ട്. നാസയിൽ വരെ മലയാളികൾ ഉണ്ട്. അവസരം തേടിയുള്ള യാത്രയാണിത്. പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ അവസരങ്ങൾ കുറവാണ് എന്ന് ചിന്തിച്ചാണ് മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയത്. ഇന്നും അത് തുടരുന്നു. സഞ്ചാരികളായിരുന്നുവെങ്കിൽ എന്റെ കുറച്ച് ബന്ധുക്കളെ വേൾഡ് ട്രേഡ് സെന്ററിൽ കൊണ്ടുപോയി കാണിക്കേണ്ടി വരില്ലായിരുന്നു. അവർ ഒന്നും എക്സ്പ്ലോർ ചെയ്യാനല്ല വിവിധ രാജ്യങ്ങളിലേക്ക് പോയത്. അവസരങ്ങൾ തേടി യുകെയിലും കാനഡയിലും എത്തിയ മലയാളികൾ, അവിടെ നിന്ന് ജോലിയുടെ ഭാഗമായാണ് മറ്റു രാജ്യങ്ങളിൽ എത്തിപ്പെട്ടത്'- സന്തോഷ് ജോർജ്ജ് കുളങ്ങര വ്യക്തമാക്കി.