- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
97 വർഷത്തെ ആർഎസ്എസ് ചരിത്രത്തിൽ ഇതാദ്യം; ദസറ ആഘോഷത്തിന് നാഗ്പൂർ ആസ്ഥാനത്ത് മുഖ്യാതിഥിയായി ഒരുവനിത; വിജയദശമി നാളിൽ എത്തുന്നത് എവറസ്റ്റ് കൊടുമുടി രണ്ടുവട്ടം കീഴടക്കിയ സന്തോഷ് യാദവ്; രാഹുൽ ഗാന്ധി അടക്കം വിമർശകർക്ക് മറുപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ
നാഗ്പൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 97 വർഷത്തെ ചരിത്രത്തിലാദ്യമായി, സ്ഥാപകദിനാഘോഷ ചടങ്ങിൽ ഒരുവനിത മുഖ്യാതിഥിയാകും. എവറസ്റ്റ് കൊടുമുടി 2 തവണ കീഴടക്കിയ ഹരിയാന സ്വദേശി സന്തോഷ് യാദവിനെയാണ് നാഗ്പുരിലെ ആസ്ഥാനത്തേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്. ഒക്ടോബർ 5 വിജയദശമി നാളിലാണ് ചടങ്ങ്.
പത്മശ്രീ പുരസ്‌കാര ജേതാവാണ് സന്തോഷ് യാദവ്(54). 1992-93 വർഷങ്ങളിൽ 12 മാസങ്ങൾക്കുള്ളിലായി രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതയായി. കാങ്ഷങ് ഭാഗത്തു കൂടി എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ഇവർ തന്നെ.
ഹരിയാനയിലെ റെവാരി ജില്ലയിലെ ജോനിയാവാസ് എന്ന ഗ്രാമത്തിൽ ജനിച്ചു. നന്നേ ചെറുപ്പത്തിൽ തന്നെ പർവതങ്ങളെ സ്‌നേഹിച്ച സന്തോഷ് മഞ്ഞുമൂടിയ മലനിരകളുടെ ചിത്രങ്ങൾ ഭാവനയിൽ കണ്ട് വരക്കുമായിരുന്നു. ജയ്പൂർ മഹാറാണി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം ഉത്തർകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ നിന്നും പർവതാരോഹണത്തിൽ പരിശീലനം നേടി. 1992-ലായിരുന്നു ആദ്യത്തെ എവറസ്റ്റ് ദൗത്യം. അന്ന് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. ഒരു വർഷത്തിനുള്ളിൽ 1993 മെയ് 12-ന് ഇന്റോ-നേപ്പാൾ സഘത്തിന്റെ ഭാഗമായി വീണ്ടും എവറസ്റ്റിന്റെ നെറുകയിലെത്തി.
1925 ൽ വിജയദശമിനാളിലാണ് ആർഎസ്എസ് സ്ഥാപിതമായത്. എല്ലാ വർഷവും, ഈ ദിവസം, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ലക്ഷക്കണക്കിന് സ്വയംസേവകരെ അഭിസംബോധന ചെയ്യാറുണ്ട്. പുരുഷ കേന്ദ്രീകൃത സംഘടന എന്ന പ്രതിച്ഛായ മാറ്റാൻ കൂടിയാണ് വിജയദശമി ദിനമായ ഒക്ടോബർ 5 ലെ ചടങ്ങിലേക്ക് സന്തോഷ് യാദവിനെ ക്ഷണിച്ചത് എന്ന് പറയുന്നവരുണ്ട്. ആർഎസ്എസ് വിമർശകരായ രാഹുൽ ഗാന്ധി അടക്കമുള്ളവർ, പതിവായി ആർഎസ്എസിനെ പുരുഷ കേന്ദ്രീകൃതമെന്നും, വനിതകളെ സ്ഥാനങ്ങൾ അലങ്കരിക്കാൻ അനുവദിക്കാത്ത സംഘടനയെന്നും പരിഹസിക്കാറുണ്ട്. ഇതിനൊരു മറുപടി കൂടിയാണ് പുതിയ തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ, ഏതെങ്കിലും പ്രസ്താവന നടത്തുന്നതിലോ, വാദം തെളിയിക്കുന്നതിലോ വിശ്വസിക്കുന്ന സംഘടനയല്ല ആർഎസ്എസെന്ന് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള അരുൺ ആനന്ദ് പറഞ്ഞു. സമൂഹത്തിന് മാതൃകയാകാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരെയാണ് ആർഎസ്എസ് വിജയദശമി ദിനത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കാറുള്ളത്. സംഘത്തിന്റെ പോഷകസംഘടനകളിലെല്ലാം സ്ത്രീകൾ അംഗങ്ങളുമാണ്.
മുൻ വർഷങ്ങളിൽ അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥി, എച്ചസിഎൽ സ്ഥാപകൻ ശിവ നാടാർ, ശാസ്തത്രജ്ഞൻ വി കെ സാരസ്വത്, ദളിത് സന്യാസി നിർമൽ ബാബ, തുടങ്ങിയവരായിരുന്നു മുഖ്യാതിഥികൾ.
മറുനാടന് മലയാളി ബ്യൂറോ