കോഴിക്കോട്: വിശ്വസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര തന്റെ ലോകാനുഭവങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ മലയാളികളോട് സംവദിക്കാറുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കണ്ട വികസനക്കുതിപ്പുകളും, മാറ്റങ്ങളും ചുണ്ടിക്കാട്ടി എന്തുകൊണ്ട് നമ്മുടെ നാട് അതുപോലെ ഉയരുന്നില്ല എന്ന ചോദ്യവും സന്തോഷ് ജോർജ് കുളങ്ങര ചോദിക്കാറുണ്ട്.

കൊട്ടിഘോഷിക്കപ്പെട്ട കേരളാ മോഡൽ ആരോഗ്യ സംവിധാനം, മറ്റ് രാജ്യങ്ങളെ നോക്കുമ്പോൾ എത്രമാത്രം ദുർബലം ആണെന്നതിന്റെ ഉദാഹരണമാണ് സന്തോഷ് ഇപ്പോൾ ഉയർത്തുന്നത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന്റെ ഭാഗമായി നടത്തിവരുന്ന പ്രഭാഷണപരമ്പരയായ, 'നൂറു ദേശങ്ങൾ നൂറു പ്രഭാഷണങ്ങൾ' എന്ന പരിപാടിയുടെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിൽ 'മലയാളിയുടെ സഞ്ചാരവഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി സന്തോഷ് ജോർജ് കുളങ്ങര നടത്തിയ പ്രഭാഷണത്തിലാണ്, ഇക്കാര്യം പറയന്നത്. കേരളത്തിലെ പ്ലാനിങ് ബോർഡിലെ ടൂറിസം, സ്പോർട്സ്, യുവജനകാര്യം തുടങ്ങിയവയിൽ ചുമതലയുള്ള അംഗമാണ് നിലവിൽ സന്തോഷ് ജോർജ് കുളങ്ങര.

ഇസ്രയേൽ ആരോഗ്യ അനുഭവം

സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഇങ്ങനെയാണ്. 'ഒരിക്കൽ ഇസ്രയേലിൽ പോയപ്പോൾ ആശുപത്രി സംബന്ധമായ ഒരു അനുഭവമുണ്ടായി. ആ യാത്രയിൽ എന്റെ കുടുംബവും കൂടെയുണ്ടായിരുന്നു. എന്റെ സഹോദരന് കഠിനമായ തലവേദനയും ഛർദ്ദിയും വന്നു. അദ്ദേഹത്തിന് മൈഗ്രെയ്ൻ ഉള്ളതാണ്. സഹിക്കാൻ കഴിയാതായപ്പോൾ ഞങ്ങൾ അദ്ദേഹത്തെയും കൊണ്ട് ഒരു ആശുപത്രിയിൽ പോയി. ആശുപത്രിയിൽ എത്തിയിട്ടും ആരും ഞങ്ങളെ മൈൻഡ് ചെയ്തില്ല. ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ ഒരു ഡോക്ടർ വന്നു എന്തൊക്കെയോ മരുന്ന് കുറിച്ചുകൊടുത്തു. പക്ഷേ വേദനയ്ക്ക് കുറവില്ല. അങ്ങനെ തിരികെ മുറിയിലെത്തി കയ്യിലുണ്ടായിരുന്ന പാരസെറ്റാമോൾ തന്നെ ശരണം പ്രാപിച്ചു. പിറ്റേന്ന് ഈ അനുഭവം ഞാൻ ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട ഒരാളുമായി പങ്കുവെച്ചപ്പോൾ അദ്ദേഹം ചോദിച്ചു: 'നിങ്ങൾ എന്തുകിഴങ്ങന്മാരാണ്? അസുഖം വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളെ സ്‌കൂളിൽ പഠിപ്പിച്ചില്ലേ? അസുഖമായാൽ നിങ്ങളിരിക്കുന്ന മുറിയിലെ ഫോണെടുത്ത് മെഡിക്കൽ സഹായത്തിനായി സ്ഥാപിച്ചിരിക്കുന്ന നമ്പർ ഡയൽ ചെയ്യുക. അസ്വസ്ഥത എന്താണെന്ന് പറഞ്ഞാൽ ബന്ധപ്പെട്ട ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ആംബുലൻസുമായി നിങ്ങൾ ഇരിക്കുന്നിടത്തേക്ക് വന്ന് ആവശ്യമായ ചികിത്സകൾ നൽകും. വേണമെങ്കിൽ അവർ തന്നെ കൂടുതൽ ചികിത്സയ്ക്കായി സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിക്കൊള്ളും. അല്ലാതെ ഏതെങ്കിലും ആശുപത്രിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് അവിടത്തെ കാഷ്യാലിറ്റിയിൽ കുത്തിയിരിക്കുകയല്ല വേണ്ടത്!' അവിടത്തെ മെഡിക്കൽ സിസ്റ്റം അതാണ്. രോഗിയെയും കൊണ്ടുപോകുന്ന ആംബുലൻസിൽ നിന്നാണ് രോഗത്തിന്റെ ഗൗരവം അനുസരിച്ച് ഏത് ആശുപത്രിയിൽ പോകണം എന്നു തീരുമാനിക്കപ്പെടുന്നത്. അത് രോഗിയല്ല തീരുമാനിക്കുന്നത്.

കേരളാ മോഡൽ എന്ന് നമ്മൾ പലപ്പോഴും പറയാറില്ലേ? രോഗം വന്നാൽ നമ്മൾ കേരളത്തിലിരുന്ന് അങ്ങനെ വിളിച്ചാൽ എന്താണ് സംഭവിക്കുക? അവിടെയിരുന്ന് ആള് മരണപ്പെടും എന്നല്ലാതെ ഒന്നും സംഭവിക്കാൻ സാധ്യതയില്ല. അപ്പോൾ ലോകത്ത് ഏറ്റവും മികച്ച മെഡിക്കൽ സൗകര്യങ്ങൾ കൊടുക്കുന്ന നാട് എന്ന് നമ്മൾ അഭിമാനിക്കുന്നത് ശരിയാണോ?''- സന്തോഷ് ജോർജ് കുളങ്ങര ചോദിക്കുന്നു.

ന്യൂസ് റൂമിലെ തേജോവധം എവിടെയുമില്ല

നമ്മുടെ നാട്ടിലെ പോലെയുള്ള മോശം ചാനൽ സംസ്‌ക്കാരം മറ്റെവിടെയുമില്ലെന്നും പ്രഭാഷണത്തിൽ സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടുന്നു.' മാധ്യമപ്രവർത്തനമേഖല ഞാൻ നിരന്തരം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യാറുണ്ട്. എന്റെ ജോലി അതാണല്ലോ. സഫാരി ചാനൽ ആരംഭിക്കുന്നതിനുമുമ്പ് വിദേശരാജ്യങ്ങളിൽ ചെല്ലുമ്പോൾ എന്റെ ഷൂട്ടിങ്ങും യാത്രയും കഴിഞ്ഞാൽ ഞാൻ നേരെ മുറിയിൽ പോയി ടി.വി ഓൺ ചെയ്ത് എല്ലാ ചാനലുകളും മാറി മാറി നിരീക്ഷിക്കും. ഉറക്കം വരുന്നതുവരെ അത് തുടർന്നുകൊണ്ടേയിരിക്കും. ഓരോ പ്രദേശത്തും പത്ത്മുന്നൂറ് ചാനലുകൾ ഉണ്ടാവും. ഓരോ പരിപാടിക്കും കളർ സ്‌ക്രീൻ സെറ്റ് ചെയ്തിരിക്കുന്നത് എങ്ങനെയാണ്, പ്രമോകൾ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയാണ്, നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി ഇവർ എങ്ങനെയാണ് ചെയ്യുന്നത്? ഇങ്ങനെയുള്ള നിരന്തരമായ അന്വേഷണങ്ങൾ സഫാരി ചാനൽ രൂപപ്പെടുത്താൻ എന്നെ സഹായിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വാർത്താചാനലുകളും കാണാറുണ്ട്.

സത്യം പറയാലോ, നമ്മുടെ നാട്ടിലേതുപോലെ മനുഷ്യരെ ന്യൂസ് റൂമിൽ വിളിച്ചിരുത്തി തേജോവധം ചെയ്യുന്ന സംസ്‌കാരം മറ്റൊരു നാട്ടിലുമില്ല. ഏറ്റവും ശത്രുതയുള്ള ആളുകളെപ്പോലും ചർച്ചയ്ക്ക് വിളിക്കുമ്പോൾ അവർ സംസാരത്തിൽ പുലർത്തുന്ന മാന്യതയുണ്ട്. ഒഫന്റഡാവാതെ സംസാരിക്കുന്നത് എങ്ങനെയാണെന്ന് കണ്ടുപഠിക്കുക തന്നെ വേണം. ഇങ്ങനെയല്ല മാധ്യമപ്രവർത്തം എന്ന് പറയാനുള്ള ധൈര്യം ഇവിടെ ചർച്ചയ്ക്ക് വന്നിരിക്കുന്നവർക്കുമില്ല. കാരണം അവർ മാധ്യമങ്ങളുടെ സൗജന്യത്തിലാണ് ജീവിക്കുന്നത്. പല മേഖലകളെയും എടുത്ത് പരിശോധിക്കുമ്പോൾ യാത്രകളിൽ നിന്നും കിട്ടുന്ന ദീർഘവീക്ഷണങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്.''

സൈക്കിളിൽ വരുന്ന പ്രധാനമന്ത്രി

പ്രഭാഷണത്തിൽ രാഷ്ട്രീയം സംബന്ധിച്ചുള്ള ചില ഗൗരവകരായ നിരീക്ഷണങ്ങളും സന്തോഷ് ജോർജ് കുളങ്ങര നടത്തുന്നുണ്ട്. 'രാഷ്ട്രീയം ലോകത്ത് എല്ലായിടത്തും ഒരേ പോലെയാണ്, ഒരേ സ്വഭാവവും. പക്ഷേ, രാഷ്ട്രീയ സംവിധാനങ്ങൾക്ക് മാറ്റമുണ്ട്, രാഷ്ട്രീയക്കാരുടെ സ്വഭാവസവിശേഷതകൾക്ക് മാറ്റമുണ്ട്. ഞാനൊരിക്കൽ ഹെൽസിങ്കി നഗരത്തിലെ ഒരു ചത്വരത്തിനു മുന്നിലായി നിൽക്കുകയായിരുന്നു. ഹെൽസിങ്കി ഫിൻലന്റിന്റെ തലസ്ഥാനമാണ്. എല്ലാവരും നടക്കുകയും സൈക്കിളിൽ പോവുന്നുമൊക്കെയുണ്ട്. ചത്വരത്തിലേക്ക് ആരും വണ്ടി കൊണ്ടുവരില്ല. നടക്കാനുള്ള സ്ഥലമാണ്. സൈക്കിളിൽ ഒരാൾ വന്ന്, മറ്റൊരാളുടെ പുറത്തുതട്ടുന്നു, 'ഹൗ ആർ യൂ മാൻ' എന്നുചോദിച്ചുകൊണ്ട് പോകുന്നു. അപ്പോൾ അടുത്തുള്ള കടക്കാരൻ ചോദിച്ചു, അതാരാണ് എന്നറിയാമോ? ഞങ്ങളുടെ പ്രസിഡണ്ടാണ്. ഒരു രാജ്യത്തിന്റെ പ്രസിഡണ്ടാണ് ആ പോയിരിക്കുന്നത്! ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിനെ നമുക്ക് അങ്ങനെയൊന്നു സങ്കല്പിച്ചു നോക്കിയാലോ! നമ്മൾ കെട്ടുകാഴ്ചകളിലാണ് കൂടുതൽ വിശ്വസിച്ചിരിക്കുന്നത്. അവിടെ അതല്ല, ലാളിത്യമാണ് മുഖമുദ്ര.

ബരാക് ഒബാമ മത്സരിക്കുന്ന കാലത്ത് ഞാൻ അമേരിക്കയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇദ്ദേഹം ആരാണെന്ന് സത്യത്തിൽ എനിക്കറിയില്ല. ഞാൻ അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിട്ടില്ല. നീണ്ട നാലു ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ഫ്‌ളോറിഡയിൽ അദ്ദേഹത്തിന്റെ പാർട്ടി ഓഫീസിനു മുന്നിലാണ് ഞാനൊരു പോസ്റ്റർ കണ്ടത്! ഇതല്ലാതെ വഴിയിലോ ചുവരിലോ മറ്റേതെങ്കിലും സ്ഥലത്തോ ഞാൻ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയുടെ ഒരു പോസ്റ്റർ പോലും കണ്ടിട്ടില്ല; വളർന്നിട്ടില്ല അമേരിക്ക, തീരേ വളർന്നിട്ടില്ല!

ഇന്ത്യയിൽനിന്ന് ഒരു കാലത്ത് അടിമകളായിട്ട് ആളുകളെ കയറ്റിക്കൊണ്ടുപോയ രാജ്യമാണ് ഫിജി. അന്നത്തെ അടിമകൾ ഇന്നത്തെ ഉടമകളായി. ഇലക്ഷൻ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഞാൻ പോയത്. അവിടെ ആ നാട്ടുകാരായ ഗോത്രവർഗക്കാരുണ്ട്, നമ്മുടെയാളുകൾ ഉണ്ട്. പ്രാമുഖ്യം കൊടുക്കുന്നത് അവിടുത്തുകാർക്കു തന്നെയാണ്. ഈയിടെ ഇലക്ഷൻ ഉണ്ടായിരുന്നുവെന്നും അത് കഴിഞ്ഞുവെന്നും ഡ്രൈവർ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ഒരൊറ്റ പോസ്റ്റർ പോലും കാണാനില്ല! കട്ടൗട്ടുകളില്ല. പോസ്റ്ററൊട്ടിച്ച്, ഒട്ടിച്ചത് വീണ്ടും പറിച്ച്, ഫ്‌ളക്‌സ് തൂക്കി നാട് വൃത്തികേടാക്കിയിട്ടുള്ള ഒരു പരിപാടി അവർക്കില്ല. നമ്മുടേതാണെങ്കിലോ പതിറ്റാണ്ടുകളോളം പോസ്റ്ററുകളും ഫ്‌ളക്‌സുകളും ചുവരിലും മതിലിലും കിടന്ന്, മുഷിഞ്ഞ്, കരിമ്പനടിച്ച്, കീറി അങ്ങനേ കിടക്കും. ഈ പോസ്റ്ററും ഫ്‌ളക്‌സും ബാനറും മാറ്റിയാൽത്തന്നെ കേരളം സുന്ദരമാവും. ''- സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.