- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസന്‍സില്ലാതെ പടക്കം സൂക്ഷിച്ചു; ആള്‍ക്കൂട്ടത്തിനിടയില്‍ മാലപ്പടക്കം പൊട്ടിച്ചു; തൊട്ടടുത്തുള്ള വെടിപ്പുര മനസ്സിലാക്കിയവര്‍ തടഞ്ഞിട്ടും തീ കൊളുത്തിയ ക്രൂരത; പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഞെട്ടലായി; പിന്നാലെ നീതി നടപ്പാക്കി ജില്ലാ സെഷന്‍സ് കോടതി; ജഡ്ജി സാനു എസ് പണിക്കാര് നടത്തിയത് അത്യപൂര്‍വ്വ ഇടപെടല്‍; ഈ ന്യായാധിപന് കൈയ്യടിക്കാം
കാഞ്ഞങ്ങാട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തത് അസാധാരണ നടപടികളിലൂടെ. ജാമ്യം റദ്ദാക്കുകയും ചെയ്തു. റിമാന്‍ഡിലുള്ളവര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലെങ്കില്‍ വിടേണ്ടതില്ലെന്നു ഉത്തരവിട്ട ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ്.പണിക്കര്‍ പുറത്തിറങ്ങിയവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാനും നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുത്താണ് ജില്ലാ കോടതിയുടെ അപൂര്‍വമായി നടപടി. അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും കുറ്റത്തിന്റെ തീവ്രത മനസിലാക്കിയാണ് സ്വമേധയാ കേസെടുത്തതെന്നും സ്റ്റേ ഉത്തരവില്‍ വ്യക്തമാക്കി.
മനുഷ്യ ജീവന് അപായമുണ്ടാക്കുന്ന രീതിയില്‍ മനപ്പൂര്‍വം വെടിക്കെട്ട് നടത്തിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ യാദൃശ്ചികമായി സംഭവിച്ചതാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം അംഗീകരിച്ചായിരുന്നു ഹൊസ്ദുര്‍ഗ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാണെന്നും അതിനാലാണ് വധശ്രമം ഉള്‍പ്പെടുത്തിയതെന്നും ജില്ലാ പബ്ലിക്് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വേണുഗോപാല്‍ മുഖേനെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ പറഞ്ഞു. ഇത് അപ്പീല്‍ എത്തും മുമ്പ് തന്നെ ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ്.പണിക്കര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഈ ജഡ്ജി കൈയ്യടിക്ക് അര്‍ഹനാകുന്നതും.
ഒരു ലൈസന്‍സുമില്ലാതെയാണ് പടക്കം സൂക്ഷിച്ചത്. ആള്‍ക്കൂട്ടത്തിനിടിയല്‍ മാലപ്പടക്കവും വച്ചു. പടക്ക ശേഖരവുമായുള്ള ദൂരപരിധിയും പാലിച്ചില്ല. ആളുകളില്‍ പലരും പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. ഒടുവില്‍ വലിയ ദുരന്തവുമായി. ഇതു മനസ്സിലാക്കിയാണ് ജില്ലാ കോടതി അസാധാരണ നടപടികളിലേക്ക് കടന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് കോടതിയുടെ വിധി റദ്ദാക്കണമെന്നാആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അപ്പീല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പേയാണ് സ്വമേധയാ കേസെടുത്ത് ജില്ലാക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
കേസിലെ ഒന്നും രണ്ടു പ്രതികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍, കെ.ടി.ഭരതന്‍, ഏഴാം പ്രതി പടക്കംപൊട്ടിച്ച പി.രാജേഷ് എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് മജിസ്‌ടേറ്റ് ബാലുദിനേഷ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യമുള്‍പ്പെടെയുള്ള വ്യവസ്ഥയോടെയായിരുന്നു ഇത്.
മണിക്കുറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും ജയിലില്‍ നിന്നു പുറത്തിറങ്ങി. ആള്‍ ജാമ്യത്തിന് ആരുമെത്താതിരുന്നതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായില്ല. മേല്‍ക്കോടതി ഉത്തരവുണ്ടായതിനാല്‍ രാജേഷിനെ ജില്ലാ ജയിലില്‍ നിന്നു ശനിയാഴ്ച പുറത്തു വിട്ടില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം(വെള്ളാട്ടം) അരങ്ങിലെത്തിയപ്പോഴാണ് വെടിപ്പുരയില്‍ നിന്നു തീ ആളിപ്പടര്‍ന്നത്. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലള്ള ഒരാള്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ചു. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഒന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. ഇവരില്‍ നാലുപേരെ അറസ്റ്റു ചെയ്തു. പടക്കം പൊട്ടിക്കാന്‍ രാജേഷിനൊപ്പം ചേര്‍ന്ന കെ.വി. വിജയനാണ് നാലാമത്തെയാള്‍. ഇയാളുടെ ജാമ്യ ഹര്‍ജി ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കാനിക്കെയാണ് ജില്ലാ കോടതിയുടെ വിധി.
അപകടത്തില്‍ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.