മുംബൈ: ക്രിക്കറ്റിനെ ജീവവായുപോലെ കൊണ്ടുനടക്കുന്ന ജനതയാണ് ഇന്ത്യയിലേത്. അതിന് പ്രധാനകാരണം ഇന്ത്യ കായിക ലോകത്തിന് തന്നെ സംഭാവന ചെയ്്ത സച്ചിൻ എന്ന വ്യക്തിത്വത്തിനും മുഖ്യപങ്കുണ്ട്. വിരമിച്ച് കാലങ്ങൾ ഇത്രയും ആയെങ്കിലും പകരം വെക്കാൻ ഒരാളില്ലാതെ സച്ചിന് തുല്യം സച്ചിൻ മാത്രമായി തുടരുകയാണ്. സച്ചിനോടുള്ള ഈ ആരാധനയും ഇഷ്ടവും കൊണ്ട് സച്ചിനെപ്പോലെ തന്നെ ആരാധാകരുണ്ട് സച്ചിന്റെ കുടുംബത്തിനും. ഭാര്യ അഞ്ജലിയും അർജ്ജുനും സാറയും എന്നീ രണ്ടുമക്കളും അടങ്ങുന്നതാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ കുടുബം.

അച്ഛൻ എതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള ആളോ സെലിബ്രിറ്റിയോ ഒക്കെയാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ പിന്തുടരുന്നതിൽ സമൂഹം എന്നും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും മക്കളുടെ കാര്യത്തിൽ. അവർ അച്ഛന്റെ പാത പിന്തുടരമോ..? മറ്റ് മേഖലയിലാണോ കഴിവ് തെളിയിക്കുന്നെ എങ്ങിനെ എല്ലാക്കാര്യവും ഇത്തരക്കാരുടെ പ്രിയപ്പെട്ട വിഷയങ്ങളാണ്. അതിനാൽ തന്നെ അർജ്ജുന്റെയും സാറയുടെയും അവസ്ഥയും മറ്റൊന്നല്ല. സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്തെ ഇവരുടെ ഒരോ സുപ്രധാന നീക്കങ്ങളും സമൂഹത്തിലേക്കെത്തുന്നത് നിമിഷങ്ങൾ കൊണ്ടാണ്.

മകൻ അർജ്ജുന്റെ അച്ഛന്റെ മേൽവിലാസത്തിൽ ക്രിക്കറ്റിന്റെ തന്നെ പാത പിന്തുടരാനാണ് പരിശ്രമിക്കുന്നത്. അർജ്ജുന്റെ ഏറ്റവും വലിയ മേൽവിലാസം സച്ചിന്റെത് തന്നെയാണ് താനും. എന്നാൽ അവിടെയാണ് സാറയെന്ന പെൺകുട്ടി വ്യത്യസ്തയാകുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ സച്ചിന്റെ നിഴലിൽ നിൽക്കുമ്പോഴും തന്റെതായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാറയ്ക്ക് സാധിച്ചു. ഇന്ന് കോടികൾ ആസ്തിയുള്ള സംരഭക കൂടിയാണ് സാറ. ടെണ്ടുൾക്കർ എന്ന വിലാസം തന്റെ പേരിനൊപ്പം മാത്രമാക്കി തന്റെതായ ഒരു ഐഡന്റിറ്റി സാറ ഇതിനോടകം നേടിയെടുത്തു.

ക്രിക്കറ്റ് ദൈവത്തിന്റെ മകളായി വളർച്ച.. പഠനത്തിലും വേറിട്ട വഴിയിൽ

1997 ഒക്ടോബർ 12നാണ് സാറ ടെൻഡുൽക്കറിന്റെ ജനനം. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് സാറ തന്റെ പ്രഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മെഡിസിൻ വിഭാഗത്തിൽ ക്ലിനിക്കൽ ആൻഡ് പബ്ലിക് ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷൻ വിഭാഗത്തിലാണ് സാറ മാസ്റ്റർ ഡിഗ്രി നേടിയത്. ബിരുദദാന ചടങ്ങിന് സച്ചിനും ഭാര്യ അഞ്ജലി ടെണ്ടുൽക്കറും ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിയിരുന്നു.

ഈ ചടങ്ങിന്റെ വീഡിയോയും അമ്മ അഞ്ജലിക്കൊപ്പം നിൽക്കുന്ന മകളുടെ ചിത്രവും ചേർത്ത് അന്ന് സച്ചിൻ പങ്കുവെച്ച കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മകളുടെ വർഷങ്ങളായുള്ള കഠിനാധ്വാനത്തെ പ്രശംസിച്ചായിരുന്നു സച്ചിന്റെ കുറിപ്പ്.

'ഇതൊരു മനോഹരമായ ദിവസമായിരുന്നു. ഞങ്ങളുടെ മകൾ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മെഡിസിൻ വിഭാഗത്തിൽ, ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷൻസിൽ, മാസ്റ്റർ ഡിഗ്രി ഡിസ്റ്റിൻക്ഷനോടെ പൂർത്തിയാക്കിയ ദിനം. രക്ഷിതാക്കളെന്ന നിലയിൽ ഇവിടെയെത്താൻ നീ ചെയ്ത എല്ലാ പ്രവർത്തനങ്ങളും കണ്ടതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. എളുപ്പമല്ല ഇത്. ഭാവിയിലേക്കുള്ള നിന്റെ എല്ലാ സ്വപ്നങ്ങളും ഇവിടെയുണ്ട്. നീ അവ യാഥാർഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം'-സച്ചിൻ എക്‌സിൽ കുറിച്ചു.

പിന്നാലെയാണ് സാറ മോഡലിങ് രംഗത്തേക്കും ചുവട് വെച്ചത്. പക്ഷെ ഇവിടെയും അവർക്ക് കാലിടറിയില്ല. ചുരുങ്ങിയ കാലയളവിൽ നിരവധി ആരാധകരുള്ള മോഡലായി പേരെടുക്കാൻ സാറയ്ക്ക് സാധിച്ചു.അവരുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകൾ ഇതിന്റെ തെളിവ് കൂടിയാണ്.

കോടികൾ ആസ്തിയുള്ള സംരംഭക.. ലോകപ്രശസ്ത ഫാഷൻ ബ്രാൻഡിന്റെ അംബാസഡർ

പഠനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സാറ തനിക്ക് ഇഷ്ടമുള്ള മറ്റ് മേഖലകളിലേക്ക് ചുവട് വെക്കുന്നത്.പഠനത്തിന് പിന്നാലെ ഫാഷൻ രംഗത്താണ് സാറ തന്റെ ഭാഗ്യം ആദ്യം പരീക്ഷിച്ചത്. അവിടെ പക്ഷെ സാറയ്ക്ക് നിരാശപെടേണ്ടി വന്നില്ല.
ഏകദേശം 6.6 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ഇന്ന് സാറ.അടുത്തകാലത്തായി ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയാണ് സാറ ആരാധകരെ സൃഷ്ടിക്കുന്നത്. ഫാഷനും മോഡലിങിലും ഊന്നൽ നൽകിക്കൊണ്ട് സാറ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.

സാറ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും വൻ സ്വീകാര്യതയാണുള്ളത്. സാറയുടെ ഇൻസ്റ്റഗ്രാമിൽ 72 ഫോട്ടോകൾ മാത്രമേയുള്ളൂ. എന്നാൽ അവർക്ക് 1.2 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. തുടക്കകാലത്ത് സച്ചിന്റെ മകളെന്ന മേൽവിലാസത്തിൽ ഫോളോവേഴ്സ് വന്നതെങ്കിലും ഇന്ന് അതല്ല സ്ഥിതി. അവരുടെ ഓൺലൈൻ പ്രൊഫൈൽ വലിയ തോതിൽ ആളുകളെ ആകർഷിക്കുന്ന ഒന്നാണെന്നത് വ്യക്തം.അതിലെ ചിത്രങ്ങളും മറ്റും ധാരാളം പേരാണ് ഷെയർ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും.

കഴിഞ്ഞ വർഷം വന്ന റിപ്പോർട്ടുകൾ പ്രകാരം സാറയുടെ വ്യക്തിഗത ആസ്തി ഏതാണ്ട് ഒരു കോടി രൂപയ്ക്ക് മുകളിലാണ്. ഇത് മുഴുവനായും അവരുടെ വരുമാനമാണ് എന്നതാണ് ഇക്കാര്യത്തിലെ പ്രധാന വസ്തുത. അതായത് സ്വന്തം നിലയിൽ ഒരു കോടിശ്വരിയായി സാറ വളർന്നു കഴിഞ്ഞു. സാറ ടെണ്ടുൽക്കർ ഷോപ്പ് എന്ന ഓൺലൈൻ സ്റ്റോറിന്റെ ഉടമയാണ് അവർ. ഇതിലൂടെയാണ് അവരുടെ പ്രധാന വരുമാനം. ഇതിന് പുറമെ അടുത്തിടെ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലാനെജിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി സാറയെ തെരഞ്ഞെടുത്തിരുന്നു. ഫാഷൻ മേഖലയിൽ തന്നെയാണ് സാറ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് മൂന്ന് വർഷത്തോളമായി രാജ്യത്തെ ഫാഷൻ വ്യവസായത്തിൽ സജീവമായ പേരാണ് സാറ ടെണ്ടുൽക്കറിന്റേത്.

25 തവണ വന്ന ഫോൺ കോൾ.. ചേർത്തുവെക്കുന്നത് ഗില്ലിന്റെ പേരിനൊപ്പം.. ബോളിവുഡിനെ വെല്ലുന്ന ഗോസിപ്പ്

സച്ചിന്റെ മകളായതുകൊണ്ടുതന്നെ സാറയെ കുറിച്ചുള്ള ഗോസിപ്പുകളും കുറവല്ല. യുവ ക്രിക്കറ്റ് താരവുമായും യുവ ബോളിവുഡ് നടനുമായും ഒക്കെ സാറ പ്രണയത്തിലാണെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ സച്ചിനെ പോലും കുപിതനാക്കിയിട്ടുണ്ടെന്നതാണ് സത്യം. ഇതിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി ചേർന്നുള്ള റിപ്പോർട്ടുകൾ ആണ് കൂടുതൽ ചർച്ചയായതും.അതിന് വഴിവെച്ചതാകട്ടെ സാക്ഷാൽ ഹർദ്ദിക് പാണ്ഡ്യയും.

2019 മുതലാണ് സാറയും ഗില്ലും തമ്മിലുള്ള ഗോസിപ്പുകൾ കൂടുതൽ സജീവമാകുന്നത്.സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന ശുഭ്മൻ ഗില്ലും തമ്മിൽ പ്രണയമാണെന്ന് നേരത്തെ തന്നെ ഗോസിപ്പുകൾ ഉയർന്നിരുന്നു.
എന്നാൽ ഗില്ലിന്റെ ഫോട്ടോയ്ക്ക് ഹർദ്ദിക് പാണ്ഡ്യയുടെ ഒരു കമന്റാണ് സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചത്.അതോടെ ചർച്ചകൾ സജീവമാകുകയും ചെയ്തു.

തന്റെ പുതിയ വാഹനമായ റേഞ്ചർ റോവറിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഗില്ല് പങ്കുവച്ചിരുന്നു.ഇതിന് താഴെ സുഹൃത്തുക്കളും ആരാധകരും ആശംസകളും കമന്റുകളുമായി എത്തി.ഇക്കൂട്ടത്തിൽ സാറയും കമന്റിട്ടിരുന്നു. ഗില്ല് ഈ അഭിനന്ദകമന്റിന് നന്ദി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹാർദിക് പാണ്ഡ്യ എത്തുന്നത്. സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യയുടെ ട്രോൾ പോസ്റ്റ്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് കൂടുതൽ ശക്തമാവുകയും ചെയ്തു.ഇ ഗോസിപ്പിനെ സാധുകരിക്കുന്ന നിരവധി കാര്യങ്ങൾ പിന്നാലെ വന്നു.

2023 നവംബറിൽ മുംബൈയിലെ ജിയോ വേൾഡ് പ്ലാസയിൽ ശുഭ്മാൻ ഗില്ലിനൊപ്പമുള്ള സാറ ടെണ്ടുൽക്കറുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. പൂണെയിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഗില്ലിന്റെ ബൗണ്ടറിക്ക് കൈയടിക്കുന്ന സാറയുടെ വീഡിയോയും ആരാധകരിൽ അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആരാധകരെക്കൊണ്ടും രക്ഷയില്ലാതായ രസകരമായ സംഭവവും സാറയുടെ ജീവിതത്തിൽ ഉണ്ട്. 2018 ജനുവരിയിൽ സാറ ടെൻഡുൽക്കറെ നിരന്തരം വിളിച്ച് ശല്യം ചെയ്ത ബംഗാളിലെ മിഡ്നാപുർ സ്വദേശിയായ യുവാവ് അറസ്റ്റിലായ സംഭവം വലിയ വാർത്തയായിരുന്നു.തുടർച്ചയായി 25 തവണയാണ് 32കാരൻ സാറയെ അന്വേഷിച്ച് സച്ചിന്റെ വീട്ടിലേക്കും ഓഫീസിലേക്കും വിളിച്ചു ശല്യപ്പെടുത്തിയത്.തനിക്ക് സാറയെ വിവാഹം കഴിച്ചുതരണമെന്നും, ഇല്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇയാളെ പിന്നീട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇടയ്ക്ക് സാറ ടെൻഡുൽക്കർ ബോളിവുഡിൽ അരങ്ങേറുമെന്ന് കരുതിയിരുന്നെങ്കിലും അത്തരം വാർത്തകൾ സച്ചിൻ ടെൻഡുൽക്കർ നിഷേധിച്ചിരുന്നു. ഒരു ക്രിക്കറ്റ് കുടുംബത്തിൽ ജനിച്ചിട്ടും ഗെയിമിനോടുള്ള ഇഷ്ടത്തിനൊപ്പം തന്നെ വ്യക്തിപരമായ താൽപ്പര്യങ്ങളും കൃത്യമായി നടപ്പാക്കാനും വിജയം കാണാനും സാറയ്ക്ക് കഴിഞ്ഞു. ഒരു കായിക ഐക്കണിന്റെ മകൾ എന്ന പേരിൽ മാത്രം അറിയപ്പെടാൻ ആഗ്രഹിക്കാത്ത സാറ അച്ഛന്റെയോ, സഹോദരന്റെയോ പിന്തുണയില്ലാതെ സ്വന്തം വഴികൾ തേടിയാണ് യാത്ര തുടരുന്നത്.ഗൂഗിളിൽ സാറ ടെണ്ടുൾക്കർ എന്ന് സെർച്ച് ചെയ്യുമ്പോൾ സച്ചിന്റെ മകൾ എന്നു മാത്രം ഉണ്ടായിരുന്ന വിശേഷണത്തിൽ നിന്ന് സംരഭക സോഷ്യൽ മീഡിയ പേഴ്സണാലിറ്റി എന്നതിലേക്കുള്ള മാറ്റം തന്നെയാണ് ഇ വഴികൾക്ക് കരുത്ത് നൽകുന്നതും.