- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാറത്ത് പുസ്തകമമർത്തി പിടിച്ച്...ഇടവഴികളിലൂടെ പേടിയോടെ നടന്നിട്ടുണ്ടോ?; ഇതൊന്നും വരാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും?; അതാണ് പെൺകുട്ടികൾ ചോദിക്കുന്നത്; അക്കാര്യത്തിൽ രാഹുലീശ്വറിനൊപ്പമാണെന്ന് പറയുന്നവർ ഇത് കൂടി പറയണം; തുറന്നടിച്ച് ശാരദക്കുട്ടി

തിരുവനന്തപുരം: സമൂഹത്തിൽ വേരൂന്നിയ പുരുഷാധിപത്യ മനോഭാവത്തെയും, രാഹുൽ ഈശ്വറിൻ്റെ നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിക്കുന്നവരെയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. പെണ്ണ് ഒതുങ്ങുന്നതാണ് നല്ലതെന്ന് പറയുന്നവർക്കാണ് ഒടുക്കത്തെ 'വനിതാ രത്നട്രോഫി' ലഭിക്കുകയെന്നും ശാരദക്കുട്ടി തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
ആണുങ്ങളിൽ വിരലിലെണ്ണാവുന്നവരൊഴികെ എല്ലാവരും ഒരു പരിധി വരെ രാഹുൽ ഈശ്വരൻമാരാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശാരദക്കുട്ടി കുറിച്ചു. "ഇക്കാര്യത്തിൽ ഞാൻ രാഹുലീശ്വറിനൊപ്പമാണ്" എന്ന് പറയുന്നവർ എല്ലാ കാര്യത്തിലും അയാൾക്കൊപ്പം തന്നെയാണ്. കാരണം, രാഹുൽ ഈശ്വർ എന്നത് അവർ തന്നെയാണ്. ഇവർക്ക് തർക്കത്തിൽ ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. പ്രത്യേകിച്ചും സ്ത്രീകൾ ഇടപെട്ട വിഷയമാണെങ്കിൽ ഒരു സ്ത്രീയുടെ പക്ഷത്തു നിന്ന് ചിന്തിക്കാൻ അവർക്ക് കഴിയില്ല. തർക്കത്തിൽ തോറ്റാൽ തങ്ങളുടെ ആണത്തത്തിന് ക്ഷതമേൽക്കുമെന്ന് അവർ കരുതുന്നതിനാലാണിതെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
സ്ത്രീകൾ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ഭയങ്ങളും ആശങ്കകളും പുരുഷന്മാർക്ക് മനസ്സിലാക്കാൻ കഴിയില്ലെന്നും എഴുത്തുകാരി വ്യക്തമാക്കി. കുളിക്കാൻ കയറുമ്പോൾ വെൻ്റിലേഷൻ എവിടെ എന്ന് ഭയപ്പാടോടെ ഒരിക്കൽ പോലും നോക്കേണ്ടി വരാത്തവർക്ക് ഇത് എങ്ങനെ മനസ്സിലാകും? മാറത്ത് പുസ്തകമമർത്തി പിടിച്ച് ഇടവഴികളോടിക്കടക്കേണ്ടി വരാത്തവർക്ക് എങ്ങനെ മനസ്സിലാകും? ഉത്സവപ്പറമ്പുകളിലും സിനിമാക്കൊട്ടകളിലും പൊതുവാഹനങ്ങളിലും ഒളിപ്പോരാളികളെ പോലെ കവചവും മിനി ആയുധങ്ങളും കരുതേണ്ടി വന്നിട്ടില്ലാത്തവർക്ക് ഇത് എങ്ങനെ അറിയാം? സ്വന്തം മുൻഭാഗത്തെയും പിൻഭാഗത്തെയും ആഭാസന്മാരിൽ നിന്ന് സംരക്ഷിക്കാൻ ഒരിക്കൽ പോലും ശ്രമിക്കേണ്ടി വന്നിട്ടില്ലാത്തവർക്ക് ഇത് എങ്ങനെ മനസ്സിലാകുമെന്നാണ് പെൺകുട്ടികൾ ചോദിക്കുന്നതെന്നും ശാരദക്കുട്ടി കുറിച്ചു.
ചരിത്രത്തിൽ പലപ്പോഴും നിരപരാധികളായ സ്ത്രീകളാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, അവർ സ്ത്രീകളായിരുന്നത് കൊണ്ട് നിങ്ങൾക്കത് വാർത്തയായില്ല എന്ന് മാത്രമാണെന്നും കുറിപ്പിൽ എഴുത്തുകാരി കൂട്ടിച്ചേർത്തു. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ഈ പുരുഷാധിപത്യപരമായ ചിന്താഗതിക്കെതിരെ ശബ്ദമുയർത്തേണ്ടതിൻ്റെ പ്രാധാന്യമാണ് ശാരദക്കുട്ടി തൻ്റെ വാക്കുകളിലൂടെ അടിവരയിടുന്നത്.


