- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾ താരമാകാൻ മോഹിച്ചു; ജീവനെടുത്ത് ഓട്ടോറിക്ഷ അപകടം; പത്തുപേർക്ക് പുതുജീവൻ നൽകി സാരംഗ് വിടപറഞ്ഞത് പത്താം ക്ലാസ് പരീക്ഷഫലം വരുന്നതിന് തൊട്ടുമുൻപ്; പ്രത്യേകമായി ഫലം പ്രഖ്യാപിച്ച് മന്ത്രി; ഗ്രേസ് മാർക്കില്ലാതെ ഫുൾ എ പ്ലസ്; കണ്ണീരണിഞ്ഞ് കുടുംബവും കൂട്ടുകാരും
തിരുവനന്തപുരം: അവധിക്കാലത്ത് അമ്മയോടൊപ്പമുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷ അപകടത്തിൽ ജീവൻ പൊലിഞ്ഞ ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി ബി.ആർ.സാരംഗിന് പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഫലപ്രഖ്യാപനത്തിന് ശേഷം പ്രത്യേകമായി സാരംഗിന്റെ ഫലം വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി അറിയിക്കുകയായിരുന്നു.
122913 ആയിരുന്നു സാരംഗിന്റെ റജിസ്‌ട്രേഷൻ നമ്പർ. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കെ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സാരംഗിന്റെ മരണം ബുധനാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്. പത്തുപേർക്ക് പുതുജീവൻ നൽകിയാണ് സാരംഗ് വിടപറഞ്ഞത്.
'വലിയ ഫുട്ബോൾ താരമായിരുന്നു സാരംഗ്. ദുഃഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. ആറു പേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു' മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മരണദിവസം മന്ത്രി സാരംഗിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു
കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ സാരംഗ് കഴിഞ്ഞ ആറിന് വൈകിട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്തായിരുന്നു അപകടമുണ്ടായത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ സാരംഗിന്റെ തലയ്ക്ക ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. തുടർന്ന് ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
മകനെ നഷ്ടമായതിന്റെ തീരാവേദനയിലും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയിരുന്നു. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയവ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നത്. കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി സാരംഗിന്റെ ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു.
'ഞങ്ങളുടെ കുഞ്ഞ് ഞങ്ങൾക്കു നഷ്ടമായി. മറ്റുള്ളവർക്ക് അവന്റെ ശരീരം പുതുജീവിതം നൽകുമെങ്കിൽ അതുതന്നെ പുണ്യം. ഞങ്ങളുടെ തീരുമാനത്തിൽ മോനും സന്തോഷിക്കുന്നുണ്ടാകും'- ബിനേഷ്‌കുമാർ പറഞ്ഞു
ചിത്രകലാ അദ്ധ്യാപകനായ ബിനേഷ്‌കുമാറിന്റെയും രജനിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് സാരംഗ്. ഫുട്ബോൾ കളിക്കാരനാവുകയെന്നതായിരുന്നു സാരംഗിന്റെ സ്വപ്നം. രണ്ടാഴ്ച മുൻപ് നിലയ്ക്കാമുക്കിൽ കൂട്ടുകാർ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത സാരംഗ് കളിക്കിടെ വീണ് കാലിനു പൊട്ടലുണ്ടായി. ആശുപത്രിയിൽ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു.
13-ന് രാവിലെ അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോയി പരിശോധന നടത്തി. തുടർന്ന് കല്ലമ്പലത്തിനു സമീപം പാവല്ലയിലുള്ള അമ്മയുടെ കുടുംബവീട്ടിലെത്തി. അവിടെനിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി അണിയണമെന്ന് അവന് വലിയ ആഗ്രഹമുണ്ടായിരുന്നു. മാതാപിതാക്കൾ അറിയിച്ചതിനെത്തുടർന്ന് സംഘാടകർ അവനണിയാനുള്ള ജഴ്‌സി ആശുപത്രിയിലെത്തിച്ചിരുന്നു
പഠിക്കാൻ മിടുക്കനായിരുന്നു സാരംഗെന്ന് അദ്ധ്യാപകർ പറയുന്നു. പഠനത്തിനൊപ്പം ഫുട്ബാളിനെയും പ്രണയിച്ചു. മികച്ച ഒരു ഫുട്ബോൾ കളിക്കാരൻ ആകണമെന്നായിരുന്നു സാരംഗിന്റെ ആഗ്രഹമെന്ന് അദ്ധ്യാപകർ പറയുന്നു. റൊണാൾഡോ ആയിരുന്നു ഇഷ്ടതാരം. പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാരംഗ് ഓർമ തെളിഞ്ഞപ്പോൾ ഫുട്ബോൾ കിറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്ത്യം. ഉന്നത വിജയം കൈവരിച്ചതിന്റെ സന്തോഷം ആഘോഷിക്കാൻ സാരംഗ് ഇല്ലെന്ന ദുഃഖത്തിലാണ് കുടുംബവും നാട്ടുകാരും കൂട്ടുകാരും .
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്കുശേഷം മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിനു വച്ചു. വിദേശത്തുള്ള ബന്ധു വാങ്ങി നൽകിയ ഫുട്ബോൾ ജഴ്‌സി അണിഞ്ഞാണ് സാരംഗിന്റെ ശരീരം സ്‌കൂളിലും വീട്ടിലും എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ