തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ദേശസാത്കൃതപാതയിൽ അനധികൃതമായി ഓടിയ സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുക്കാത്ത ആർ.ടി.ഒ.യ്ക്ക് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നിൽ പ്രതികാരമോ?. കൊല്ലം ആർ.ടി.ഒ. ഡി.മഹേഷിനോടാണ് വിശദീകരണം തേടിയത്. ഓയൂരിൽനിന്ന് കൊച്ചിയിലേക്ക് പ്രതിദിന സർവീസ് നടത്തിയിരുന്ന 'ശരണ്യ'യുടെ സ്വകാര്യബസുകൾക്കെതിരേ കെ.എസ്.ആർ.ടി.സി. നൽകിയ പരാതിയിലാണ് നടപടി. അതിനിടെ ഗതാഗത സെക്രട്ടറിയ്‌ക്കെതിരെ ആരോപണവുമായി ശരണ്യാ ബസ് ഉടമ ശരണ്യാ മനോജ് രംഗത്ത് വരികയാണ്. ആർ ബാലകൃഷ്ണപിള്ളയുടെ സഹോദരി പുത്രനാണ് മനോജ്.

പാർട്ടീ ഫണ്ടായി ആവശ്യപ്പെട്ട 25 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് ഗതാഗത സെക്രട്ടറി പക വീട്ടുന്നു എന്നാണ് മനോജിന്റെ ആരോപണം. പത്താനപുരത്തെ സ്വകാര്യ ബസ് ഉടമയായ ശരണ്യ മനോജ് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.യുടെ ദേശസാത്കൃതപാതയിൽ അനധികൃതമായി ഓടിയ സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുക്കാത്ത കൊല്ലം ആർ.ടി.ഒ.യ്ക്ക് ഗതാഗത സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ശരണ്യ മനോജിന്റെ ആരോപണം.

രണ്ടാഴ്ച മുൻപ് ഗതാഗത സെക്രട്ടറിയെ കണ്ടപ്പോഴാണ് തുക ആവശ്യപ്പെട്ടത്. സ്വകാര്യ ബസ് സർവ്വീസുകൾ നടത്താനായി വലിയ ചെലവുണ്ട്. വലിയ ഓപ്പറേറ്റർമാർ ഇതൊക്കെ ചെയ്യുന്നതാണ്. എന്നാൽ ഇത് നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ പ്രതികാര നടപടിയെന്നോണം വ്യാജ പരാതിയിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിപ്പിക്കുകയാണെന്നും മനോജ് മറുനാടനോട് പറഞ്ഞു. 2016 മുതൽ അഞ്ചലിൽ നിന്നും അമൃതാ ആശുപത്രിയിലേക്ക് രണ്ട് ബസുകളാണ് പോകുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് സർവ്വീസ് നടത്തുന്നത്. നിയമത്തിനകത്ത് നിന്നാണ് എല്ലാ സർവ്വീസുകളും നടത്തുന്നത്. ഗതാഗത സെക്രട്ടറി ആവശ്യമില്ലാതെ പീഡിപ്പിക്കുകയാണെന്നും മനോജ് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കാസർകോട്ടേക്കും സർവ്വീസുകൾ പലരും നടത്തുന്നു. ഇതിലൊന്നും ആരും നടപടി എടുക്കുന്നില്ല. തന്റെ ബസിനെ മാത്രമാണ് നോട്ടമിടുന്നത്. ഇതിന് കാരണം പണം നൽകാത്തതിന്റെ പ്രതികാരമാണെന്ന് മനോജ് മറുനാടനോട് പറഞ്ഞു. കൊല്ലം ആർ.ടി.ഒ. ഡി.മഹേഷിനോടാണ് ഗതാഗത സെക്രട്ടറി വിശദീകരണം തേടിയത്. ഓയൂരിൽനിന്ന് കൊച്ചിയിലേക്ക് പ്രതിദിന സർവീസ് നടത്തിയിരുന്ന 'ശരണ്യ'യുടെ സ്വകാര്യബസുകൾക്കെതിരേ കെ.എസ്.ആർ.ടി.സി. നൽകിയ പരാതിയിലാണ് നടപടി.

പെർമിറ്റ് ബസുകളെപ്പോലെ റൂട്ടും സമയവും സ്വയം പ്രഖ്യാപിച്ചാണ് ബസുകൾ ഓടുന്നത്. വഴിയിൽനിന്നു യാത്രക്കാരെ വിളിച്ചുകയറ്റുകയും യാത്രക്കാരിൽനിന്നു പ്രത്യേക നിരക്കീടാക്കുകയും ചെയ്യുന്നുണ്ട്. ഓൺലൈനിലും ടിക്കറ്റ് വിറ്റു. ഇതിനെതിരേ കെ.എസ്.ആർ.ടി.സി. നൽകിയ പരാതി അന്വേഷിക്കാനാണ് കൊല്ലം ആർ.ടി.ഒ.യെ ചുമതലപ്പെടുത്തിയത്. എന്നാൽ അനുകൂല റിപ്പോർട്ടാണ് ആർ.ടി.ഒ. നൽകിയത്. ഓൺലൈനിലാണ് ബുക്കിങ് സ്വീകരിക്കുന്നതെന്നും അതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു മറുപടി.

കെ.എസ്.ആർ.ടി.സി. നൽകിയ തെളിവുകൾ പരിശോധിക്കാതെയും വേണ്ടത്ര അന്വേഷണം നടത്താതെയുമാണ് ആർ.ടി.ഒ. റിപ്പോർട്ട് നൽകിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ബസുകളിൽ റൂട്ട് ബോർഡ് പ്രദർശിപ്പിച്ചതും വഴിയിൽനിന്നു യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തതും കളർ കോഡ് പാലിക്കാത്തതും ആർ.ടി.ഒ. റിപ്പോർട്ട് ചെയ്തില്ല. കോൺട്രാക്ട് ക്യാരേജ്(ടൂറിസ്റ്റ്) വാഹനങ്ങൾക്ക് ഓൺലൈൻ ബുക്കിങ് സ്വീകരിച്ച് ഓടാൻ അനുമതിയില്ല. ഈ ക്രമക്കേടുകളൊന്നും ആർ.ടി.ഒ.യുടെ പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഗുരുതരമായ വീഴ്ചയാണ് ആർ.ടി.ഒ.യുടെ ഭാഗത്തുനിന്നുണ്ടായത്. കർശന നടപടി ഉണ്ടാകുമെന്നറിയുന്നു.

കുത്തക പാതകളിലെ അനധികൃത ബസ് സർവീസുകൾക്കെതിരേ ഏറെക്കാലമായി കെ.എസ്.ആർ.ടി.സി. പരാതിപ്പെടുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളടക്കം വിപുലമായ പരിശോധനാസംവിധാനങ്ങൾ മോട്ടോർവാഹന വകുപ്പിനുണ്ടെങ്കിലും നടപടിയെടുക്കാറില്ലെന്ന പരാതി ശക്തമാണ്. ഇതിനിടെയാണ് ഗതാഗത സെക്രട്ടറി നേരിട്ടിടപെട്ടത്.