തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിക്കും (48), മയ്യനാട് സ്വദേശിക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.

വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് ദാനം നൽകിയത്. രാത്രിയിൽ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി 2 ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. പൂർണ ഗർഭിണിയായിട്ടും തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന ഭാര്യ അർച്ചനയെ മന്ത്രി നന്ദിയറിയിച്ചു.

കഴിഞ്ഞ ഏഴാം തീയതിയാണ് തമിഴ്‌നാട് കോവിൽപ്പെട്ടിയിൽ വച്ച് വാഹനാപകടത്തിലൂടെ ശരത്കൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. അവിടത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നൽകി. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്ന് അവയവദാനത്തിന് ഭാര്യ തയ്യാറാകുകയായിരുന്നു. രണ്ട് വൃക്കകകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്. അനുയോജ്യരായ മറ്റ് രോഗികൾ കേരളത്തിലും തമിഴ്‌നാട്ടിലുമില്ലാത്തതിനാൽ മറ്റവയവങ്ങൾ എടുക്കാനായില്ല. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.

എബി പോസിറ്റീവ് രക്ത ഗ്രൂപ്പിൽപ്പെട്ട രോഗികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളതാണ് രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജിന് ലഭിച്ചത്. രണ്ട് സങ്കീർണ ശസ്ത്രക്രിയകൾ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങൾ വളരെപ്പെട്ടന്ന് മെഡിക്കൽ കോളേജിൽ നടത്തിയാണ് ഇത് യാഥാർത്ഥ്യമാക്കിയത്.

ഡോക്ടർമാർ, നഴ്സുമാർ, മറ്റുള്ളവർ തുടങ്ങി 50 ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകൾ. ഇന്ന് അതിരാവിലെ 4 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയകൾ രാവിലെ 9 മണിക്കാണ് പൂർത്തിയാക്കിയത്.