- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം വിളിച്ചത് ചായ കുടിക്കാന്‍ ഷിരൂരില്‍ വണ്ടി നിര്‍ത്തിയപ്പോള്‍; അര്‍ജ്ജുനെ തേടുമ്പോള്‍ മകനെയും ലഭിക്കുമെന്ന് പ്രത്യാശ; ശരവണനെ കാത്ത് കുടുംബം
ഷിരൂര്‍: അര്‍ജ്ജുനെ തേടിയുള്ള രക്ഷാപ്രവര്‍ത്തനം അര്‍ജ്ജുന്റെ കുടുംബത്തിന് മാത്രമല്ല ആശ്വാസമാകുന്നത്.ഇന്ന് മറ്റനവധി കുടുംബങ്ങളുടെ പ്രത്യാശയാണ് ഈ റെസ്ക്യു മിഷന്.കന്നഡ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടിലൂടെ ഈ പ്രത്യാശകള്‍ ആ ജനത പങ്കുവെക്കുന്നുമുണ്ട്.അത്തരത്തില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി ഒരു വിവരവുമില്ലാത്ത മകനെത്തേടി ഷിരൂരില്‍ എത്തിയിരിക്കുകയാണ് തമിഴ്നാട് സ്വദേശികളായ മോഹനയമ്മയും കുടുംബവും.അര്‍ജ്ജുനെ തേടിയുളള രക്ഷാപ്രവര്‍ത്തനത്തില്‍ തങ്ങളുടെ മകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ഷിരൂരിലെത്തിയത്.
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിലാണ് അര്‍ജുനെപ്പോലെ തന്നെ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നുള്ള ശരവണന് എന്ന ട്രക്ക് ഡ്രൈവറെയും കാണാതായതെന്നാണ് കുടുംബം പറയുന്നത്.ഷിരൂര്‍ കുന്നിറങ്ങിയ മണ്ണും മലവെള്ളപ്പാച്ചിലും നാമക്കല്‍ സ്വദേശിയായ ശരവണനേയും കാണാമറയത്താക്കി.ധര്‍വാഡിലേക്ക് ലോറിയുമായി പോവുകയായിരുന്ന ശരവണന് മണ്ണിടിച്ചിലിന് തൊട്ടുമുന്‍പാണ് ഷിരൂരില്‍ എത്തിയത്.ട്രക്ക് നിര്‍ത്തിയിട്ടശേഷം ഭാര്യയെ ഫോണില്‍ വിളിച്ചു.ഷിരൂരില്‍ താന്‍ ചായ കുടിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന വിവരം പങ്കുവെക്കുകയും ചെയ്തിരുന്നു.
പിന്നീട് ശരവണനെ ബന്ധപ്പെടാന്‍ കുടുംബം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.പിന്നീട് ഒരു മണിക്കൂറിന് ശേഷം വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു.ശരവണനന്‍ വിളിച്ചുവെന്ന് പറയപ്പെടുന്ന സമയത്തിന് തൊട്ട് പിന്നാലെയാണ് അപകടമുണ്ടായത്.പിന്നീടാണ് മലയിടിഞ്ഞ വിവരങ്ങള്‍ ടി.വി.യിലൂടെയും മറ്റും അറിയുന്നത്.തൊട്ടുപിന്നാലെ അമ്മയും കുടുംബവും അന്ന് തന്നെ ഷിരൂരിലേക്ക് തിരിച്ചു.ശരവണന്റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ഏഴ് ദിവസമായി ഷിരൂരിലുണ്ട്.എല്ലാവരോടും ശരവണനെ പറ്റി അന്വേഷിക്കുന്നുണ്ട്.അര്‍ജുനെ പോലെ ശരവണനെ പറ്റി ഒരു വിവരവും ഇനിയും ലഭിച്ചിട്ടില്ല.
അര്‍ജുനൊപ്പം ശരവണനേയും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഷിരൂരില്‍ നില്‍ക്കുന്നത്.ശരവണനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്നും ശരവണന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.അതേസമയം അപകടത്തില്‍ പെട്ട തമിഴ്നാട് സ്വദേശികളായ രണ്ട് ഡ്രൈവര്‍മാരുടെ മൃതദേഹങ്ങള്‍ ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.അപകട സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
അങ്കോലയില്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ഗംഗാവാലി പുഴയില്‍ വീണ പാചകവാതകം നിറച്ച ടാങ്കര്‍ ലോറി ഏഴ് കിലോമീറ്റര്‍ അകലെ സഗഡ്ഗേരി ഗ്രാമത്തില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ എം. മുരുഗന്(45), കെ.സി. ചിന്ന(55) എന്നീ ഡ്രൈവര്‍മാരുടെ മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് 40 കിലോമീറ്ററോളം അകലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ഗോകര്‍ണ മേഖലയില്‍ നിന്ന് ഗംഗാവാലി നദിയില്‍ നിന്ന് കണ്ടെടുത്തു.
ലോറിയില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു ടാങ്കര്‍. ഇതിലെ ഡ്രൈവര്‍മാര്‍ നീന്തി രക്ഷപ്പെട്ടു എന്നായിരുന്നു സംഭവ ദിവസം പൊലീസും അധികൃതര്‍ നിഗമനത്തില്‍ എത്തിയത്. എന്നാല്‍, പിന്നീടാണ് മൃതദേഹം ലഭിച്ചത്.പാചകവാതക ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനാല്‍ സഗഡ്ഗേരി ഗ്രാമവാസികളെ ഒഴിപ്പിച്ചാണ് വാതകം ഒഴിവാക്കിയത്. കാലിയായ ടാങ്കര്‍ കരയില്‍ കയറ്റിവെച്ചതോടെ ഗ്രാമവാസികള്‍ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിത്തുടങ്ങി.