- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസിസി അധ്യക്ഷ പദവിയിൽ പോയപ്പോൾ കെപിസിസിയിൽ കാര്യമായ പദവികൾ ഇല്ലാതായി; വീടു വിറ്റ് ഡിസിസി ഓഫീസ് പണിത നേതാവിന് രാജ്യസഭാ സീറ്റും നൽകിയില്ല; തെരഞ്ഞെടുപ്പുകൾ നൽകിയ സാമ്പത്തിക ബാധ്യതകൾ വലച്ചപ്പോൾ ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനുമായി പാച്ചേനി; രാഷ്ടീയം ചാകരയാക്കുന്ന നേതാക്കൾക്കിടയിൽ സതീശൻ പാച്ചേനിക്ക് സംഭവിച്ചത്
കണ്ണൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ സംശുദ്ധ ജീവിതം നയിച്ചവരുടെ കൂട്ടത്തിലായിരുന്നു സതീശൻ പാച്ചേനി. മത്സരിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടും വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയ നേതാവ്. അതേസമയം പാർട്ടിക്ക് വേണ്ടി സ്വന്തം വീട് പോലും വിറ്റ വ്യക്തിത്വം കൂടിയായിരുന്നു പാച്ചേനിയുടെത്. അതേസമയം ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോയത്. പാർട്ടിയിൽ കാര്യമായ സ്ഥാനങ്ങളും പാച്ചേനിക്ക് ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പുകളും സംഘടനാ പ്രവർത്തനങ്ങളും നൽകിയ സാമ്പത്തിക ബുദ്ധിമുട്ടുകളും പാച്ചേനിയെ വലച്ചിരുന്നു. നേരത്തെ രാജ്യസഭാ സീറ്റിലേക്കും പാച്ചേനിയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും ആ സീറ്റ് ജെബി മേത്തർക്ക് നൽകുകയാണ് പാർട്ടി ചെയ്തത്.
പാച്ചേനി അന്തരിച്ചപ്പോൾ മൃതശരീരം ആദ്യം എത്തിച്ചത് തറവാട് വീട്ടിലും പിന്നീട് സഹോദരന്റെ വീട്ടിലും ആയിരുന്നുവെങ്കിലും സ്വന്തമായി വീടില്ലാത്തതിനാൽ രാത്രി തന്നെ മൃതശരീരം ഡിസിസി ഓഫീസിൽ കൊണ്ടുവന്നു. സതീശൻ പാച്ചേനിക്ക് ഡിസിസി ഓഫീസ് വീട് പോലെയായിരുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റവും അഴിമതി രഹിത ജീവിതവും ആയിരുന്നു അദ്ദേഹത്തിന് അതിനാൽ തന്നെ ഇന്നലെ അദ്ദേഹത്തിന് അവസാനമായി കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ ആയിരുന്നു. ബാങ്കിലും മറ്റു ബാധ്യതകളും ഒക്കെയായി സതീശൻ പാച്ചേനിക്ക് പത്തുലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
തന്റെ അവസാന കാലഘട്ടത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു സതീശൻ പാച്ചേനി അനുഭവിച്ചുകൊണ്ടിരുന്നത്. സാമ്പത്തിക ഞെരുക്കം തീർക്കാനായി അവസാന കാലഘട്ടത്തിൽ അദ്ദേഹം ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലിയും ചെയ്തിരുന്നു. മെറ്റ് ലൈഫ് ഇൻഷുറൻസ് എന്ന കമ്പനിയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്റർവ്യൂ നടക്കുന്നുണ്ട് എന്നറിഞ്ഞ സതീശൻ പാച്ചേനി തന്റെ വിദ്യാഭ്യാസ രേഖകളും മറ്റുമെടുത്ത് ഇന്റർവ്യൂവിന് ചെന്നിരുന്നു. ഇന്റർവ്യൂ അറ്റൻഡ് ചെയ്ത അദ്ദേഹത്തിന് ജോലിയും കിട്ടി.
കഴിഞ്ഞ ജൂലൈ മാസം മുതൽ അദ്ദേഹം മെറ്റ് ലൈഫ് ഇൻഷുറൻസ് എന്ന കമ്പനിയിൽ ഇൻഷൂറൻസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾക്ക് പോലും ഇദ്ദേഹം ഇവിടെ ജോലി ചെയ്യുന്ന കാര്യം അറിയുന്നുണ്ടായിരുന്നില്ല. പുതിയ ആളുകളെ ജോലിയിലേക്ക് ചേർക്കുകയും, ആളുകളുടെ ഇൻഷുറൻസിന്റെ കാര്യങ്ങൾ നിയന്ത്രിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ അധീനതയിൽ വന്നിരുന്ന ജോലി. സാമൂഹിക പ്രവർത്തകനായിരുന്നതിനാൽ തന്നെ ആളുകളോട് സംസാരിച്ച് ഇൻഷുറൻസിൽ ചേർക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. തങ്ങളെ ഇൻഷുറൻസിൽ ചേർക്കാൻ വരുന്നത് സതീശൻ പാച്ചേനി ആയിരുന്നതിനാൽ തന്നെ ചെറുനാളുകളും രണ്ടാമതൊന്ന് ആലോചിച്ചിരുന്നില്ല. അപ്പോഴും താൻ ജോലി ചെയ്യുന്ന കാര്യം മറ്റുള്ള ആളുകൾ അറിയാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
സംഘടന പ്രവർത്തനത്തിനിടെയുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് പലപ്പോഴും സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങിയും സ്വർണം പണയം വച്ചുമൊക്കെയാണ് പാച്ചേനി പണം കണ്ടെത്തിയിരുന്നത്. ബാങ്ക് ലോൺ ഉൾപെടെ പത്ത് ലക്ഷത്തിലധികം രൂപ പാച്ചേനിക്ക് ബാധ്യത ഉണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. സതീശന്റെ ആദർശ ജീവിതം ഇന്ന് ഏറെ മഹത്വത്തോടെ വാഴ്‌ത്തിപ്പാടുന്ന സഹപ്രവർത്തകരിൽ പലർക്കും അവസാന കാലത്ത് ഇൻഷുറൻസ് കംപനിയിൽ ജോലി ചെയ്താണ് പാച്ചേനി ജീവിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നു.
പാർട്ടി ഓഫീസിനായി വീടുവിറ്റ പണം പോലും ചെലവഴിച്ച സതീശന്റെ കടങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീട് വച്ചുനൽകുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1:45 ഓടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ പയ്യാമ്പലത്ത് നടന്നത്. രാഷ്ട്രീയം കോടികൾ സമ്പാദിക്കാനുള്ള വഴിയായി പല നേതാക്കളും മാറ്റുമ്പോഴാണ് പാച്ചേനിയുടെ കഥ വ്യത്യസ്ഥമാകുന്നതും.
മറുനാടന് മലയാളി ബ്യൂറോ