- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനറല്‍ കോച്ച് കൂട്ടാന്‍ സ്ലീപ്പര്‍ കോച്ച് കുറയ്ക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ; തിരിച്ചടിയാകുക കേരളത്തിലേക്കുള്ള യാത്രയ്ക്ക്; ആദ്യഘട്ടത്തില്‍ നടപ്പാക്കുക 15 വണ്ടികളില്‍
15 തീവണ്ടികളിലാണ് ആദ്യം സ്ലീപ്പര്‍ കുറച്ച് ജനറല്‍ കോച്ചുകള്‍ കൂട്ടുന്നത്
ചെന്നൈ: ഉത്സവസീസണികളിള്‍ ഉള്‍പ്പടെ കേരളത്തിലേക്കുള്ള യാത്ര ദുരിതപൂര്‍ണ്ണമാകുന്നതിനിടെ മറ്റുസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി ദക്ഷിണ റെയില്‍വേയുടെ പുതിയ തീരുമാനം.ജനറല്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായി സ്ലീപ്പര്‍ കോച്ച് കുറയ്ക്കാനാണ് തീരുമാനം.15 തീവണ്ടികളിലാണ് ആദ്യം സ്ലീപ്പര്‍ കുറച്ച് ജനറല്‍ കോച്ചുകള്‍ കൂട്ടുന്നത്.2025 ജനുവരി മുതലാണ് മാറ്റം നിലവില്‍ വരിക.
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695/12696), ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് (22639/22640), തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ്(16343/16344), കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ്(16349/16350), എറണാകുളം- വേളാങ്കണ്ണി(16361/16362)എക്സ്പ്രസ്, പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ്(16855/16856), പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍എക്സ്പ്രസ് (16857/16858), ചെന്നൈ സെന്‍ട്രല്‍-പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് (22651/22652) ഉള്‍പ്പെടെയുള്ള 15 തീവണ്ടികളിലാണ് പരിഷ്‌കാരം
ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ രണ്ടുവീതം സ്ലീപ്പര്‍ കോച്ചുകള്‍ കുറയ്ക്കുമ്പോള്‍ ഒരു ജനറല്‍ കോച്ച് മാത്രമേ കൂട്ടുന്നുള്ളൂ. മറ്റ് തീവണ്ടികളില്‍ ഒരോ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച് ഒരു ജനറല്‍ കോച്ചാണ് കൂട്ടുന്നത്.കോച്ചുകള്‍ കുറയ്ക്കുന്നതിന് റെയില്‍വേ കൃത്യമായി മറുപടി നല്‍കുന്നില്ല.ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക കേരളത്തിലേക്കുള്ള യാത്രയെയാണ്.
സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച നടപടി കേരളത്തിലേക്കുള്ള യാത്രയെ പ്രതികൂലമായി ബാധിക്കും.ഈ വര്‍ഷം ജൂലായ് മാസത്തില്‍ 10,000 ജനറല്‍ കോച്ചുകള്‍ പുതുതായി നിര്‍മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്ലീപ്പര്‍ കോച്ചുകള്‍ കുറയ്ക്കുന്നകാര്യം
വ്യക്തമാക്കിയിരുന്നില്ല.
അതേസമയം ഇക്കുറി ഓണത്തിന് തിരക്ക് കുറയ്ക്കാന്‍ റെയില്‍വെ പ്രത്യേക ട്രെയ്നുകള്‍ അനുവദിച്ചിരുന്നു.മംഗളൂരു- കൊല്ലം റൂട്ടില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ച റെയില്‍വെ, യെലഹങ്ക- എറണാകുളം റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ എസി തീവണ്ടിയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചു.തിരക്ക് നിയന്ത്രിക്കാന്‍ കണ്ണൂര്‍, കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസുകളില്‍ സെപ്റ്റംബര്‍ ഒന്‍പത് വരെ അധിക ചെയര്‍കാര്‍ കോച്ചും അനുവദിച്ചു.
ബെംഗളൂരു സ്പെഷ്യല്‍ ട്രെയ്നാണ് ഒന്ന്.എറണാകുളത്ത് നിന്ന് സെപ്റ്റംബര്‍ 8, 11, 13, 15,18 തീയതികളിലും യെലഹങ്കയില്‍ നിന്ന് 9, 12, 14, 16 19 തീയികളിലുമാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. എസി 3 ടെയര്‍, എസി ചെയര്‍ കാര്‍ കോച്ചുകളുള്ള ഗരീബ്രഥ് എക്സ്പാണ് സര്‍വീസിന് ഉപയോഗിക്കുക. ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന വണ്ടി രാത്രി 11 മണിക്ക് യെലഹന്‍ങ്കയിലെത്തും. പുലര്‍ച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുക.
എറണാകുളത്ത് നിന്നാരംഭിക്കുന്ന സര്‍വീസിന് തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ബംഗളൂരു മലയാളികള്‍ക്ക് ഉത്രാടദിവസം വീട്ടിലെത്താന്‍ ഈ വണ്ടി ഉപയോഗിക്കാം. സെപ്റ്റംബര്‍ 12 ന് എറണാകുളത്തേക്കുള്ള സര്‍വീസില്‍ എസി ചെയര്‍കാറില്‍ 130 സീറ്റുകളും എസി ത്രീ ടെയറില്‍ 454 സീറ്റുകളും ഒഴിവുണ്ട്. എസി ചെയര്‍കാറിന് 775 രൂപയും ത്രീടെയറിന് 995 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മംഗളൂരു- കൊല്ലം റൂട്ടില്‍ ഓണത്തിരക്ക് കുറയ്ക്കാന്‍ പ്രത്യേക തീവണ്ടി അനുവദിച്ചിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് (06047) ഒന്‍പത്, 16 23 തീയതികളിലും കൊല്ലത്ത് നിന്ന് (06048) 10, 17, 24 തീയതികളിലുമാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. മംഗളൂരുവില്‍ നിന്ന് രാത്രി 11 മണിക്ക് പുറപ്പെട്ട് രാവിലെ 10 മണിക്ക് കൊല്ലത്ത് എത്തും. തിരികെ വൈകീട്ട് 6.55 ന് പുറപ്പെട്ട് രാവിലെ 7.30 ന് മംഗളൂരുവിലെത്തുന്ന തരത്തിലാണ് സര്‍വീസ്.
കോട്ടയം വഴിയുള്ള സെപ്ഷ്യല്‍ ട്രെയിനിന് കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.